ദുബൈ: 23 വര്‍ഷം മുന്‍പ് ഇ-ഗേറ്റുകള്‍ പ്രഥമമായി നടപ്പാക്കിയ വിമാനത്താവളങ്ങളിലൊന്നാണ് ദുബൈ. ഇനി നവംബര്‍ മുതല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാസ്പോര്ട് കൈവശമില്ലാതെ യാത്ര ചെയ്യാം. പാസ്പോര്ട് കാണിക്കാതെ യാത്ര ചെയ്യാന്‍ ആദ്യമായി സംവിധാനമൊരുക്കുന്നത് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാന കംപനിയായ എമിറേറ്റ്സ് എയര്‍ലൈന്‍സാണ്.
ദുബൈ വിമാനത്താവളത്തിലെ ഇലക്ട്രോനിക്, ഗേറ്റുകള്‍ സ്മാര്‍ട് ഗേറ്റുകള്‍ക്ക് വഴിമാറുന്ന പ്രക്രിയ ആരംഭിക്കുകയാണ്. ബയോമെട്രിക്സ്, ഫേസ് റെകഗ്നിഷന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് യാത്രക്കാരെ നിമിഷങ്ങള്‍കൊണ്ട് തിരിച്ചറിഞ്ഞ് കടത്തിവിടുന്ന സംവിധാനം മികവുറ്റ രീതിയില്‍ ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് ദുബൈ വിമാനത്താവളം.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബൈ വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനല്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്മാര്‍ട് ഗേറ്റുകള്‍ വഴി ചെക് - ഇന്‍, ഇമിഗ്രേഷന്‍ ഉള്‍പെടെയുള്ള യാത്രാ നടപടികള്‍ ക്ഷണനേരം കൊണ്ട് പൂര്‍ത്തീകരിക്കാം. ഡോക്യൂമെന്റ്സുകള്‍ കാണിക്കാതെ തന്നെ ബയോമെട്രിക്സ്, ഫേസ് റെകഗ്നിഷന്‍ എന്നിവ ഉപയോഗിച്ച് കംപ്യൂടറുകള്‍ യാത്രക്കാരെ കടത്തിവിടും.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇലക്ട്രോനിക് ഗേറ്റുകള്‍ക്ക് പകരം സ്മാര്‍ട് ഗേറ്റുകള്‍ സ്ഥാപിക്കാന്‍ ദുബൈ വിമാനത്താവളം പരിശ്രമിച്ചുവരുകയാണെന്നും രേഖകളൊന്നുമില്ലാതെയും ഉദ്യോഗസ്ഥരുമായി സംസാരിക്കാതെയും എവിടെയും സ്പര്‍ശിക്കാതെയും യാതൊരു തടസ്സങ്ങളുമില്ലാതെ യാത്രക്കാരെ കടത്തിവിടാനാണ് ആഗ്രഹിക്കുന്നതെന്നും ജെനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി ഡി ആര് എഫ് എ) ഡെപ്യൂടി ഡയറക്ടര്‍ ജെനറല്‍ മേജര്‍ ജെനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ വിശദീകരിച്ചു.
എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍, ചെക്ക്പോയിന്റുകള് തുടങ്ങിയ പ്രവേശന കവാടങ്ങളില്‍ യാത്രക്കാരുടെ വര്‍ധന കാരണം നടപടിക്രമങ്ങള്‍ക്ക് കാലതാമസം നേരിടേണ്ടിവരുന്നു. ഈ പരിമിതികള്‍ എങ്ങനെ മറികടക്കാമെന്ന ചിന്തയാണ് സ്മാര്‍ട്ട് സംവിധാനങ്ങള്‍ നടപ്പാക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്. സമ്മേളനം ചര്‍ച്ച ചെയ്ത സുപ്രധാന വിഷയങ്ങളിലൊന്ന് അതിര്‍ത്തികളിലെ യാത്രക്കാരുടെ ബാഹുല്യത്തെ സുഗമമായി നേരിടുകയെന്നതാണെന്നും മേജര്‍ ജെനറല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.