തൃശ്ശൂർ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ ബിനാമി സ്വത്തുക്കളിലേറെയും തട്ടിപ്പില്‍ ബന്ധമുള്ള രാഷ്ട്രീയ നേതാക്കളുടേതാണെന്ന് സൂചന.
അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സി.പി.എം നേതാവുമായ പി.ആര്. അരവിന്ദാക്ഷന് ഒരു ദേശസാത്കൃത ബാങ്കിലും രണ്ടു സഹകരണ ബാങ്കുകളിലുമായുള്ള നാല് അക്കൗണ്ടുകള്‍ കണ്ടുകെട്ടി. ഇവയിലൂടെ ഒരു കോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നു.
ബിനാമി നിക്ഷേപം അയല്‍ സംസ്ഥാനങ്ങളില്‍
കര്‍ണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ കണ്ടുകെട്ടിയ ഭൂസ്വത്തുക്കളും കെട്ടിടങ്ങളും രാഷ്ട്രീയ നേതാക്കളുടെ ബിനാമികളുടേതാണെന്ന് ഇ.ഡി സംശയിക്കുന്നു. വിശദവിവരങ്ങള്‍ അന്വേഷിച്ചുവരുന്നു. കോടികളുടെ വായ്പകള്‍ നിയമവിരുദ്ധമായി അനുവദിക്കാൻ ഒത്താശ നല്‍കിയത് രാഷ്ട്രീയ നേതൃത്വമാണ്. ഇങ്ങനെ വായ്പയായി തട്ടിയെടുത്ത തുക വിനിയോഗിച്ചാണ് ബിനാമികള്‍ വഴി അയല്‍സംസ്ഥാനങ്ങളില്‍ ഭൂസ്വത്തുക്കള്‍ വാങ്ങിയത്.
റിസോര്‍ട്ടും കണ്ടുകെട്ടി.
ബാങ്കിന്റെ കമ്മിഷൻ ഏജന്റായിരുന്ന എ.കെ. ബിജോയ് തട്ടിപ്പിലൂടെ നേടിയ തുക ഉപയോഗിച്ച് തേക്കടിയില്‍ നിര്‍മ്മിച്ച കോടികള്‍ വിലമതിക്കുന്ന റിസോര്‍ട്ടും കണ്ടുകെട്ടി. റിസോര്‍ട്ടില്‍ ബാങ്കുമായി ബന്ധപ്പെട്ടവരുടെ ബിനാമി ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
നിക്ഷേപകര്‍ക്ക് ഗുണമാകില്ല.
87.75 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയത് നിക്ഷേപകര്‍ക്ക് ഗുണമാകാൻ സാദ്ധ്യതയില്ല. ബാങ്ക് ഈ സ്വത്തുക്കളില്‍ അവകാശവാദം ഉന്നയിച്ച് നിയമനടപടിയിലൂടെ അനുകൂല ഉത്തരവ് നേടിയില്ലെങ്കില്‍ അവ കേന്ദ്രസര്‍ക്കാരിനാണ് ലഭിക്കുക.
വസ്തുക്കള്‍ കണ്ടുകെട്ടിയതിനെതിരെ ഉടമകള്‍ക്ക് ഡല്‍ഹിയിലെ ട്രൈബ്യൂണലില്‍ അപ്പീല്‍ സമര്‍പ്പിക്കാം. ഹൈക്കോടതിക്ക് തുല്യമായ അധികാരമുള്ള ട്രൈബ്യൂണലും തള്ളിയാല്‍ സുപ്രീം കോടതിയെ സമീപിക്കാം. സുപ്രീംകോടതിയും തള്ളിയാല്‍ സ്വത്തുക്കള്‍ സ്ഥിരമായി സര്‍ക്കാരിലേക്ക് ചേര്‍ക്കും. സുപ്രീംകോടതി അപ്പീല്‍ അംഗീകരിച്ചാല്‍ സ്വത്തുക്കള്‍ ഉടമയ്ക്ക് തിരികെ ലഭിക്കുമെന്ന് ഹൈക്കോടതി അഭിഭാഷകൻ സി.പി. ഉദയഭാനു പറഞ്ഞു.
വായ്പയെടുത്ത വ്യക്തി ഈടുവച്ച വസ്തുവാണ് കണ്ടുകെട്ടിയതെങ്കില്‍ ബാങ്കിന് അവകാശവാദം ഉന്നയിക്കാം. അപേക്ഷ ട്രൈബ്യൂണല്‍ അംഗീകരിച്ചാല്‍ വസ്തു വിറ്റ് ബാങ്കിന് മുതല്‍ക്കൂട്ടാം.
കരുവന്നൂരില്‍ കണ്ടുകെട്ടിയ സ്വത്തുക്കള്‍ ബിനാമിപ്പേരുകളിലും മറ്റും സമ്പാദിച്ചവയാണ്. ഇവയില്‍ നേരിട്ട് അവകാശവാദം ഉന്നയിച്ച് അംഗീകാരം നേടുക എളുപ്പമല്ല. നിലവില്‍ ബാങ്ക് അപ്പീലിന് പോകാൻ സാദ്ധ്യതയുമില്ല. അതിനാല്‍ കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് പ്രയോജനം ലഭിക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.