കുഴല്‍മന്ദം: അമ്മയും മകനും സഹോദരീപുത്രനുമടക്കം ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
കുഴല്‍മന്ദം ആലിങ്കല്‍ മൂത്താട്ടുപറമ്പില് സിനില (42), മകന് രോഹിത് (19), സിനിലയുടെ സഹോദരി പരേതയായ സിന്ധുവിന്റെ മകന് സുബിന് പ്രഭാകരന് (24) എന്നിവരാണ് മരിച്ചത്.
വീടിനുപിന്നില്‍ അടുക്കളയോട് ചേര്‍ന്നുള്ള ഷീറ്റുമേഞ്ഞ മുറിയില്‍ അടുത്തടുത്ത് പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയനിലയിലായിരുന്നു മൃതദേഹങ്ങള്‍. സിനിലയുടെ അമ്മ ദേവിയാണ് വ്യാഴാഴ്ച രാവിലെ അഞ്ചിന് മൃതദേഹങ്ങള്‍ കണ്ടത്.
അവര്‍ നിലവിളിച്ച് സമീപത്തെ വീട്ടിലെത്തി. വിവരമറിഞ്ഞ് അയല്‍വാസികളും ഗ്രാമപ്പഞ്ചായത്തംഗം കൗസല്യ സുരേന്ദ്രനും എത്തി. കുഴല്‍മന്ദം പോലീസില്‍ വിവരമറിയിച്ചു. അയല്‍വാസികള്‍ മൂന്നുപേരെയും കയര്‍ അറുത്ത് താഴെയിറക്കി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചിരുന്നു.
ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ്, ആലത്തൂര്‍ ഡിവൈ.എസ്.പി. ആര്. അശോകന്, കുഴല്‍മന്ദം പോലീസ് ഇന്‍സ്പെക്ടര്‍ ആര്. രാജേഷ്, എസ്.ഐ. ജി. ദിലീപ്കുമാര്, ഫോറന്‍സിക് വിദഗ്ധന്‍ ആര്. അശോക്കുമാര് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലപരിശോധന നടത്തി.
രമ്യ ഹരിദാസ് എം.പി., കുഴല്‍മന്ദം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി നാരായണന് തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു.
ആത്മഹത്യതന്നെയാണെന്നാണ് പ്രാഥമിക നിഗമനം. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ഐവര്‍മഠം ശ്മശാനത്തില്‍ സംസ്കരിച്ചു.
സാമ്പത്തികപ്രയാസവും കുടുംബപ്രശ്നങ്ങളും ഇവരെ അലട്ടിയിരുന്നതായി പോലീസ് പറഞ്ഞു. തറവാടുവീട് ജപ്തിനടപടിയിലാണ്. മരിച്ചവര്‍ മൂന്നുപേരും തറവാടിനുസമീപം വാടകവീടെടുത്ത് താമസം മാറാന്‍ തീരുമാനിച്ചിരുന്നു.
വിവാഹമോചിതയായ സിനിലയും മകനും വിവാഹബന്ധം വേര്‍പെടുത്തിയ സഹോദരി സിന്ധുവും മകനും കണ്ണാടിയില്‍ വാടകവീടെടുത്ത് ഒരുമിച്ചായിരുന്നു താമസം. സിന്ധുവിന്റെ മരണശേഷം നാലുവര്‍ഷമായി ഇവര്‍ കുഴല്‍മന്ദം മൂത്താട്ടുപറമ്പിലെ തറവാട്ടില്‍ സിനിലയുടെ അമ്മ ദേവിക്കൊപ്പമായിരുന്നു താമസം.
അലട്ടിയത് കുടുംബപ്രശ്നവും സാമ്പത്തിക പ്രയാസവും കുഴല്‍മന്ദത്ത് മൂന്നുപേര്‍ ജീവനൊടുക്കിയതിനുപന്നില് സാമ്പത്തികപ്രയാസവും കുടുംബപ്രശ്നങ്ങളുമെന്ന് പോലീസ് നല്കുന്ന സൂചന.
തറവാടുവീട് ജപ്തിനടപടിയിലാണ്. വിവാഹമോചിതയായ സിനിലയും മകനും, വിവാഹബന്ധം വേര്‍പെടുത്തിയ, സിനിലയുടെ സഹോദരി സിന്ധുവും മകനും കണ്ണാടിയില്‍ വാടകവീടെടുത്ത് ഒരുമിച്ചായിരുന്നുതാമസം. സിന്ധുവിന്റെ മരണശേഷം നാലുവര്‍ഷമായി ഇവര്‍ കുഴല്‍മന്ദം മൂത്താട്ടുപറമ്പിലെ തറവാട്ടില്‍ സിനിലയുടെ അമ്മ ദേവിക്കൊപ്പമായിരുന്നു.ദേവിയുടെ ഭര്‍ത്താവ് സുന്ദരന്‍ ആറുവര്‍ഷംമുമ്പ് മരിച്ചു. സിനിലയുടെ സഹോദരന് സിനില്‍കുമാറിന്റെ പേരിലാണ് ഏഴുസെന്റും തറവാട്ടുവീടും. തനിക്ക് മരണംവരെ ഇവിടെ കഴിയാമെന്ന വ്യവസ്ഥയിലാണ് ദേവി മകന്റെപേരില്‍ വീടെഴുതിക്കൊടുത്തത്.
സഹോദരിയും സഹോദരിമാരുടെ മക്കളും തറവാട്ടില്‍ താമസിക്കുന്നതില്‍ സിനിലിനും കുടുംബത്തിനും അഭിപ്രായവ്യത്യാസമുള്ളതിനാല്‍ കൊട്ടാരപ്പടിയില്‍ വാടകവീടെടുത്ത് താമസം മാറിയിരുന്നു. വര്‍ക്ക്ഷോപ്പ് നടത്തുന്ന സിനില്‍കുമാര്‍ തറവാടും സ്ഥലവും പണയപ്പെടുത്തി കാര്ഷികവികസനബാങ്കില്നിന്ന് 1.30 ലക്ഷം രൂപ വായ്പയെടുത്തിരുന്നു.
30,000 രൂപ അടച്ചശേഷം ബാക്കി തുക കുടിശ്ശികയാണിപ്പോള്‍. തുക അടയ്ക്കാത്തതിനാല്‍ ജപ്തിനടപടിക്കായി ബാങ്ക് നോട്ടീസ് നല്‍കിയത് രണ്ടാഴ്ചമുമ്പാണ്. സഹോദരിയും സഹോദരിമാരുടെ മക്കളും തറവാട്ടില്‍നിന്ന് മാറിത്താമസിച്ചാലേ വായ്പ തിരിച്ചടയ്ക്കൂ എന്നായിരുന്നു സിനിലിന്റെ നിലപാടെന്ന് അമ്മ ദേവി പറഞ്ഞു.
സിനിലയും രോഹിതും സുബിനും തറവാടിന് അടുത്ത് വാടകവീടെടുത്ത് താമസം മാറാന്‍ തീരുമാനിച്ചിരുന്നു. ഇതിന് കരുതല്‍നിക്ഷേപം നല്കാന് സുബിന് 20,000 രൂപ ദേവി നല്കി. ബുധനാഴ്ച വാടകക്കരാര്‍ എഴുതിച്ചെങ്കിലും പണം തരികയോ കരാര്‍ ഒപ്പിടുകയോ ചെയ്തില്ലെന്ന് വീട്ടുടമ പറഞ്ഞു.
സുബിന് കുഴല്‍മന്ദത്തെ മെഡിക്കല്‍ ഷാപ്പ് ജീവനക്കാരനാണ്. ഈ വരുമാനംകൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ദേവിയും കുടുംബവും അയല്‍വാസികളുമായി അടുപ്പം പുലര്‍ത്തിയിരുന്നില്ല. കുടുംബാംഗങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകുക പതിവായിരുന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.