പറവൂർ : സഹോദരപുത്രൻ വീടു പൊളിച്ചു മാറ്റിയതിനാൽ താമസസൗകര്യം നഷ്ടമായ പെരുമ്പടന്ന വാടാപ്പിള്ളിപറമ്പ് ലീലയെ (56) പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സന്ദർശിച്ചു.
2 ദിവസത്തിനകം ലീലയ്ക്കു സുരക്ഷിതമായി താമസിക്കാൻ താൽക്കാലിക ഷെഡ് നിർമിച്ചു നൽകുമെന്നും മറ്റു സഹായങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബപരമായ തർക്കങ്ങളുള്ള സ്ഥലമായതിനാലാണു സ്ഥിരം സംവിധാനം ഒരുക്കാൻ കഴിയാത്തതെന്നും കേട്ടു കേൾവി പോലുമില്ലാത്ത ക്രൂരതയാണ് ഉണ്ടായതെന്നും പൊലീസ് ഉചിതമായി കേസ് അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.പൊളിച്ച വീടിനു മുന്നിൽ പ്ലാസ്റ്റിക് ഷീറ്റ് ഇട്ടു താൽക്കാലിക താമസസൗകര്യം ഒരുക്കിയ നാട്ടുകാർ കിടക്കാൻ കട്ടിലും നൽകി. പൊളിച്ച വീടിരിക്കുന്ന 22 സെന്റ് സ്ഥലത്തോടു ചേർന്നു കുടികിടപ്പായി ലഭിച്ച 7 സെന്റ്് സ്ഥലത്തിനു ലീലയ്ക്കും 6 സഹോദരങ്ങൾക്കും അവകാശമുണ്ട്.
വീടു പൊളിച്ച സഹോദരപുത്രൻ രമേഷ് ഇവിടെ അടച്ചുറപ്പുള്ള വീടു ലീലയ്ക്ക് നിർമിച്ചു കൊടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
തിരുമാനമുണ്ടാകും വരെ നിലവിലെ സ്ഥലത്തു നിന്നു മാറില്ലെന്നു ലീലയും പറഞ്ഞു. വ്യാഴം പകൽ ലീല ആലുവയിൽ ജോലിക്കു പോയ സമയത്തു മണ്ണുമാന്തി കൊണ്ട് വീട് ഇടിച്ചു പൊളിച്ച സഹോദരപുത്രൻ രമേഷിനെതിരെ പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.
വീടു തകർക്കാൻ ഉപയോഗിച്ച മണ്ണുമാന്തിയും പിടിച്ചെടുത്തിട്ടില്ല. തനിക്കും കുടുംബത്തിനുമൊപ്പം ഈ വീട്ടിൽ താമസിച്ചിരുന്ന അവിവാഹിതയായ ലീലയെ ഇറക്കിവിടാൻ രമേഷ് മുൻപു ശ്രമങ്ങൾ നടത്തിയിരുന്നു. വീടു പൊളിച്ചപ്പോൾ ലീല ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും പാത്രങ്ങളും മറ്റു വസ്തുക്കളും നഷ്ടമായി.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയ പൊലീസ് ലീലയുടെ മൊഴിയെടുത്തിട്ടുണ്ട്. നഗരസഭാധ്യക്ഷ ബീന ശശിധരനും സിപിഎം ഏരിയ സെക്രട്ടറി ടി.ആർ.ബോസും സ്ഥലം സന്ദർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.