കോട്ടയം: ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് പ്രഥമ പരിഗണനനല്‍കി ലോകോത്തരനിലവാരത്തിലേക്കെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു.
കിഫ്ബി, സംസ്ഥാന പ്ലാൻ ഫണ്ട് തുടങ്ങിയ ഫണ്ടുകള്‍ വിനിയോഗിച്ച് ആയിരക്കണക്കിന് പദ്ധതികളാണ് ഉന്നതവിദ്യാഭ്യാസമേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഏറ്റവും മികച്ച ലബോറട്ടറി സംവിധാനങ്ങളും ലൈബ്രറിയും സ്മാര്‍ട്ട് ക്ലാസ് റൂമുകളുമാണ് വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ നൂറ്റാണ്ടില്‍ ലോകം ഉയര്‍ത്തുന്ന വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ കഴിയുന്ന തരത്തില്‍ വിദ്യാര്‍ഥികളെ രൂപപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
നൂതനാശയങ്ങള്‍ സമൂഹത്തിന് പ്രയോജനപ്പെടുംവിധം കൊണ്ടുവരാനും നാടിന് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവരായി മാറാനും വിദ്യാര്‍ഥികള്‍ക്ക് കഴിയണം. ഇതിലൂടെ തൊഴില്ലായ്മ ഒരു പരിധി വരെ കുറയ്ക്കാം. ഗവേഷണാത്മക പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികളെ കൂടുതല്‍ സജ്ജരാക്കണം. സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കായി 500 നവകേരള ഫെലോഷിപ്പുകള്‍ നല്‍കുന്നുണ്ട്.
കൃഷി, വ്യവസായം, ആരോഗ്യം, തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ പ്രയോഗരൂപത്തില്‍ ആവിഷ്‌കരിക്കുന്നതിനായി മാസം ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന ഫെലോഷിപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ആയിരം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിലൂടെ വിദ്യാര്‍ഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ കരുതല്‍ നല്‍കുന്നു. വിദ്യാര്‍ഥികളുടെ ബൗദ്ധികവും ഭാവനാപരവുമായ സംഭാവനകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അഡ്വ. ചാണ്ടി ഉമ്മൻ എം.എല്‍.എ, തോമസ് ചാഴിക്കാടൻ എം.പി. എന്നിവര്‍ വിശിഷ്ടാതിഥികളായി. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, ജില്ലാ പഞ്ചായത്തംഗം രാധാ വി. നായര്‍, ഗ്രാമപഞ്ചായത്ത് അംഗം സെബാസ്റ്റ്യൻ ജോസഫ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.എം. എസ് രാജശ്രീ, കോളജ് പ്രിൻസിപ്പല്‍ ഡോ. എ. പ്രിൻസ്, പി.ടി.എ. പ്രസിഡന്റ് വി.എം. പ്രദീപ്, വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം, സര്‍ക്കിള്‍ സഹകരണ യൂണിയൻ ചെയര്‍മാൻ കെ.എം. രാധാകൃഷ്ണൻ, സൂപ്രണ്ടിംഗ് എൻജിനീയര്‍ എം.ജി. ലൈജു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. കോളജിന് മൂന്നു ബസുകള്‍ എം.പി ഫണ്ട് മുഖേന നല്‍കിയ തോമസ് ചാഴികാടൻ എം.പിയെ എം.ജി സര്‍വകലാശാലാ സിൻഡിക്കേറ്റംഗം റെജി സക്കറിയ ആദരിച്ചു.
13.83 കോടി രൂപ ചെലവില്‍ മൂന്നു നിലകളിലായി 5,801 ചതുരശ്രമീറ്ററിലാണ് ആര്‍ക്കിടെക്ടര്‍ ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്. 6.6 കോടി രൂപ ചെലവിലാണ് 2,979 ചതുരശ്രമീറ്ററുള്ള മെൻസ് ഹോസ്റ്റല്‍ നിര്‍മിച്ചിരിക്കുന്നത്. നാലു നിലകളിലായി 225 വിദ്യാര്‍ഥികള്‍ക്ക് താമസിക്കാനായി ഹോസ്റ്റലില്‍ 74 മുറികളും ആധുനിക രീതിയിലുള്ള അടുക്കളയും മെസ് ഹാളും ക്രമീകരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.