തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലെ ഇ.ഡിയുടെ കണ്ടെത്തലുകള്‍ അന്വേഷിക്കാൻ സി.പി.എം ഒരുങ്ങുന്നു.
കണ്ടെത്തലുകള്‍ ഗുരുതരമെന്ന് വിലയിരുത്തിയ യോഗം ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് പ്രാഥമിക ധാരണയിലെത്തി. വിശദചര്‍ച്ചകള്‍ക്ക് ശേഷമാകും ഇതില്‍ അന്തിമ തീരുമാനമെടുക്കുക. അന്വേഷണവും നടപടിയെടുക്കലും ഇ.ഡിക്കും പ്രതിപക്ഷത്തിനും സഹായകരമാകുമെന്ന അഭിപ്രായം ഉയര്‍ന്നതിനാലാണ് വിശദ ചര്‍ച്ചകള്‍ നടത്താൻ തീരുമാനിച്ചത്.
കരുവന്നൂര്‍ ബാങ്കില്‍ നടന്നത് വലിയ തട്ടിപ്പാണെന്നും പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്നും നേരത്തേ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ല സെക്രട്ടേറിയറ്റ് അംഗം മുതലുള്ള ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുക്കുകയും പരസ്യമായി തള്ളിപ്പറയുകയും ചെയ്തിരുന്നു.
ഇക്കാര്യം വിശദീകരിച്ച് ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ വരെയുള്ളവര്‍ക്കായി പാര്‍ട്ടി റിപ്പോര്‍ട്ടിങ്ങും നടത്തിയിരുന്നു.
കള്ളപ്പണ ഇടപാട് കേസില്‍ പാര്‍ട്ടിക്കും ഉന്നത നേതാക്കള്‍ക്കും ബന്ധമുണ്ടെന്ന ഇ.ഡി കണ്ടെത്തലും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറെയും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്തെയും അറസ്റ്റ് ചെയ്തതും ഏരിയ കമ്മിറ്റി അംഗവും തൃശൂര്‍ കോര്പറേഷൻ കൗണ്‍സിലറുമായ അനൂപ് ഡേവീസ് കാടയെയും മുതിര്‍ന്ന നേതാക്കളായ എ.സി. മൊയ്തീനെയും എം.കെ. കണ്ണനെയും സംശയമുനയില്‍ നിര്‍ത്തിയിരിക്കുന്നതും പാര്‍ട്ടിയെ ഏറെ ബാധിച്ചുവെന്നാണ് പുതിയ വിലയിരുത്തല്‍.
ജില്ല സെക്രട്ടേറിയറ്റില്‍ മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചു. ആരോപിതര്‍ക്കെതിരെ നടപടിയില്ലാത്തത് അവരെ സംരക്ഷിക്കുന്നുവെന്ന പ്രതീതിയാണ് പൊതുസമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
നേരത്തേ കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട പാര്‍ട്ടിയുടെ അന്വേഷണ കമീഷൻ റിപ്പോര്‍ട്ട് ചോര്‍ന്നത് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ല കമ്മിറ്റി യോഗത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് വിജയിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും ജില്ല കമ്മിറ്റി യോഗം ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസ് പാലിയേക്കര ടോള്‍ പ്ലാസയിലേക്ക് കഴിഞ്ഞ ദിവസം നടത്തിയ മാര്‍ച്ച് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്ന് വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ചചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.