കല്‍പ്പറ്റ: വടക്കേ വയനാട്ടിലെ തലപ്പുഴയിലും സമീപങ്ങളിലുമായി ഒരാഴ്ചയ്ക്കിടെ മൂന്നു തവണ മാവോയിസ്റ്റുകള്‍ എത്തിയത് പോലീസിനു വീണ്ടും തലവേദനയായി.
ഏറ്റവും ഒടുവില്‍ ബുധനാഴ്ച സന്ധ്യയോടെ കമ്പമല തേയിലത്തോട്ടത്തിലെ പാടികളിലും മാവോവാദികള്‍ സാന്നിധ്യം അറിയിച്ചു. ആശയ പ്രചാരണത്തിനു പാടി പരിസരത്ത് പോസ്റ്ററുകള്‍ പതിച്ച സംഘം പ്രദേശത്ത് നിരീക്ഷണത്തിന് പോലീസ് സ്ഥാപിച്ച കാമറകളും തകര്‍ത്തു.
കമ്പമലയില്‍ കെഎഫ്ഡിസി ഓഫീസില്‍ അക്രമം നടത്തി അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം വരുത്തിയ ആറംഗ സംഘത്തിലെ അഞ്ചു പേരേ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതേ സംഘമാണ് പിന്നീട് ചുങ്കം പൊയിലിലും കമ്പമല പാടികളിലും എത്തിയതെന്നാണ് പോലീസ് അനുമാനം. 2021 ഓഗസ്റ്റ് 14ന് കമ്പമല തോട്ടത്തില്‍ മാവോവാദികള്‍ എത്തിയിരുന്നു. തോട്ടത്തില്‍ ബാനര്‍ കെട്ടിയശേഷമാണ് സംഘം മടങ്ങിയത്.
ജില്ലയില്‍ 2014 മുതല്‍ മാവോവാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ വര്‍ഷം ഏപ്രില്‍ 24ന് രാത്രി കുഞ്ഞോത്തിനു സമീപം മട്ടിലയത്ത് ആദിവാസിയും സിവില്‍ പോലീസ് ഓഫീസറുമായ പ്രമോദ് ഭാസ്കരന്റെ വീട്ടിലെത്തിയ മാവോവാദികള്‍ അദ്ദേഹത്തേയും അമ്മയേയും ഭീഷണിപ്പെടുത്തുകയുണ്ടായി. പ്രമോദിന്റെ വീടിന്റെ ഭിത്തിയില്‍ മാവോവാദി അനൂകൂല പോസ്റ്ററുകള്‍ പതിച്ചു. അതേവര്‍ഷം നവംബര്‍ 18നു രാത്രി തിരുനെല്ലി അഗ്രഹാരം റിസോര്‍ട്ടിന്റെ ജാലകച്ചില്ലുകളും തീൻമുറിയിലെ മേശകളും തകര്‍ത്തു. ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാവോയിസ്റ്റുകള്‍ പാലക്കാട് പത്രക്കുറിപ്പ് ഇറക്കുകയുണ്ടായി.
വടക്കേ വയനാട്ടിലെ ചപ്പ വനത്തില്‍ മാവോവാദികളും പോലീസും നേര്‍ക്കുനേര്‍ നിറയൊഴിച്ചത് 2014 ഡിസംബര്‍ ആദ്യവാരമാണ്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷനുനേരേ ആക്രമണം ഉണ്ടായി. മാവോവാദികളെ പിടികൂടുന്നതിനു കേരള പോലീസിന്റെ കമാൻഡോ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടിനെയടക്കം വയനാട്ടിലും സമീപ പ്രദേശങ്ങളിലും വിന്യസിച്ചിരുന്നു. കമാൻഡോകളടക്കം പോലീസ് സേനാംഗങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നതിനിടെയായിരുന്നു അങ്ങിങ്ങ് മാവോവാദി ആക്രമണം.
ജില്ലയില്‍ മേപ്പാടി, തരിയോട്, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, തിരുനെല്ലി, പനമരം, നൂല്‍പ്പുഴ, പൂതാടി പഞ്ചായത്തുകളില്‍ വനത്തോടുചേര്‍ന്നുള്ള ആദിവാസി കോളനികളിലാണ് മാവോവാദികള്‍ ആശയ പ്രചാരണം നടത്തിവന്നിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) പശ്ചിമഘട്ട സമിതിക്കു കീഴില്‍ വയനാട്ടില്‍ കബനി ദളവും കേരള, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ അതിരിടുന്ന വനപ്രദേശം കേന്ദ്രമാക്കി 'സഹ്യാദ്രി യുദ്ധ മുന്നണിയും' പ്രവര്‍ത്തിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
ഇതിനകം വയനാട്ടില്‍ മാത്രം ലക്കിടി ഉപവൻ റിസോര്‍ട്ട് വളപ്പിലും പടിഞ്ഞാറത്തറ ബപ്പനം വനത്തിലുമായി രണ്ട് മാവോവാദികള്‍ പോലീസിന്റെ വെടിയേറ്റു മരിക്കുകയുമുണ്ടായി.
കണ്ണൂര്‍ ജില്ലയിലെ ആറളത്ത് കഴിഞ്ഞ മാസങ്ങളില്‍ മാവോവാദികള്‍ നിരവധി തവണ സാന്നിധ്യം അറിയിച്ചിരുന്നു. ആറളത്ത് രഹസ്യപ്രവര്‍ത്തനം നടത്തുന്ന അതേ ഗ്രൂപ്പിലുള്ളവരാണ് ഏറെ അകലെയല്ലാത്ത തലപ്പുഴയിലും എത്തിയതെന്നാണ് പോലീസ് കരുതുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.