അദ്വൈതത്തിൻറെ ലൊക്കേഷനിലെ ചില സംഭവങ്ങള്‍ നീറുന്ന ഓര്‍മയാണെന്ന് മോഹൻലാല്‍. എത്ര നിയന്ത്രിച്ചാലും നമ്മള് അറിയാതെ കണ്ണുകള്‍ നിറഞ്ഞുപോകുന്ന അവസ്ഥ ജീവിതത്തിലുണ്ടാകും.
അത്തരം ഒരനുഭവമാണ് ലൊക്കേഷനില്‍ എനിക്കുണ്ടായത്. സിനിമയില്‍ എത്രയോ മരണങ്ങളാടിയ എനിക്കുമുന്നില്‍ ഒരു യഥാര്‍ഥമരണം സംഭവിക്കുകയായിരുന്നു അന്ന്. ആലുംമൂടൻ ചേട്ടൻറെ വിയോഗത്തിലൂടെ മരണത്തെ ഞാൻ മുഖാമുഖം കാണുകയായിരുന്നു.അദ്വൈതം എന്ന സിനിമയില്‍ ഞാനവതരിപ്പിച്ച സന്യാസിയുടെ കാല്ക്കല് വീണ് സ്വാമീ... എന്നെ രക്ഷിക്കണം എന്ന ഡയലോഗ് ആലുംമൂടൻ ചേട്ടൻ പറയേണ്ട രംഗം ചിത്രീകരിക്കുമ്പോഴാണ് അദ്ദേഹം മരിക്കുന്നത്. പലപ്പോഴും റിഹേഴ്സലില്‍ ആലുംമൂടൻ
ചേട്ടൻ അസ്വസ്ഥനായിരുന്നു. കുറച്ചുകാലം സിനിമയില്‍നിന്നും വിട്ടുനിന്ന്, വീണ്ടും അഭിനയിക്കാനെത്തിയപ്പോള്‍ ശരിയാകുന്നില്ല എന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ടേക്ക് എടുക്കുമ്പോള്‍ അദ്ദേഹം വല്ലാതെ വിയര്‍ത്തിരുന്നു.
സ്വാമീ എന്നെ രക്ഷിക്കണം... എന്ന ഡയലോഗിനൊടുവില്‍ ഞാൻ കേള്‍ക്കുന്നത് അമ്മേ... എന്ന വിളിയാണ്. എന്താണ് സംഭവിച്ചതെന്നറിയാതെ ഞങ്ങളെല്ലാം പരിഭ്രമിച്ചു. ഉടനെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും എല്ലാം കഴിഞ്ഞിരുന്നു. ഒന്നോ രണ്ടോ മിനിട്ട് ഞാൻ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞുപോയി.
എൻറെ ആദ്യ സിനിമ മുതല്‍ ഒട്ടേറെ ചിത്രങ്ങളില്‍ ആലുംമൂടൻ ചേട്ടനൊപ്പം വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. ആദ്യ പരിചയപ്പെടലില്‍ തന്നെ സ്നേഹത്തിന്റെയും സൗഹൃദത്തിൻറെയും വാതില്‍ അദ്ദേഹം എനിക്കു മുന്നില്‍ തുറന്നിട്ടു. എന്തും തുറന്നുപറയാവുന്ന ഒരു സുഹൃത്തിനെപ്പോലെ, കാരണവരെപ്പോലെയായിരുന്നു ആലുംമൂടൻ ചേട്ടൻ.
അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നതുതന്നെ വളരെ രസകരമായ ഒരനുഭവമായിരുന്നു. ഏതു വേഷമായാലും അതിനു കൃത്യമായ ഒരു 'ആലുംമൂടൻ ടച്ച്' അദ്ദേഹം നല്കി- മോഹൻലാല്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.