കോട്ടയം :ആരോഗ്യ സുരക്ഷാ പദ്ധതികൾക്ക് പണം അനുവദിക്കാതെ രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്ന പിണറായി സർക്കാരിന്റെ ധൂർത്തും ആരോഗ്യ മന്ത്രിയുടെ പ്രഹസനവും അവസാനിപ്പിക്കണമെന്ന് ബിജെപി മാധ്യമേഖ പ്രസിഡന്റ് എൻ ഹരി.
കോട്ടയം മെഡിക്കൽ കോളേജിൽ കാർഡിയോളജി ഉൾപ്പെടെയുള്ള വിവിധ ഡിപ്പാർട്ടുമെന്റുകളിൽ സർജറിക്കും മറ്റു ചികിത്സകൾക്കുമായി എത്തി ഒടുവിൽ സർക്കാർ അനാസ്ഥയിൽ ജീവിതം വഴിമുട്ടിയ നിരവധി രോഗികളെയും നിർധനരെയും അവരുടെ വിഷമങ്ങളും അറിയാൻ സാധിച്ചു. കാരുണ്യ ആരോഗ്യ ചിത്സ പദ്ധതി വഴി രോഗങ്ങളോട് പൊരുതി നിന്നവർ ഇപ്പോൾ ചികിത്സാ ധനമില്ലാതെ നരകിക്കുന്ന സാഹചര്യത്തിലാണ്.സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തും എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോർജും സർക്കാർ ആശുപത്രികളുടെ അറ്റകുറ്റ പണികൾ മാത്രം ചെയ്ത് ഉദ്ഘാടന മാമാങ്കം നടത്തുന്ന തിരക്കിലാണ്.
സംസ്ഥാനത്തെ സർക്കാർ ആശുപതികളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് രോഗികളുടെ ജീവൻ രക്ഷാ ഉപാധികൾ കാര്യക്ഷമമാക്കാതെ ആരോഗ്യമന്ത്രി വീണാ ജോർജ്' ആശുപത്രികളിൽ നടത്തുന്ന സന്ദർശന പ്രഹസനം അവസാനിപ്പിക്കേണ്ടതാണ്.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ചികിത്സയുടെ പേരിൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയിൽ നിന്ന് ആശ്വാസം നൽകിയിരുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രതിസന്ധിയിൽ ആയതിനെക്കുറിച്ചും ഒക്ടോബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ കാരുണ്യ വഴി ചികിത്സ ഉണ്ടാകില്ലന്നും ആശുപത്രികൾ അറിയിച്ചിട്ടും അതിനോട് ഇതുവരെ പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നിലപാട് സംസ്ഥാനത്തെ 64 ലക്ഷത്തോളം വരുന്ന രോഗികളോടും ഗുണഭോക്താക്കളോടുമുള്ള വെല്ലുവിളിയാണ്.
മുൻഗണനാ മാനദണ്ഡങ്ങൾ ഇല്ലാതെ ചികിത്സാ സഹായം ലഭിച്ചിരുന്ന കാസ്പ് പദ്ധതിയും നിലവിൽ അനിശ്ചിതത്വത്തിലാണ്. മെഡിക്കൽ കോളേജുകളിൽ സർജറികൾ കാത്തു കഴിയുന്ന ആയിരക്കണക്കിന് രോഗികൾ സർജിക്കൽ ഉപകരണങ്ങളുടെ ലഭ്യകുറവും സംസ്ഥാന സർക്കാരിന്റെ ചികിത്സാ നിഷേധവും മൂലം മരണത്തോട് മല്ലടിക്കുന്ന സാഹചര്യത്തിലാണ്.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഒന്നും ആവശ്യമരുന്നുകളോ സർജിക്കൽ ഉപകാരണങ്ങളോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൻ വിലകൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് രോഗികൾ. ഇത് ആരോഗ്യവകുപ്പ് ജീവനക്കാരും സ്വകാര്യ കമ്പനികളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് എന്ന് വേണം മനസിലാക്കാൻ.
വിവിധ ചികിത്സാ പദ്ധതികളുടെ ഭാഗമായി 300 കോടിയോളം രൂപ ആശുപത്രികൾക്ക് കൊടുക്കാനുള്ള സാഹചര്യത്തിലാണ് ലക്ഷക്കണക്കിന് രോഗികളെ നോക്ക് കുത്തിയാക്കി മരണത്തിലേക്കും കടക്കെണിയിലേക്കും തള്ളിവിട്ട്' മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ മാസം 80 ലക്ഷം മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതും'. വിവിധ വകുപ്പുകൾക്ക് ആഡംബര കാറുകൾ അനുവദിക്കുന്നതുമെന്ന് ഹരി കുറ്റപ്പെടുത്തി.
ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ഇടതുപക്ഷ സർക്കാർ നടത്തുന്ന കൊള്ള അവസാനിപ്പിച്ച് സംസ്ഥാനത്തെ രോഗികളുടെ ജീവൻ നിലനിർത്താനുള്ള സാഹചര്യം ഒരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പും തയ്യാറാകണമെന്നും ബിജെപി മാധ്യമേഖലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.