ബംഗളൂരു: ദമ്പതികളെ കാറിടിപ്പിച്ച് തെറിപ്പിക്കുകയും മധ്യവയസ്ക മരിക്കുകയും ചെയ്ത സംഭവത്തിൽ കന്നട നടൻ നാഗഭൂഷണ അറസ്റ്റിൽ. എന്നാൽ അറസ്റ്റ് ചെയ്ത ശേഷം നടനെ ജാമ്യത്തിൽ വിട്ടു. നടൻ സഞ്ചരിച്ച കിയ സെൽറ്റോസ് നിയന്ത്രണം വിട്ട് നടപ്പാതയിലുണ്ടായിരുന്ന ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച്ച രാത്രി 9.45ഓടെ വസന്തപുര മെയിൻ റോഡിലായിരുന്നു, ദമ്പതികളെ നടൻ സഞ്ചരിച്ച കാർ ഇടിച്ചത്. ആശുപത്രിയിലെത്തും മുൻപ് സ്ത്രീ മരണത്തിനു കീഴടങ്ങുകയും ചെയ്തു. തുടർന്ന് പാതയോരത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് കാർ നിന്നത്. ഉടൻ തന്നെ ദമ്പതികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ത്രീയെ രക്ഷിക്കാനായില്ല. 48കാരിയായ പ്രേമ ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് കൃഷ്ണ (58) ബന്നർഘട്ടയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ തലയ്ക്കും കാലിനും വയറിനും സാരമായ പരിക്കുകളുണ്ടെന്നാണു വിവരം.
നടൻ തന്നെയാണ് ദമ്പതികളെ ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, മദ്യപിച്ചതിന്‍റെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും വിശദമായ പരിശോധനയ്ക്കായി നടന്റെ രക്ത സാംപിൾ അയച്ചിട്ടുണ്ടെന്നും സൗത്ത് ട്രാഫിക് ഡി.സി.പി ശിവപ്രകാശ് അറിയിച്ചു. ഡെയർഡെവിൽ മുസ്തഫ, കൗസല്യ സുപ്രജ രാമ, ടഗരു പാല്യ തുടങ്ങിയ ചിത്രങ്ങളിലൂട ശ്രദ്ധ നേടിയ താരമാണ് നാഗഭൂഷണ.
അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലീസ് പറയുന്നു. സംഭവത്തിൽ നടനെതിരെ കുമാരസ്വാമി ലേഔട്ട് ട്രാഫിക് പൊലീസ് കേസെടുത്തു. ഐപിസി 279 (അശ്രദ്ധമായി വാഹനമോടിക്കൽ), 337 (ആളപായമുണ്ടാക്കൽ), 304-എ (അശ്രദ്ധ മൂലം മരണത്തിനിടയാക്കൽ) തുടങ്ങിയ കുറ്റങ്ങളാണ് നാഗഭൂഷണയ്‌ക്കെതിരെ ചുമത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.