ഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു.
നിയമസഭ ചര്‍ച്ച ചെയ്ത് പാസാക്കിയ എട്ട് ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ വൈകുന്നത്. ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ബില്‍, സര്‍വലാശാലാ ചാൻസലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ തുടങ്ങിയവയിലാണ് ഇനിയും തീരുമാനമാകാനുള്ളത്.
ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവെക്കാൻ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോയെന്നതില്‍ സര്‍ക്കാര്‍ വിദഗ്ധോപദേശം തേടിയിരുന്നു. അഭിഭാഷകൻ ഫാലി എസ്. നരിമാനോടാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും സമാനമായ പ്രശ്നം നേരിടുന്നുണ്ട്. ഇതില്‍ തെലങ്കാന സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ സമീപിക്കുകയും തുടര്‍ന്ന് ഗവര്‍ണര്‍ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.
ബില്ലില്‍ ഒപ്പിടാതെ വൈകിപ്പിക്കുന്നതില്‍ ബംഗാള്‍ ഗവര്‍ണറുടെ നടപടിയില്‍ സുപ്രീം കോടതി അതൃപ്തി അറിയിച്ചിരുന്നു. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടുന്നതിന് ഭരണഘടനയില്‍ നിശ്ചിത സമയക്രമം പറയുന്നില്ലെങ്കിലും തീരുമാനം അനിശ്ചിതകാലത്തേക്ക് നീട്ടിക്കൊണ്ടുപോകണമെന്ന് അര്‍ത്ഥമില്ലെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.
ഗവര്‍ണര്‍ ഒപ്പിടാത്ത എട്ട് ബില്ലുകളില്‍ അഞ്ചെണ്ണം സര്‍വകലാശാല ഭേദഗതി ബില്ലുകളാണ്. മൂന്ന് സര്‍വകലാശാല ബില്‍ 23 മാസമായിട്ടും ഒപ്പിട്ടില്ല. സഹകരണ ബില്‍ പാസാക്കിയത് 14 മാസം മുൻപാണ്. ലോകായുക്ത ബില്‍ ഒരു വര്‍ഷമായിട്ടും ഒപ്പിട്ടില്ല. പൊതുജനാരോഗ്യ ബില്‍ അഞ്ച് മാസമായിട്ടും ഒപ്പിട്ടിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.