പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പൊൻകുന്നം-പാലാ റോഡിൽ അപകടം തുടർക്കഥയാകുന്നു. പൈക മുതൽ പൊൻകുന്നം വരെയുള്ള ഭാഗത്ത് ഈവർഷം മാത്രം പൊലിഞ്ഞത് എട്ട് മനുഷ്യജീവനുകൾ.
പൊൻകുന്നം സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച രാത്രി മൂന്ന് ഓട്ടോയാത്രക്കാർ മരിച്ചതുൾപ്പെടെയുള്ള കണക്കാണിത്. ഈ വർഷം മാത്രമുണ്ടായ അപകടങ്ങളിൽ 13പേർക്ക് ഗുരുതര പരിക്കേറ്റു.51പേർക്ക് സാരമല്ലാത്ത പരിക്കേറ്റു. പാത നവീകരിച്ചശേഷം ആറുവർഷത്തിനിടെ അറുപതിലേറെ മരണം പാലാ മുതൽ പൊൻകുന്നം വരെയുള്ള ഭാഗത്ത് നടന്നിട്ടുണ്ട്. നിരന്തരം അപകടം ഉണ്ടായിട്ടും പാലാ- പൊൻകുന്നം റോഡിൽ വേണ്ടത്ര കരുതലുകളില്ല. ഹൈവേ ആയിട്ടും വളവുകൾ ഏറെയുള്ള റോഡിൽ മുൻപരിചയമില്ലാത്ത ഡ്രൈവർമാരും അപകടങ്ങളുണ്ടാക്കുന്നു.
അശ്രദ്ധമായ ഡ്രൈവിങ്ങും മദ്യലഹരിയിലും ഗതാഗത നിയമങ്ങൾ പാലിക്കാതെ അമിതവേഗത്തിലുമുള്ള ഓട്ടവുമാണ് ഏറെ അപകടങ്ങൾക്കും കാരണം. നിയമം പാലിക്കാതെ വളവുകളിലെ ഓവർടേക്കിങ്ങും അപകടങ്ങൾക്കിടയാക്കിയിട്ടുണ്ട്.റോഡിന്റെ അശാസ്ത്രീയതയെക്കുറിച്ച് എന്നും പരാതിയുണ്ട് വാഹനയാത്രികർക്ക്.
വളവുകളും ഇറക്കങ്ങളും നിലനിർത്തി തന്നെയാണ് റോഡ് പുനർനിർമിച്ചതെന്നും അലൈൻമെന്റിൽ അപാകതയുണ്ടെന്നുമായിരുന്നു പ്രധാന ആരോപണം. വേഗ നിയന്ത്രണത്തിനുള്ള സംവിധാനം ഒരിടത്തുമില്ല. പുതിയ ഹൈവേകളിൽ വേഗനിയന്ത്രണത്തിന് നിർമിക്കാറുള്ള റംപിൾ സ്ട്രിപ്പുകൾ പാലാ-പൊൻകുന്നം റോഡിൽ ഇല്ല. ഈ റോഡിന്റെ തുടർച്ചയായുള്ള പൊൻകുന്നം-പുനലൂർ റോഡിൽ വിവിധയിടങ്ങളിൽ റംപിൾ സ്ട്രിപ്പുകളുണ്ട്. വാഹനങ്ങൾ അമിതവേഗമെടുക്കാൻ സാധ്യതയുള്ള ഭാഗങ്ങളാണിത്.
ഓട്ടോറിക്ഷ ഒടിഞ്ഞുമടങ്ങിയ നിലയിൽ കൊപ്രാക്കളത്ത് ജീപ്പിടിച്ച് ഒടിഞ്ഞുമടങ്ങിയ നിലയിലായിരുന്നു ഓട്ടോറിക്ഷയെന്ന് സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ. ഡ്രൈവർ തൽക്ഷണം തന്നെ മരിച്ചതായി മനസ്സിലായി. മറ്റുള്ളവരുടെ നിലയും പരിതാപകരം. തൊട്ടടുത്ത് താമസിക്കുന്ന ജയേഷ് ബസുടമ ജയകൃഷ്ണൻ നായർ, മകൻ മഹേഷ്, സമീപവാസിയായ അരുൺ എന്നിവരാണ് ആദ്യമെത്തിയത്.
പിന്നാലെ വിവരമറിഞ്ഞ് അയൽവാസികളെല്ലാം ഓടിക്കൂടി. ഇവർ ചേർന്ന് ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്.മഹേഷും അരുണും രണ്ട് വാഹനത്തിലായി പരിക്കേറ്റവരെയുമായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് പോയി. അവിടെയെത്തിയപ്പോഴേക്കും രണ്ടുപേർ മരിച്ചു.
അപ്പോഴും മരിച്ചവരും പരിക്കേറ്റവരുമായി ഓട്ടോയാത്രികർ ആരെന്ന് നാട്ടുകാർക്കോ ആശുപത്രി അധികൃതർക്കോ തിരിച്ചറിയാനായിരുന്നില്ല. പരിക്കേറ്റ അഭിജിത് ഇതിനിടെ അവ്യക്തമായി പറഞ്ഞ വിവരങ്ങളിൽനിന്നാണ് ഇവർ പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളാണെന്നെങ്കിലും മനസ്സിലായത്.
എന്നാൽ, മേൽവിലാസമുൾപ്പെടെ വിവരങ്ങൾ പറയാൻ പറ്റിയ അവസ്ഥയിലായിരുന്നില്ല അഭിജിത്. ഡ്രൈവർ പാട്രിക് ജോസ് മദ്യലഹരിയിൽ ഓടിച്ച ജീപ്പ് ദിശതെറ്റി ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നുവെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന റിപ്പോർട്ട്.
ജോ.ആർ.ടി.ഒ എസ്. സഞ്ജയിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അപകടം നടന്നയിടത്ത് രക്ഷാപ്രവർത്തനം നടത്താൻ വഴിവിളക്കുകളുണ്ടായിരുന്നില്ല. 21 കിലോമീറ്ററുള്ള പി.പി. റോഡിൽ നാനൂറിലേറെ സോളാർ വഴിവിളക്കുകൾ പ്രവർത്തനരഹിതമാണ്.
മൂന്നുവർഷത്തിലേറെയായി മുഴുവൻ വഴിവിളക്കുകളും തകരാറിലായിട്ടും പുനഃസ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തില്ല. ബുധനാഴ്ച രാത്രി രക്ഷാപ്രവർത്തനം നടത്താൻ തുണയായത് മറ്റ് വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ പ്രകാശം മാത്രമാണ്.
രാത്രി മറ്റൊരു അപകടം കൂടി കൊപ്രാക്കളം അപകടം നടന്ന് അരമണിക്കൂറിനുള്ളിൽ മറ്റൊരു അപകടം കൂടി പി.പി. റോഡിൽ നടന്നു. കുരുവിക്കൂട് ഞുണ്ടന്മാക്കൽ വളവിന് സമീപമായിരുന്നു ഈ അപകടം. കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.
സ്കൂട്ടർ പൂർണമായി തകർന്നു. മുമ്പ് ഇതേ സ്ഥലത്ത് രണ്ടുപേർ അപകടത്തിൽ മരിച്ചതാണ്. ഒരു കാൽനടക്കാരനും സ്കൂട്ടർ യാത്രക്കാരനുമാണ് മുൻ അപകടങ്ങളിൽ മരിച്ചത്.
കൊപ്രാക്കളം അപകടത്തിന് തലേന്ന് ഇളങ്ങുളം അമ്പലം ജങ്ഷന് സമീപം പച്ചക്കറിക്കടയുടെ മുന്നിൽ പിക്അപ് വാൻ തെന്നിമറിഞ്ഞ് അപകടമുണ്ടായി. ഇതേ സ്ഥലത്ത് 15ലേറെ അപകടങ്ങളാണുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.