ബെംഗളൂരു: തമിഴ്‌നാടിന് കാവേരിജലം വിട്ടുകൊടുക്കുന്നതിനെതിരേ കന്നഡ-കർഷകസംഘടനകൾ ഇന്ന് ബന്ദ് നടത്തും. കർണാടകത്തിൽ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ നടക്കുന്ന ബന്ദ് ജനജീവിതത്തെ ബാധിച്ചേക്കും.
കന്നഡ സംഘടനകളുടെ കൂട്ടായ്മയായ ‘കന്നഡ ഒക്കൂട്ട’ യാണ് ബന്ദിന് നേതൃത്വം നൽകുന്നത്. 1,900-ത്തിലധികം സംഘടനകൾ ബന്ദിന് പിന്തുണ നൽകിയിട്ടുണ്ടെന്ന് കന്നഡ സംഘടനാ നേതാവും മുൻ എം.എൽ.എ.യുമായ വാട്ടാൾ നാഗരാജ് അറിയിച്ചു.
അക്രമമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ബെംഗളൂരുവിൽ വ്യാഴാഴ്ച രാത്രി 12 മുതൽ വെള്ളിയാഴ്ച രാത്രി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബി.ജെ.പി.യും ജെ.ഡി.എസും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.കാവേരി നദീതടപ്രദേശങ്ങളുൾപ്പെട്ട മൈസൂരു, മാണ്ഡ്യ മേഖലകളിൽ ബന്ദ് തീവ്രമാകുമെന്നാണ് കരുതുന്നത്.
രാവിലെ 11-ന് സംസ്ഥാനത്തെ ദേശീയ പാതകളുൾപ്പെടെ പ്രധാനപാതകളിൽ വാഹനങ്ങൾ തടയുമെന്ന് കർണാടക ജലസംരക്ഷണസമിതി അറിയിച്ചു. കേരളത്തിൽനിന്ന് മൈസൂരുവഴി വരുന്ന വാഹനങ്ങളുടെ യാത്ര തടസ്സപ്പെട്ടേക്കും.
ഓൺലൈൻ ഓട്ടോ-ടാക്സികൾ ഉൾപ്പെടെ സർവീസ് നടത്തില്ല. ബെംഗളൂരുവിലെ ഹോട്ടലുകൾ തുറക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടന അറിയിച്ചു. തിയേറ്ററുകളും പ്രവർത്തിക്കില്ല. ഒട്ടേറെ സ്വകാര്യ സ്കൂളുകളും കോളേജുകളും അവധി പ്രഖ്യാപിച്ചു.
വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാല വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച യു.ജി. കോഴ്‌സ് പരീക്ഷകൾ 30-ലേക്കും പി.ജി. കോഴ്‌സ് പരീക്ഷകൾ ഒക്ടോബർ 10-ലേക്കും മാറ്റി. അതേസമയം, കെ.എസ്.ആർ.ടി.സി.-ബി.എം.ടി.സി. ബസുകൾ പതിവുപോലെ സർവീസ് നടത്തുമെന്ന് അറിയിച്ചു.
തമിഴ്നാട് ബസ് സര്‍വീസുകള്‍ ഇന്ന് അതിര്‍ത്തി വരെ മാത്രം ചെന്നൈ: കാവേരി നദീജലവിഷയത്തില്‍ വെള്ളിയാഴ്ച കര്‍ണാടകയില്‍ ബന്ദ് നടക്കുന്നതിനാല്‍ തമിഴ്നാട് സര്‍ക്കാര്‍ ബസുകള്‍ അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കും.
ചെന്നൈ-ബെംഗളൂരു ബസുകള്‍ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരില്‍ യാത്ര അവസാനിപ്പിച്ച് മടങ്ങും. സേലത്ത് കൊളത്തൂരിലും ഈറോഡ് ജില്ലയില്‍ പുളിഞ്ചൂരിലും സര്‍വീസ് അവസാനിക്കും. തമിഴ്നാട് രജിസ്ട്രേഷനുള്ള മറ്റ് വാഹനങ്ങളും കര്‍ണാടകയില്‍ പ്രവേശിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.