മഴ കനത്തതോടെ കോട്ടയം ജില്ല ഉൾപ്പെടുന്ന കിഴക്കന്‍മേഖല മഴ കെടുതിയിലേക്ക് എത്തിയിരിക്കുകയാണ്. കോട്ടയം ജില്ലയിലെ മീനച്ചില്‍, മണിമല, മൂവാറ്റുപുഴയാറുകളില്‍ ജലനിരപ്പ് ഉയരുകയാണ്. കിഴക്കൻ മേഖലകളിലെ കൈത്തോടുകള്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്ന സ്ഥിതിയാണ്. റബ്ബര്‍ തോട്ടങ്ങളിലടക്കം വെള്ളം കയറി.
തുടര്‍ച്ചയായി രണ്ടാംദിവസവും മഴ ശക്തിപ്പെട്ടതോടെ ജില്ലയില്‍ ജാഗ്രത ശക്തമാക്കി. പടിഞ്ഞാറൻ മേഖല വെള്ളക്കപ്പൊക്ക ഭീഷണിയിലും മലയോര മേഖല മണ്ണിടിച്ചില്‍ ഭീഷണിയിലുമാണ്. ഒപ്പം ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്ന ആശങ്കയിലുമാണ് ജനം. കിഴക്കൻ മലയോര മേഖലയില്‍ മഴ പെയ്താല്‍ മലവെള്ളപാച്ചിലിനും സാധ്യത ഏറെയാണ്. കഴിഞ്ഞദിവസം തീക്കോയി, തലനാട് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു.
ശനിയാഴ്ച പകല്‍ 12 മില്ലിമീറ്റര്‍ മഴ ഉൾപ്പടെ മൂന്ന് ദിവസത്തിനുള്ളില്‍ ജില്ലയില്‍ 20 മില്ലിമീറ്റര്‍ മഴ പെയ്തു. പലയിടങ്ങളിലും നദികള്‍ അപകടനിരപ്പിലേക്ക് നീങ്ങുകയാണ്. വെള്ളിയാഴ്ച ആരംഭിച്ച മഴ ഇന്നലെയും തിമിര്‍ത്തു പെയ്യുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ പാടശേഖരങ്ങളും തോടുകളും ആറുകളും കരകവിഞ്ഞ് ഒഴുകുകയാണ്. മഴ തുടര്‍ന്നാല്‍ ഇന്ന് മിക്ക സ്ഥലങ്ങളിലും വെള്ളം കയറാന്‍ സാധ്യതയുണ്ട്. മിന്നല്‍പ്രളയത്തിനും സാധ്യതയേറി
കാലവര്‍ഷ സമാനമായ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴ മുൻനിര്‍ത്തി വാഗമണ്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര മേഖലയിലേക്കുള്ള യാത്രക്കാര്‍ക്ക് അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയപാത 183 ല്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. പെരുവന്താനം മുതല്‍ കുട്ടിക്കാനം വരെയുള്ള ഭാഗത്താണ് ഭീഷണി. പലയിടത്തും ചെറിയ തോതില്‍ മണ്ണിടിഞ്ഞ് തുടങ്ങിയിട്ടുണ്ട്. രാത്രികാല യാത്ര ഒഴിവാക്കുകയാണ് പലരും. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ കുട്ടനാടന്‍ മേഖലയില്‍ മട വീഴ്ച ഉണ്ടാകും. ന്യൂനമര്‍ദത്തിന് പിന്നാലെ മേഘസ്ഫോടനത്തിനുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.