മലപ്പുറം: മുസ്ലിം യുവതികള്‍ ഉപയോഗിക്കുന്ന തട്ടം മലപ്പുറത്ത് ഉപേക്ഷിച്ചിട്ടില്ലെന്നും തട്ടം തലയിലുള്ളതുകൊണ്ട് രാജ്യപുരോഗതിക്ക് എന്ത് തടസമാണ് ഉള്ളതെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ചോദിക്കുന്നു. സിപിഎം നേതാവ് കെ അനില്‍കുമാറിന്റെ ‘വിവാദതട്ടം’ പരാമര്‍ശത്തിലാണ് സലാമിന്റെ പ്രതികരണം.
തലയില്‍ തട്ടമിടുന്ന കുട്ടികളാരും അത് ഉപേക്ഷിച്ചിട്ടില്ല. പുതിയ തലമുറ അക്കാര്യത്തില്‍ ഏറ്റവും ശക്തമായി നില്ക്കുന്നു. എന്തിനാണ് മതവിശ്വാസങ്ങളുടെയും ആചാരങ്ങളുടെ മേല്‍ സിപിഎം കടന്നുകയറുന്നത്. വഖഫും ശബരിമല വിഷയത്തിലും സിപിഎം നേതാക്കള്‍ ഇതുതന്നെയാണ് സ്വീകരിച്ചതെന്നും സലാം പറഞ്ഞു.
സിപിഎം രാഷ്ട്രീയ ഭരണകാര്യങ്ങള്‍ക്കപ്പുറം വിശ്വാസങ്ങളിലേക്ക് കടന്നു കയറുകയാണെന്ന് സലാം ആരോപിച്ചു. കമ്യൂണിസ്റ്റുകാര്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചത് പട്ടിണി മാറ്റാനാണോ അതോ തട്ടം മാറ്റാനാണോയെന്നും സലാം ചോദിച്ചു. ഇത് സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം മറുപടി പറയണം. പാര്‍ട്ടിയുടെ നയം പറയേണ്ടത് പാര്‍ട്ടി നേതാക്കാളാണ്. അല്ലാതെ ഏതെങ്കിലും വഴിപോക്കന് പറഞ്ഞാല്‍ അത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.
തികച്ചും മതവിരുദ്ധമായ പ്രസ്താവനയാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായത്. മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍ കിട്ടിയാല്‍ എല്ലാം ആയെന്ന് കരുതുന്നവരും തങ്ങളുടെ സമുദായത്തില്‍ ഉണ്ട്. അവരും മതസംഘടനാ നേതാക്കളും ഇക്കാര്യത്തില്‍ മൗനം വെടിയണം. മലപ്പുറം എന്നുകേട്ടാല്‍ സിപിഎമ്മിന് അലര്‍ജിയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൊണ്ടാണ് മലപ്പുറത്ത് മുസ്ലിം പെണ്‍കുട്ടികള്‍ തട്ടം ഉപേക്ഷിച്ചതെന്നാണ് സിപിഎം നേതാവിന്റെ കണ്ടെത്തല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.