തിരുവനന്തപുരം: ശുഭയാത്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ഓപ്പറേഷന് ബൈക്ക് സ്റ്റണ്ട് നടന്നു. ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി സെല്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പരിശോധന നടത്തിയാണ് നിയമലംഘകരെ കണ്ടെത്തിയത്.
സംസ്ഥാനത്ത് 35 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുത്തു. ഏഴ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെന്നും 30 പേരുടെ ലൈസന്‍സ് റദ്ദാക്കാൻ നടപടി സ്വീകരിച്ചെന്നും പൊലിസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇതുവരെ 3,59,250 രൂപ പിഴയായി ഈടാക്കിയിട്ടുമുണ്ട്.
ഇരുചക്ര വാഹനങ്ങളുടെ അഭ്യാസ പ്രകടനം, അമിത വേഗം, രൂപമാറ്റം എന്നിവ തടയുകയെന്ന ലക്ഷ്യത്തോടെ, കേരള പൊലിസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ ആണ് നിരവധി പേർ കുടുങ്ങിയത്.
വാഹനം രൂപമാറ്റം വരുത്തി സ്റ്റണ്ട് നടത്തി ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരുടെ വിലാസം ശേഖരിച്ചാണ് ഓപ്പറേഷന് ബൈക്ക് സ്റ്റണ്ടിന്റെ മൂന്നാംഘട്ടം നടപ്പാക്കിയത്. ദക്ഷിണ മേഖലാ ട്രാഫിക് എസ്.പി ജോണ്സണ് ചാള്‍സ്, ഉത്തരമേഖലാ ട്രാഫിക് എസ്.പി ഹരീഷ് ചന്ദ്ര നായിക്, ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാര്‍, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓപ്പറേഷന് നേതൃത്വം നല്കി.
ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പോലീസിന്റെ ശുഭയാത്ര വാട്സാപ്പ് നമ്പറായ 9747001099 എന്ന നമ്പറിലേയ്ക്ക് വീഡിയോയും ചിത്രങ്ങളും അയയ്ക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.