ഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയെ രക്ഷപ്പെടുത്താനുള്ള ഏകമാര്‍ഗം "ദയാ ധനം" മാത്രമെന്ന് അഭിഭാഷകന്.
യെമനില്‍ നിലവിലുള്ള ശരിഅത്ത് നിയമപ്രകാരം ഇരയുടെ കുടുംബവുമായി നേരിട്ടുള്ള ചര്‍ച്ച മാത്രമാണ് ഇനി മുന്നിലുള്ളതെന്ന് നിമിഷ പ്രിയയുടെ അമ്മയുടെ അഭിഭാഷകന് സുഭാഷ് ചന്ദ്രന് പറഞ്ഞു.
എന്നാല്‍, അത് അത്ര ലളിതമല്ല. 2016 മുതല്‍ ഇന്ത്യയില്‍നിന്ന് യെമനിലേക്ക് യാത്രാ നിരോധനമുണ്ട്. ഇന്ത്യന്‍ പൗരന്മാര്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ യെമന്‍ സന്ദര്‍ശിക്കാന്‍ കഴിയില്ല. ദയാ ധനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇരയുടെ കുടുംബവുമായി നേരിട്ടു ബന്ധപ്പെടാന്‍ തങ്ങള്‍ക്കു കഴിയില്ലെന്നും അഭിഭാഷകന് പറഞ്ഞു.
കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം നിമിഷപ്രിയയുടെ മോചനത്തിനായി തീരുമാനിക്കേണ്ട നഷ്ടപരിഹാരമാണ് ദയാ ധനം(ബ്ലഡ് മണി).
പണം നല്കാന് തങ്ങള്‍ തയാറാണെന്നും എന്നാല്‍ യെമനിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാരാണ് ഇടപെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോടും വിദേശകാര്യ മന്ത്രാലയത്തോടും അഭ്യര്‍ഥിക്കുന്നതായും അഭിഭാഷകന് പറഞ്ഞു.
2017-ല്‍ യെമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണ്. നിമിഷപ്രിയയുടെ ഹര്‍ജി നേരത്തേ യെമന്‍ കോടതി തള്ളിയിരുന്നു.
യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്കിയാല് പ്രതിക്കു ശിക്ഷയിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്കു തയാറാണെന്നും ഏകദേശം 1.5 കോടി രൂപ ദയാ ധനം നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.
ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി നിമിഷപ്രിയയുടെ അമ്മയെ യെമനിലേക്കു പോകാന്‍ അനുവദിക്കണമെന്ന് നേരത്തേ ഡല്‍ഹി ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.
യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു അഭിഭാഷകന് ഇക്കാര്യം അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.