തൃശൂര്‍: ആഭരണ നിര്‍മാണശാലയില്‍നിന്നും റെയില്‍വെ സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി 1.80 കോടിരൂപ വിലവരുന്ന 3.152 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍.
എറണാകുളം കറുകുറ്റി പടയാറ്റിൽ സിജോ ജോസ് (36) എന്ന ഊത്തപ്പൻ ആണ് തൃശൂർ ടൗൺ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. സംഭവത്തില്‍ ഒന്നാം പ്രതി ഉള്‍പ്പെടെ പത്തുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.സെപ്തംബര്‍ 8ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.
കൊക്കാലെയിലെ ആഭരണനിര്‍മാണ ശാലയില്‍നിന്നും മാര്‍ത്താണ്ഡത്തെ ജുവലറികളില്‍ വിതരണത്തിനായി കൊണ്ടുപോയ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. രണ്ടുപേര്‍ ബാഗുകളിലായി സ്വര്‍ണം കൊണ്ടുപൊകുന്നതിനിടെ കാറിലെത്തിയ സംഘം ഇവരെ തള്ളിയിട്ട് സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു.
സ്വർണം കവർച്ച ചെയ്ത കേസിൽ ആസൂത്രകനും, കവർച്ചചെയ്തെടുത്ത സ്വർണം കടത്തിക്കൊണ്ടുപോയി വിൽപ്പന നടത്തിയ പ്രധാന പ്രതിയുമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.കവർച്ച ആസൂത്രണം ചെയ്യുന്നതിന് സംഭവ ദിവസം ഇയാളും മൂന്നാം പ്രതി സനീഷും ഒത്തുചേർന്ന് അരണാട്ടുകരയിലെ വാടകവീട്ടിൽ വെച്ചാണ് കവർച്ച ആസൂത്രണം ചെയ്തത്.
സംഭവശേഷം കവർച്ച ചെയ്തെടുത്ത സ്വർണവുമായി ഇയാൾ തമിഴ്നാട്ടിലേക്ക് കടക്കുകയും സ്വർണം ഉരുക്കി, തിരൂപ്പൂർ, ഈറോഡ് എന്നിവിടങ്ങളിൽ കൊണ്ടുപോയി വിൽപ്പന നടത്തി പണമാക്കി മാറ്റുകയായിരുന്നു.
വിൽപ്പന ലഭിച്ച പണം പ്രതികൾ പങ്കിട്ടെടുത്തതായാണ് മൊഴി നൽകിയിരിക്കുന്നത്. വിൽപ്പന നടത്തിയ സ്വർണത്തിന്റേയും പണത്തിന്റേയും ഒരു ഭാഗം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി അലവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വളരെ ശ്രമകരമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ അങ്കമാലിക്ക് സമീപത്തെ ഒളിത്താവളത്തിലെത്തി കസ്റ്റഡിയിലെടുത്തത്.
പൊലീസിനെ കണ്ട്, പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും തുടർന്ന് പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.ഇയാൾക്കെതിരെ അങ്കമാലി പൊലീസ് സ്റ്റേഷനിൽ കവർച്ച, ഭവനഭേദനം, കൊലപാതകശ്രമം എന്നിവ ഉൾപ്പെടെ 5 കേസുകളും, ഇരിങ്ങാലക്കുട, ചാലക്കുടി പൊലീസ് സ്റ്റേഷനുകളിൽ കവർച്ച, അബ്കാരി കേസുകളും, തമിഴ്നാട് തിരുപ്പൂരിൽ ജ്വല്ലറി കൊള്ളയടിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസും നിലവിലുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി അലവി, അസി. സബ് ഇൻസ്പെക്ടർമാരായ സി ജയലക്ഷ്മി, ടി വി ജീവൻ, സീനിയർ സിപിഒ ഷെല്ലാർ, സിപിഒമാരായ പി ഹരീഷ് കുമാർ, എം എസ് ലിഗേഷ്, വി ബി ദീപക് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.