തിരുവനന്തപുരം: കളമശ്ശേരിയില്‍ ഉണ്ടായതുപോലുള്ള സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് ഇന്റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചതിനെ സ്വാഗതം ചെയ്യുന്നു. അത് നല്ല നടപടിയാണ്.
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ വര്‍ഗീയമായ ഭിന്നിപ്പും വിദ്വേഷവും വളര്‍ത്താന്‍ കളമശ്ശേരി സ്ഫോടനത്തിന്റെ മറവില്‍ ചില ശക്തികള്‍ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങളില്‍ കേരളം ഒറ്റക്കെട്ടാണ് എന്ന സന്ദേശം കൊടുക്കേണ്ടതുണ്ട്.
ഉത്തരവാദപ്പെട്ട പ്രതിപക്ഷമായാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. അതേസമയം ദൗര്‍ഭാഗ്യകരമായ ചില പരാമര്‍ശങ്ങള്‍ ചില ഭാഗത്തു നിന്നും ഉണ്ടായി. വളരെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു പാര്‍ട്ടിയുടെ നേതാവു തന്നെ സ്ഫോടനത്തെ പലസ്തീനുമായി ബന്ധപ്പെടുത്തി.
എന്താണെന്ന് ഒരു പിടിയുമില്ലാത്ത സമയത്താണ് സ്ഫോടനത്തെ പലസ്തീനുമായി ബന്ധപ്പെടുത്തിയതെന്ന് വിഡി സതീശന് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് പലസ്തീന് വിഷയവുമായി ബന്ധപ്പെടുത്തി ഇന്നലെ പ്രതികരണം നടത്തിയത്.
ഒരു കേന്ദ്രമന്ത്രി തന്നെ സംസ്ഥാനത്തിനു തന്നെ അധിക്ഷേപകരമായ തരത്തില്‍ പരാമര്‍ശം നടത്തി. അത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. പൊലീസ് അന്വേഷണം നടക്കുകയാണ്. പൊലീസ് അന്വേഷിച്ചു കണ്ടുപിടിക്കട്ടെ. അതിനിടയ്ക്ക് ഒരു തരത്തിലുള്ള ഊഹാപോഹവും പ്രചരിപ്പിക്കരുതെന്നാണ് പ്രതിപക്ഷം നിലപാട് സ്വീകരിച്ചത്.
അതിനിടെയാണ് ചിലരുടെ പ്രതികരണങ്ങളുണ്ടാകുന്നത്. വിഷയത്തില്‍ എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണം ഉണ്ടാകണം. പ്രതിപക്ഷം മുന്നോട്ടുവെച്ച എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി അംഗീകരിച്ചെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ വല്ലാതെ വിദ്വേഷം പരത്താന്‍ നോക്കുന്ന സ്ഥിതിയുണ്ടെന്നും ഇത് വളരെ അപകടകരമാണെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങള്‍ പൊതുവെ നല്ല നിലയിലാണ് വിഷയം കൈകാര്യം ചെയ്തത്. വല്ലാതെ അതിര്‍ത്തി വിട്ടുപോയില്ല.
ഇങ്ങനെ ഒരു ചെറിയ ബോംബ് ട്രിഗര്‍ ചെയ്യാന്‍ ആര്‍ക്കാണ് പറ്റാത്തത്. എന്നാല്‍ ഇത് നമ്മുടെ പൊതു സാമൂഹിക സ്ഥിതിയുടെ ബാലന്‍സ് തെറ്റിക്കുമെന്ന സ്ഥിതി വന്നാല്‍ വലിയ അപകടമാകും. അതിനാല്‍ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടത് അത്യാവശ്യമാണ്. ഒരു കേന്ദ്രമന്ത്രി തന്നെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ നോക്കിയത് നല്ല പ്രവണതയല്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.