കോട്ടയം; എംസി റോഡിൽ കുറിച്ചി മന്ദിരം കവലയിലെ സുധ ഫിനാൻസ് മോഷണക്കേസിലെ പ്രധാന പ്രതി പൊലീസിന്റെ മൂക്കിൻതുമ്പിൽ നിന്നു കടന്ന ശേഷം വീണ്ടും പൊലീസിനെ കബളിപ്പിച്ചു. കോടതിയിൽ കീഴടങ്ങുന്നതിന് അഭിഭാഷകന്റെ ഉപദേശം സ്വീകരിക്കാനെത്തിയ പ്രതി,
പൊലീസ് എത്തിയ വിവരം അറിഞ്ഞ് അന്വേഷണ സംഘത്തിന്റെ വാഹനം സ്വന്തം വാഹനം ഉപയോഗിച്ച് ഇടിച്ചു തെറിപ്പിച്ച് അപകടമുണ്ടാക്കി കടന്നുകളയുകയായിരുന്നു. ഇയാളെ പിടികൂടാൻ കഴിയാതെ പൊലീസ് ഇപ്പോൾ പ്രതിക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരിക്കുകയാണ്.
പത്തനംതിട്ട അടൂർ കലഞ്ഞൂർ പുന്നക്കുടി ഫൈസൽ രാജിന് (35) എതിരെയാണു പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചത്. പൊലീസ് നാടാകെ അരിച്ചുപെറുക്കുന്നത് അറിഞ്ഞു കോടതിയിൽ കീഴടങ്ങാൻ എത്തുകയായിരുന്നു ഫൈസൽ. ഇയാൾ കീഴടങ്ങുന്നതിന് എത്താൻ സാധ്യതയുണ്ടെന്നു വിവരം ലഭിച്ച പൊലീസ് ഇയാൾ എത്താൻ സാധ്യതയുള്ള കോടതികളിൽ കാത്തുനിന്നെങ്കിലും കണ്ടെത്താനായില്ല.തുടർന്നാണ് അഭിഭാഷകന്റെ അടുത്ത് എത്തുമെന്ന വിവരം ലഭിച്ചത്. തുടർന്ന് അഭിഭാഷകന്റെ ഓഫിസിനു സമീപം പൊലീസ് വേഷം മാറി കാത്തുനിന്നു. ഓഫിസിനു സമീപമെത്തിയപ്പോഴാണു തന്നെ പിടിക്കാൻ പൊലീസ് കാത്തുനിൽക്കുന്നു എന്നു പ്രതിക്കു മനസ്സിലായത്.
ഇതോടെ, പൊലീസ് എത്തിയ സ്വകാര്യവാഹനം ഇടിച്ചു തെറിപ്പിച്ചു പ്രതി കടന്നുകളയുകയായിരുന്നു. കേസിലെ രണ്ടാം പ്രതി അനീഷ് ആന്റണി നേരത്തേ പൊലീസ് പിടിയിലായിരുന്നു. സുധ ഫിനാൻസിൽനിന്നു കവർന്ന സ്വർണവും പണവും ഫൈസലിന്റെ കൈവശമാണ്. അനീഷിനു ചെറിയൊരു തുക മാത്രമാണ് ഇയാൾ കൈമാറിയത്.
അനീഷ് ആന്റണിയെ എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്ത ഉടൻ ഫൈസലിനെ പിടികൂടുന്നതിനു പത്തനംതിട്ട ജില്ലയിലെ കൂടൽ പൊലീസിനു സന്ദേശം കൈമാറിയിരുന്നു. സ്റ്റേഷനിൽനിന്നു പ്രതിയുടെ ഫോണിലേക്കു വിളിച്ചു സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയായിരുന്നു.
17 കേസുകളിൽ പ്രതിയാണ് ഇയാൾ. നിലവിലുള്ള കേസിന്റെ ഭാഗമായാണു വിളിപ്പിച്ചതെന്നു കരുതിയാണു സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനു മുന്നിലെത്തിയപ്പോൾ അനീഷിന്റെ ഫോണിലേക്കു വിളിച്ചു. ഫോൺ സ്വിച്ച്ഡ് ഓഫ് ആണെന്നു കണ്ടതോടെ സംശയം തോന്നി മുങ്ങി. ബൈക്കിലാണ് ഇയാൾ സ്റ്റേഷനിലേക്കു വന്നത്.
കുറിച്ചിയിലെ ധനകാര്യ സ്ഥാപനത്തിൽനിന്നു 1.25 കോടിയുടെ സ്വർണവും 8 ലക്ഷം രൂപയുമാണു ഫൈസൽ അപഹരിച്ചത്. അനീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഫൈസലിനെ അറസ്റ്റ് ചെയ്താൽ മാത്രമേ തൊണ്ടിമുതൽ ലഭിക്കൂ. തുടർന്നാണു പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചത്.
ഫൈസലിനെ കണ്ടാൽ അറിയിക്കേണ്ട നമ്പർ:
ഡിവൈഎസ്പി ചങ്ങനാശേരി : 9497990263.
എസ്എച്ച്ഒ ചിങ്ങവനം : 9497947162.
എസ്ഐ ചിങ്ങവനം : 9497980314.
ചിങ്ങവനം പൊലീസ് സ്റ്റേഷൻ: 0481- 1430587.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.