പത്തനംതിട്ട: കേരളത്തിന്റെ സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ നരബലിക്കേസ് പുറത്തുവന്നിട്ട് ഇന്നേക്ക് ഒരുവർഷം. സാമ്പത്തിക അഭിവൃദ്ധിയും ഐശ്വര്യവുമുണ്ടാകുമെന്ന അന്ധവിശ്വാസത്തില്‍ ലോട്ടറി വിൽപനക്കാരായ രണ്ടു സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിനുറുക്കി കുഴിച്ചിട്ടതിന്റെയും വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ അവിശ്വസനീയതോടെയാണ് ഒരു വർഷം മുമ്പ് കേരളം കേട്ടത്. കേരളത്തിൽ ഇങ്ങനെയൊന്നും നടക്കില്ലെന്ന പൊതുബേധം തകർന്നുവീഴുന്നതാണ് പിന്നീട് കണ്ടത്.
പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി (53) ആണ് നരബലിക്കേസിലെ ഒന്നാം പ്രതി. തിരുമ്മുചികിത്സകന്‍ ഇലന്തൂര്‍ പുളിന്തിട്ട കടകംപിള്ളില്‍ ഭഗവല്‍സിങ് (71), ഭാര്യ ലൈല (67) എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. കൊലപാതകം, ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, മോഷണം, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
2022 സെപ്റ്റംബര്‍ 26 മുതല്‍ ലോട്ടറി വിൽപനക്കാരിയായ തമിഴ്‌നാട് സ്വദേശിനിയെ കാണാനില്ലെന്ന കൊച്ചി പൊലീസിന് കിട്ടിയ ഒരു പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് നരബലിക്കേസിന്റെ ചുരുളഴിച്ചത്. കൊച്ചി കടവന്ത്രയില്‍ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന ഇവരെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ വിവരങ്ങളൊന്നും ആദ്യഘട്ടത്തില്‍ ലഭിച്ചില്ല.
ഇവരുടെ അവസാനത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരുവല്ല ഭാഗത്താണെന്ന് കണ്ടെത്തിയത് വഴിത്തിരിവായി. പിന്നാലെ കടവന്ത്ര മുതല്‍ തിരുവല്ല വരെയുള്ള നിരവധി സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. കാണാതായ ലോട്ടറി കച്ചവടക്കാരി സെപ്റ്റംബര്‍ 26ന് എറണാകുളത്തുനിന്ന് ഒരു സ്‌കോര്‍പ്പിയോ കാറില്‍ കയറിപ്പോകുന്ന സിസിടിവി ദൃശ്യം കണ്ടെത്തി.
അന്വേഷണത്തിനൊടുവിൽ ലോട്ടറിക്കച്ചവടക്കാരിയെ കാറില്‍ കയറ്റി കൊണ്ടുപോയ പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യംചെയ്തതോടെയാണ് ആ നടുക്കുന്ന സംഭവകഥ പുറംലോകമറിഞ്ഞത്.വയോധികയെ പീഡിപ്പിച്ച കേസിലടക്കം പ്രതിയാണ് മുഹമ്മദ് ഷാഫി.
പണം തട്ടാനായി ഇയാൾ ആസൂത്രണം ചെയ്ത പദ്ധതിയാണ് ഇരട്ടനരബലിയില്‍ കലാശിച്ചത്. ഫേസ്ബുക്കില്‍ ‘ശ്രീദേവി’ എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ചായികുന്നു തിരുമ്മുചികിത്സകനും വൈദ്യനുമായ ഭഗവല്‍സിങ്ങിനെ ഇയാള്‍ പരിചയപ്പെടുന്നത്. ഇലന്തൂരിലെ വീട് കേന്ദ്രീകരിച്ച് തിരുമ്മുചികിത്സ നടത്തിയിരുന്ന ഭഗവല്‍സിങ് ഹൈക്കു കവിതകളുമായി ഫേസ്ബുക്കില്‍ സജീവമായിരുന്നു.
നിരന്തരമായ ചാറ്റിങ്ങിലും ഫോണ്‍വിളിയിലും ഭഗവല്‍സിങ് വീണു.ഭര്‍ത്താവ് മരിച്ചുപോയെന്നും പിന്നീട് തന്റെ കുടുംബത്തിന് സാമ്പത്തികനേട്ടമുണ്ടായത് ഒരു സിദ്ധന്റെ ആഭിചാരക്രിയകള്‍ കാരണമാണെന്നും ‘ശ്രീദേവി’ ഭഗവല്‍സിങ്ങിനെ വിശ്വസിപ്പിച്ചു. നേരത്തെ മുതൽ അന്ധവിശ്വാസങ്ങള്‍ പിന്തുടര്‍ന്നിരുന്ന ഭഗവല്‍സിങ്ങും ഭാര്യ ലൈലയും ഈ കെണിയില്‍വീണു.
പിന്നാലെ സിദ്ധനായി മുഹമ്മദ് ഷാഫി തന്നെ ദമ്പതിമാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.കൊച്ചിയിൽ നിന്നും കാണാതായ സ്ത്രീയെ നരബലി നല്‍കിയെന്ന് പൊലീസിനോട് പറഞ്ഞ പ്രതികള്‍, നാലു മാസം മുമ്പ് മറ്റൊരു സ്ത്രീയെയും സമാനരീതിയില്‍ നരബലി നല്‍കിയെന്ന് വെളിപ്പെടുത്തിയിരുന്നു. 2022 ജൂണിലാണ് ഇലന്തൂരിലെ വീട്ടില്‍ ആദ്യത്തെ നരബലി അരങ്ങേറിയത്.
എറണാകുളം കാലടിയില്‍ താമസക്കാരിയായ വടക്കാഞ്ചേരി സ്വദേശിനിയെയാണ് മൂവരും ചേര്‍ന്ന് ആദ്യം കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കുഴിച്ചിട്ടത്. ഇതിനു ശേഷവും സാമ്പത്തിക അഭിവൃദ്ധി ലഭിച്ചില്ലെന്ന് ദമ്പതിമാര്‍ പരാതിപ്പെട്ടതോടെ മുഹമ്മദ് ഷാഫി രണ്ടാമത്തെ നരബലി ആസൂത്രണം ചെയ്തു. തുടര്‍ന്നാണ് കൊച്ചിയില്‍നിന്ന് ലോട്ടറി കച്ചവടക്കാരിയെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് നരബലിക്കിരയാക്കിയത്.
ആഭിചാരക്രിയകളുടെ ഭാഗമായി ഷാഫി ഇലന്തൂരിലെ വീട്ടിലെത്തി ദമ്പതിമാരെ നേരിട്ടുകണ്ട് സംസാരിച്ചു. കടുത്ത ലൈംഗികവൈകൃതത്തിന് അടിമയായ മുഹമ്മദ് ഷാഫി ആഭിചാരത്തിന്റെ മറവില്‍ ലൈലയുമായി പോലും ലൈംഗികവേഴ്ചയിലേര്‍പ്പെട്ടു. ഭര്‍ത്താവായ ഭഗവല്‍സിങ്ങിന്റെ മുന്നില്‍വെച്ചാണ് ഇരുവരും ലൈംഗികവേഴ്ചയിലേര്‍പ്പെട്ടതെന്ന് പൊലീസ് പറയുന്നു.
ഇതിനു പിന്നാലെയാണ് നരബലി അടക്കമുള്ള കാര്യങ്ങളിലേക്ക് കടന്നത്.കാലടിയില്‍ താമസിച്ച് ലോട്ടറിക്കച്ചവടം നടത്തിയിരുന്ന വടക്കാഞ്ചേരി സ്വദേശിനിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഷാഫി ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് സ്ത്രീയെ പ്രതികള്‍ ആദ്യം കട്ടിലില്‍ കെട്ടിയിട്ടു. ഇതിനു പിന്നാലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി സ്ത്രീയെ ക്രൂരമായി പീഡിപ്പിക്കുകയും തുടര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
സ്ത്രീയുടെ ശരീരമാസകലം കത്തി കൊണ്ട് മുറിവേല്‍പ്പിച്ച പ്രതികള്‍ രക്തവും ശേഖരിച്ചിരുന്നു. പിന്നാലെ അവയവങ്ങളും മുറിച്ചുമാറ്റി. മൃതദേഹം പല കഷണങ്ങളാക്കി വെട്ടിമുറിച്ചു. ഏകദേശം 30 കഷണങ്ങളാക്കിയാണ് മൃതദേഹം വെട്ടിനുറുക്കിയത്. തുടര്‍ന്ന് നേരത്തെ ശേഖരിച്ച രക്തം വീടിന് ചുറ്റും തളിക്കുകയും വെട്ടിമാറ്റിയ മൃതദേഹാവശിഷ്ടങ്ങള്‍ ഉപ്പു വിതറി കുഴിച്ചിടുകയും ചെയ്തു.
കുഴി മൂടിയ ശേഷം ഇതിന് മുകളില്‍ മഞ്ഞള്‍ചെടികളും നട്ടു. ആദ്യം കൊലപ്പെടുത്തിയ സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ കൈക്കലാക്കിയിരുന്നു. ഈ ആഭരണങ്ങള്‍ പിന്നീട് ഇലന്തൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ പണയംവെച്ചു. ഈ പണവും കൈക്കലാക്കിയാണ് ആദ്യത്തെ കൊലപാതകത്തിന് ശേഷം ഷാഫി ഇലന്തൂരില്‍നിന്ന് മടങ്ങിയത്.
ജൂണില്‍ നരബലി നടത്തിയിട്ടും പ്രതീക്ഷിച്ചപോലെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടായില്ലെന്നായിരുന്നു ഭഗവല്‍ സിങ്ങും ലൈലയും വീണ്ടും ഉന്നയിച്ച പരാതി. ഇതോടെ ശാപം മാറിയിട്ടില്ലെന്നും വീണ്ടും നരബലി നടത്തണമെന്നും ഷാഫി നിര്‍ദേശിച്ചു. 2022 സെപ്റ്റംബറില്‍ കടവന്ത്രയിലെ ലോട്ടറിക്കച്ചവടക്കാരിയായ തമിഴ്‌നാട് സ്വദേശിനി ഷാഫിയുടെ കെണിയിൽ കുടുങ്ങി.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഇവരുമായി ഷാഫി അടുപ്പം സ്ഥാപിച്ചു. ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്ത് ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇലന്തൂരിലെ വീട്ടിലെത്തിച്ച ശേഷം ഇവരെയും മൂന്ന് പ്രതികളുംചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. രണ്ടാമത്തെ നരബലിയില്‍ ലൈലയാണ് ആദ്യം സ്ത്രീയുടെ ശരീരത്തില്‍ കത്തിവെച്ചത്.
കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി 56 കഷണങ്ങളാക്കി. രക്തം ശേഖരിച്ച് വീടിന് ചുറ്റും തളിച്ചു. ജൂണിലെ ആദ്യകൊലപാതകത്തിന് സമാനമായി വെട്ടിനുറുക്കിയ മൃതദേഹാവശിഷ്ടങ്ങള്‍ വീട്ടുവളപ്പില്‍ കുഴിച്ചിടുകയും ചെയ്തു.തമിഴ്‌നാട് സ്വദേശിനിയെ കൊലപ്പെടുത്തിയ ശേഷം മാംസം പാകംചെയ്ത് കഴിച്ചെന്ന ഞെട്ടിക്കുന്ന മൊഴിയും പ്രതികള്‍ പോലീസിന് നല്‍കിയിരുന്നു.
ശരീരം വെട്ടിമുറിച്ച ശേഷം ചില ഭാഗങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചു. ചിലത് വേവിച്ച് പാകംചെയ്ത് കഴിച്ചു. ഷാഫിയുടെ നിര്‍ദേശപ്രകാരം കൂടുതല്‍ ഫലം കിട്ടാനായാണ് ഇവ കഴിച്ചതെന്നായിരുന്നു ലൈലയുടെ മൊഴി. ഭഗവല്‍സിങ് ആദ്യം കഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ നിര്‍ബന്ധിച്ച് വായില്‍വെച്ച് നല്‍കിയെന്നും ഇവര്‍ പറഞ്ഞിരുന്നു.
ഒരു വര്‍ഷം മുമ്പ് പൊലീസ് പിടിയിലായ മൂന്ന് പ്രതികളും ഇപ്പോള്‍ വിചാരണത്തടവുകാരായി ജയിലില്‍ തുടരുകയാണ്. രണ്ട് കൊലപാതകങ്ങളും നടന്ന വീട് പൊലീസ് സീൽചെയ്ത നിലയിലാണ്. കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ മൊബൈൽഫോൺ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കൊലപാതകം, ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, മോഷണം, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ ഒരു കേസിൽ ആറന്മുള പൊലീസ് 1600 പേജുള്ള കുറ്റപത്രം എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.