കുടുംബ ജീവിതം പരാജയപെട്ടാൽ ആത്മഹത്യ ചെയ്യണോ ?
അമിതമായാൽ അമൃതും വിഷം...
കുടുംബജീവിതം പരാജയ പെടുന്നത് ഒന്നുകിൽ ആദ്യകാലത്തു തന്നെ അതായത് വിവാഹ ശേഷം ഉടൻ തന്നെ ഒരഞ്ചു വർഷത്തിനുള്ളിൽ ,അല്ലെങ്കിൽ 16 വർഷത്തിന് ശേഷം ആണത്രേ .സത്യം ആണോ എന്നറിയില്ല .ആദ്യം ആണെങ്കിൽ സ്വഭാവം ഇഷ്ടപ്പെടാതെ ഇട്ടിട്ടു പോകുന്നു .
16 വർഷത്തിന് ശേഷം പെണ്ണുങ്ങൾക്ക് ഒരു 40 വയസിന് അടുത്തെത്തുമ്പോ ഉണ്ടാകുന്ന ഒരു ധൈര്യവും പക്വതയും കാരണം പലതും സഹിച്ചു നിന്നവർ ഇട്ടിട്ടു പോകുന്നു. ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിലെ വിജയരാഘവൻ ചെയ്ത കഥാപാത്രത്തെ പോലെ ഉള്ള ആണുങ്ങളും ഉണ്ടാവാം..
യൂറോപ് പ്രവാസികളെ പറ്റി തന്നെ പറയാം.. പ്രവാസത്തിനു ആദ്യം എത്തുന്നവർ ഭാര്യ ആയാലും ഭർത്താവായാലും പങ്കാളിയെ കൊണ്ടുവരുന്നു ,മക്കൾ ഉണ്ടെങ്കിൽ അവരെയും കൊണ്ടുവരുന്നു . പിന്നെ ഒന്നു സെറ്റിൽ ആകാൻ ഉള്ള തത്രപാടാവും കുറെ നാൾ. അപ്പോളൊക്കെ ഇവർ ഭയങ്കര ഒത്തൊരുമയിൽ ആയിരിക്ക്യും .വാടകക്ക് ഒരു വീട് എടുക്കും, ഒരു കാർ ഒക്കെ എടുക്കും. രണ്ടുപേരും ഷെയർ ചെയ്തു വണ്ടി ഉപയോഗിക്കുന്നവരുണ്ടാകും. ഭാര്യയെ ജോലിക്ക് കൊണ്ടുവിടുന്നവരും ഉണ്ടാകും . ഒത്തുപിടിച്ചു മുന്നോട്ട് പോകും .
പിന്നീട് പതിയെ രണ്ടുപേരും ജോലി ഒക്കെ ആയി സെറ്റിൽ ആകുന്നു. വീട് വാങ്ങുന്നു , ഒരു കാർ എന്നുള്ളത് രണ്ടു കാറ് ഒക്കെ ആകും. രണ്ടുപേരും ഇൻഡിപെൻഡ് ആകുന്നു .ഇക്കാലം ആണു നിങ്ങൾ എറ്റവും സൂക്ഷിക്കേണ്ടത്. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കരുതൽ നഷ്ടപ്പെട്ടാൽ കുടുംബം എട്ടുനിലയിൽ പൊട്ടും . പരസ്‌പരം സ്നേഹം , ബഹുമാനം , കരുതൽ ഇതൊക്കെ ഇല്ലാതായാൽ അതോടെ എല്ലാം തീർന്നു .ഇതിൽ ഏതെങ്കിലും ഒന്നില്ലാതായാലും മതി ചിലപ്പോ ജീവിതം തകരും. പരസ്‌പരം സ്നേഹം പറയാനും സ്നേഹവും കരുതലും ഉണ്ടെന്ന് മനസിലാക്കിപ്പിക്കുന്ന വിധത്തിൽ പെരുമാറാനും കഴിയണം ..
അടുത്ത വില്ലൻ മദ്യം , സുഹൃത്തുക്കൾ എന്നിവ ആണു. പുരുഷൻമാർ ആണു ഇതിൽ രണ്ടിലും പൊതുവെ വീഴുന്ന കൂട്ടർ . (എന്റെ അഭിപ്രായത്തിൽ ) രണ്ടുപേർക്കും എന്ജോയ് ചെയ്യാൻ പറ്റിയ കമ്പനികൾ ആണെങ്കിൽ മാത്രേ സുഹൃത് ബന്ധം നിലനിൽക്കൂ, അതെ പാടുള്ളു .ഭാര്യ അല്ലെങ്കിൽ ഭർത്താവ് സുഹൃത്തായാൽ അതാണ് എറ്റവും നല്ലത് .സുഹൃത് വലയം പിന്നീടുള്ള ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു ഘടകം ആയി മാറും . കുറെ മദ്യപാനികളുടെ ഒക്കെ കൂടെ കൂടിയാൽ self control ഇല്ലാത്തവർ പരിപൂർണ്ണ മദ്യപാനികൾ ആയിത്തീരാൻ സാധ്യത ഉണ്ട്.
കൂടെ കൂടിയ ആർക്കും ആരെയും നന്നാക്കാൻ ബാധ്യത ഇല്ലാത്തത് കൊണ്ട് തന്നെ ആരും ഒരു വിധത്തിലും നിങ്ങൾ നന്നാവാൻ ഒന്നും ചെയ്തു തരാൻ പോകുന്നില്ല. നിങ്ങൾ ഒരു ആൾക്കഹോളിക് ആയാല് പോലും കൂടെ കുടിക്കാൻ ഉണ്ടായിരുന്ന ആരും ഒരു കൈവിരൽ പോലും നിങ്ങളെ നന്നാക്കാൻ വേണ്ടി ചെയ്യില്ല. നിങ്ങളുടെ കുടുംബം ഇതിന്റെ ഇടയിൽ കിടന്ന് കുറെയേറെ കഷ്ടപെടുന്നുണ്ടാവും. നിങ്ങൾ കണ്ടു പരിചയിച്ച നിങ്ങളുടെ അമ്മ ,നിങ്ങളുടെ അപ്പന്റെ എല്ലാ കുറവുകളും ക്ഷമിച്ചു സഹിച്ചു നിന്നിട്ടുണ്ടാവും. ഇന്നത്തെ പെൺകുട്ടികൾക്ക് അതിന്റെ ആവശ്യമില്ല .അവർ വീട്ടിൽ പറയും . വീട്ടുകാർ ഇടപെടും. പിന്നീട് പോലീസ് ആയി കോടതിയായി. പെണ്ണിന്റെ കൂടെ ഒന്നോ രണ്ടോ കുട്ടികൾ ഉണ്ടെങ്കിൽ പിന്നീട് അതുങ്ങളെയും കൊണ്ട് നോക്കാൻ ആളില്ലാതെ ഓട്ടം ആയി .
ഒരു കാര്യം ഉറപ്പിച്ചു പറയാം അതുവരെ കൂടെ കുടിച്ചവരോ കറങ്ങിയവരോ ഒന്നും കോടതിയിലോ police സ്റ്റേഷനിലോ കൂടെ നില്ക്കാൻ ഉണ്ടാവില്ല .സുഹൃത്തുക്കൾ എന്നു നിങ്ങൾ കരുതിയ ഒരു മനുഷ്യരും നിങ്ങളെ താങ്ങാൻ ഉണ്ടാവില്ല .അവർക്കു വേണ്ടി ആയിരിക്കും നിങ്ങൾ നിങ്ങളുടെ ഭാര്യയെ സഹായിക്കാതെ കുഞ്ഞുങ്ങളെ നോക്കാതെ ഇറങ്ങി നടന്നത് .
സുഹൃത്തുക്കൾ നല്ലതല്ല എന്നല്ല. എല്ലാത്തിനും ഒരു പരിധി ഉണ്ടാവണം. അമിതമായാൽ അമൃതും വിഷം. എന്റെ ഭാര്യ അല്ലെങ്കിൽ ഭർത്താവ് 12 നു പകരം 14 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞിട്ടാണ് വരുന്നത് അവരേ കരുതേണ്ടത് ഞാനാണ് എന്നൊരു തോന്നൽ ഉണ്ടാവാത്ത ആണും പെണ്ണും നമ്മുടെ ചുറ്റിനും ഉണ്ട്. അവരോട് തിരിചു എന്തു സ്നേഹം ഉണ്ടാവാനാണ് ?
പെണ്ണുങ്ങൾ പൊതുവെ ഇക്കാര്യത്തിൽ ശ്രദ്ധാലുക്കൾ ആണു എന്നു എനിക്ക് തോന്നുന്നു. എന്നാൽ ആണുങ്ങൾ സ്നേഹവും കരുതലും കാണിക്കുന്നതിൽ പിശുക്ക് കാണിക്കുന്നു .ഇതിനു വിപരീതമായി ആളുകൾ ഇല്ല എന്നല്ല .
ഒരു പെണ്ണും കുറച്ചു നാൾ കഴിഞു വഴക്കിട്ട് പിരിയാം എന്നോർത്തു വിവാഹത്തിലേക്ക് വരുന്നില്ല. പലതും ഗതികേടാണ്, തിരിച്ചും അങ്ങനെ തന്നെ ആകാം.
മറ്റൊരു കാര്യം പലരും പറയുന്നത് ജോലി കിട്ടാത്ത ആണുങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാട് എന്നൊരു വിഷയം ആണു .ക്വാളിഫിക്കേഷന് അനുസരിച്ചു മാത്രേ ജോലി ചെയ്യൂ എന്നോർക്കണ്ട എന്തു ജോലിയും ചെയ്യാൻ തയാറാണോ ജോലി കിട്ടിയിരിക്കും. ഭാര്യയുടെ ഡെബിറ്റ് കാർഡ് പിടിച്ചു വെക്കേണ്ട കാര്യം പിന്നെ നിങ്ങൾക്കുണ്ടാവില്ല.
പെണ്ണുങ്ങളുടെ ഡെബിറ്റ് കാർഡ് അവർക്ക് കാണാൻ പോലും കൊടുക്കാത്ത ആളുകൾ ഇപ്പഴും ഇവിടെ ഉണ്ട് എന്നു കേൾക്കുന്നുണ്ട് .ആ കേട്ടത് സത്യമാവാതിരിക്കട്ടെ. 2 കുപ്പി whisky വാങ്ങുന്ന കാശ് പോലും സ്വന്തം അപ്പനും അമ്മയ്ക്കും കൊടുക്കാൻ അനുവദിക്കാത്ത ഭര്ത്താക്കൻ മാർ ഇപ്പഴും ചുറ്റിനും ഉണ്ടത്രേ .അവരൊക്കെ ഓർത്തോളൂ നിങ്ങളുടെ ഭാര്യ 40 വയസ്സെത്തുന്നെന് മുൻപ് ഓടി രക്ഷപ്പെട്ടോളൂ. അതുവരെയെ ഇതൊക്കെ അവർ സഹിക്കൂ..
പരസ്‌പരം ഇഷ്ടങ്ങളെ പ്രോത്സാഹിപ്പിക്കുക. കഴിവുകളെ ബഹുമാനിക്കുക .അതിനുള്ള അവസരം ഒരുക്കി കൊടുക്കുക എന്നത് വലിയൊരു ജീവിത പാഠം ആണു. അല്ലെങ്കിൽ ഇതും അവസാനം നിരാശയിൽ എത്തിക്കാം .
ഇനീ ആത്‍മഹത്യ യെ പറ്റി പറഞ്ഞാൽ , ഭീരുക്കൾ ആണു ആത്മഹത്യ ചെയ്യുന്നത് എന്നത് മറക്കരുത്. കുറെയേറെ പ്രശ്നങ്ങൾ കഴിഞ്ഞിട്ട് ആത്മഹത്യ ചെയ്താൽ ആ പെണ്ണിനെ വീണ്ടും കുഴിയിലേക്ക് തള്ളിയിടുന്ന അവസ്ഥ ആയി നാട്ടുകാരും വീട്ടുകാരും എല്ലാം പരിഹസിക്കട്ടെ അവളെ എന്ന സ്വാർത്ഥത അല്ലെ ആ ചിന്തയ്ക്ക് പിന്നിൽ ?
എന്തുകൊണ്ട് എനിക്ക് ഒറ്റക്കായാലും പിടിച്ചു നില്ക്കാൻ പറ്റും എന്ന തോന്നൽ ഇല്ലാതെ പോകുന്നു ? നിങ്ങളുടെ കഴിവുകളിൽ നിങ്ങൾക്ക് വിശ്വാസം ഇല്ല അതാണ് കാരണം .ഉയരത്തിൽ പറക്കുന്ന പക്ഷികൾ അതിരിക്കുന്ന കൊമ്പിനേക്കാൾ തന്റെ ചിറകിൽ ആശ്രയം വെക്കുന്നവർ ആണ്.
ഒരു 2 മാസം പ്രായം ഉണ്ടായിരുന്ന കുഞ്ഞിനെ എടുത്തു ആത്മഹത്യ ചെയ്യാൻ പോയൊരു ഭൂതകാലം ചിലപ്പോൾ എങ്കിലും എന്നെ ഇപ്പഴും വേട്ടയാടാറുണ്ട്. അന്ന് ഞാന് 22 വയസുള്ള വെറും പൊട്ടി പെണ്ണ് , അന്ന് ഞാൻ ജീവനോടിരിക്കാൻ കാരണമായ കുഞ്ഞിന്ന് വളർന്ന 18 വയസിൽ എത്താൻ പോകുന്നു. ആത്മഹത്യ ചെയ്യാൻ തോന്നുന്നവർ സ്വന്തം അപ്പനെയും അമ്മയെയും ഓർക്കുക. ജനിപ്പിച്ച കുഞ്ഞുങ്ങളെ ഓർക്കുക.
നിങ്ങളുടെ ജീവിതം കൈവിട്ടു പോയത് നിങ്ങളുടെ തെറ്റുകൾ കാരണം തന്നെ ആയിരിക്കും. മുറിച്ചു മാറ്റേണ്ടവയേ മാറ്റി നോക്കു. ഇനിയും ഒരു ഇന്നിങ്‌സിന് ബാല്യം ഉണ്ടായാലോ ?
............ ✍️
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.