തലശ്ശേരി: അലര്‍ജിക്ക് സമാനമായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് 20 ഓളം വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. തലശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ക്കാണ് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ജനറല്‍ ആശുപത്രിയില്‍ ഏറെ സമയം കുട്ടികളെ നിരീക്ഷണത്തിലാക്കിയെങ്കിലും രോഗ കാരണം കണ്ടെത്താനായില്ല. ചില കുട്ടികള്‍ക്ക് ശ്വാസതടസ്സം ഉള്‍പ്പെടെ അനുഭവപ്പെട്ടിട്ടുണ്ട്.
ഇവരില്‍ നിന്നും രക്തസാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയച്ചതായി തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ആര്.എം.ഒ ഡോ. ജിതിൻ പറഞ്ഞു. കുട്ടികള്‍ക്ക് തൊലിപ്പുറത്ത് തടിപ്പും ചൊറിച്ചിലുമാണ് ആദ്യം അനുഭവപ്പെട്ടു തുടങ്ങിയത്.
സ്കൂള്‍ അധികൃതര്‍ പെട്ടെന്ന് തന്നെ ഇവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനക്കെത്തിച്ച വിദ്യാര്‍ഥിനികളില്‍ ചിലര്‍ അസ്വാസ്ഥ്യം കാരണം കരയുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം നിരീക്ഷണത്തില്‍ കിടത്തുകയായിരുന്നു.
വൈകീട്ട് രക്ഷിതാക്കളെത്തി കുട്ടികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ശ്വാസതടസ്സം നേരിട്ട അഞ്ച് കുട്ടികള്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിയില്‍ മൂന്ന് പേരും മഞ്ഞോടി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയില്‍ നാല് പേരും ജനറല്‍ ആശുപത്രിയില്‍ രണ്ട് പേരും ചികിത്സയിലാണ്.
രണ്ട് ദിവസം മുമ്പും ഇതേ സ്കൂളില്‍ നിന്ന് രണ്ട് കുട്ടികള്‍ സമാന അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിയിരുന്നു. ഇവര്‍ക്ക് പിന്നീട് വലിയ പ്രയാസങ്ങളുണ്ടായിരുന്നില്ല.
ആരോഗ്യ വിഭാഗം അധികൃതര്‍ സ്കൂളിലെത്തി പരിശോധന നടത്തി. രക്തപരിശോധന ഫലം വന്നാല്‍ മാത്രമേ രോഗ കാരണം സ്ഥിരീകരിക്കാനാവുകയുള്ളൂ. തലശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂളില്‍ വെള്ളിയാഴ്ച ശുചീകരണവും ഫോഗിങ്ങും നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.