എടവക;വയനാട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ചയുണ്ടായതായി ആരോപണം. ഹെർണിയ ശസ്ത്രക്രിയയിലെ പിഴവുമൂലം ആരോഗ്യവകുപ്പ് ജീവനക്കാരനായ യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായാണ് പരാതി. ഡോക്ടർക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും യുവാവ് പരാതി നൽകി.
സെപ്റ്റംബർ 13നാണ് യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ സീനിയർ ക്ലർക്കായ തോണിച്ചാൽ സ്വദേശി എൻ എസ് ഗിരീഷാണ് ശസ്ത്രക്രിയയിൽ വൃഷണം നഷ്ടപ്പെട്ടതായി പരാതി നൽകിയത്.സെപ്റ്റംബർ 13ന് മാനന്തവാടി മെഡിക്കൽ കോളേജിലെ കൺസൽട്ടന്റ് ജനറൽ സർജൻ ഡോ. ജുബേഷ് അത്തിയോട്ടിൽ ആണ് ഹെർണിയ രോഗവുമായെത്തിയ ഗിരീഷിനെ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിൽ വീഴ്ച പറ്റിയിട്ടും മൂന്നാം ദിവസം വാർഡിലെത്തിയ ഡോക്ടർ ഇത് മറച്ചുവെക്കുകയും തുടർന്ന് ഡിസ്ചാർജ് ചെയ്തതായും ഗിരീഷ് പറയുന്നു.വേദന സഹിച്ച് ഏഴ് ദിവസം കഴിഞ്ഞപ്പോൾ മുറിവിലെ തുന്നൽ എടുക്കാൻ എത്തിയപ്പോൾ ഒ പിയിലുണ്ടായിരുന്ന ഡോക്ടർ നടത്തിയ പരിശോധനയിൽ സംശയം തോന്നിയാണ് സ്കാനിങ് നിർദേശിച്ചത്. റിപ്പോർട്ട് പരിശോധിച്ച സർജറി വിഭാഗത്തിലെ മറ്റൊരു ജൂനിയർ ഡോക്ടറാണ് വൃഷണത്തിന് ഗുരുതര പരിക്കുപറ്റിയ വിവരം ഗിരീഷിനെ അറിയിച്ചത്.
തുടർന്ന് സ്വകാര്യ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ വൃഷണത്തിന്റെ പ്രവർത്തനം നിലച്ചത് കണ്ടെത്തി നീക്കം ചെയ്യുകയായിരുന്നുവെന്ന് ഗിരീഷ് പറയുന്നു. ആശുപത്രിയിലെ മറ്റുഡോക്ടർമാരും നഴ്സ് ഉൾപ്പെടെയുള്ള ജീവനക്കാരും ചികിത്സാരേഖ തിരുത്തിയതായും ഗിരീഷ് പരാതിപ്പെട്ടു. പരാതി ലഭിച്ചതായും അന്വേഷിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ദിനീഷ് പറഞ്ഞു. രണ്ടു മാസം മുമ്പും ഇത്തരത്തിൽ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചത് വൻ വിവാദമായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.