കുപ്രസിദ്ധ ഇറ്റാലിയൻ മാഫിയ തലവൻ മത്തേവോ മെസ്സീന ദിനാറോ(61) മരണപെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍

പലേര്‍മോ: ഇറ്റലിയിലെ കുപ്രസിദ്ധ മാഫിയ തലവനായ മത്തേവോ മെസ്സീന ദിനാറോ(61) ചികിത്സയിലിരിക്കെ മരിച്ചു. കാന്‍സര്‍ ബാധിതനായ മത്തേവോ ഇറ്റലിയിലെ ലാഖ്വയ്‌ലയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറ്റലിയിലെ 'കോസ നോസ്ത്ര' മാഫിയയുടെ തലവനായിരുന്ന മത്തേവോ മെസ്സീന ദിനാറോയെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ജനുവരിയിലാണ് പോലീസ് പിടികൂടിയത്. കാന്‍സര്‍ ബാധിതനായ മത്തേവോയ്ക്ക് തുടര്‍ചികിത്സയും നല്‍കിയിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് ശസ്ത്രക്രിയയ്ക്കും വിധേയനായി. എന്നാല്‍, ആരോഗ്യനില വഷളായതോടെ കഴിഞ്ഞമാസം ജയിലില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റിയതായും വെള്ളിയാഴ്ചയോടെ മത്തേവോ കോമയിലായെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

'മൃതദേഹങ്ങള്‍ കൊണ്ട് സെമിത്തേരി നിറയ്ക്കും' എന്ന് വീമ്പിളക്കിയിരുന്ന മത്തേവോ വര്‍ഷങ്ങളോളം ഇറ്റലിയിലെ മാഫിയ ബോസായി അരങ്ങുവാഴുകയായിരുന്നു. മയക്കുമരുന്ന് കടത്ത്, ആയുധവില്‍പ്പന, കവര്‍ച്ച, നിരവധി കൊലപാതകങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ കുറ്റകൃത്യങ്ങളിലാണ് മത്തേവോയ്ക്ക് പങ്കുള്ളത്. 

കൗമാരം തൊട്ടേ കൊലയും കൊള്ളയും ശീലമാക്കിയ മത്തേവോ അതിവേഗമാണ് മാഫിയാത്തലവനായി വളര്‍ന്നത്.ഇറ്റലിയെ ഞെട്ടിച്ച കൊടുംക്രൂരമായ കൊലപാതകങ്ങളില്‍ പലതിലും മത്തേവോയുടെ സാന്നിധ്യമുണ്ടായിരുന്നു. മാഫിയ സംഘാംഗവും പിന്നീട് പോലീസിന് നിര്‍ണായക വിവരങ്ങള്‍ നല്‍കുകയും ചെയ്ത ഡി മത്തേവോയുടെ 11 വയസ്സുള്ള മകനെ അതിക്രൂരമായി കൊലപ്പെടുത്തിയതും മെസ്സീനയുടെ നേതൃത്വത്തിലായിരുന്നു. 

11 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ സംഘം, രണ്ടു വര്‍ഷത്തോളമാണ് കുട്ടിയെ തടവില്‍ പാര്‍പ്പിച്ച് ഉപദ്രവിച്ചത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആസിഡ് ബാരലിലിട്ട് അലിയിപ്പിക്കുകയും ചെയ്തു.

പ്രോസിക്യൂട്ടര്‍മാരായിരുന്ന ജിയോവന്നി ഫാല്‍ക്കോണി, പൗളോ ബോര്‍സെലിനോ എന്നിവരെ കൊലപ്പെടുത്തിയ കേസിലും മത്തേവോ പ്രതിയാണ്. 1992-ലായിരുന്നു ഈ സംഭവം. 1993-ല്‍ റോമിലും ഫ്‌ളോറന്‍സിലും മിലാനിലും മത്തേവോയും സംഘവും നടത്തിയ ബോംബാക്രമണത്തില്‍ പത്തു പേരാണ് കൊല്ലപ്പെട്ടത്. 

എതിര്‍സംഘത്തിന്റെ തലവനായ വിന്‍സെന്‍സോ മിലാസോയെയും ഇയാളുടെ കാമുകിയെയും 1992 ജൂലായില്‍ കൊലപ്പെടുത്തി. മൂന്നു മാസം ഗര്‍ഭിണിയായിരുന്ന യുവതിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ശേഷം രണ്ട് മൃതദേഹങ്ങളും കുഴിച്ചിട്ടു. 1993 മുതല്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മത്തേവോ ലഹരിമരുന്ന് കടത്തും ആയുധക്കടത്തും നിര്‍ബാധം തുടര്‍ന്നു. ആഡംബരപ്രിയനായിരുന്ന മത്തേവോ വില കൂടിയ സ്യൂട്ടുകളും ഗ്ലാസുകളുമാണ് ധരിച്ചിരുന്നത്. 

റോളക്‌സ് വാച്ചുകളും വിലകൂടിയ ഡിസൈനര്‍ വസ്ത്രങ്ങളും ഏറെ ഇഷ്ടപ്പെട്ടിരുന്ന കുപ്രസിദ്ധ നായകന് നിരവധി കാമുകിമാരുമുണ്ടായിരുന്നു. വന്‍കിട വ്യവസായികളും രാഷ്ട്രീയനേതാക്കളും ഉള്‍പ്പെടെ ഇയാള്‍ക്ക് വന്‍തോതില്‍ പണം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി ഒളിവില്‍കഴിഞ്ഞിരുന്ന മത്തേവോയെക്കുറിച്ച് പോലീസിന്റെ കൈവശവും കാര്യമായവിവരങ്ങളുണ്ടായിരുന്നില്ല. 

ഇയാളുടെ ചില രേഖാചിത്രങ്ങളും ചില ശബ്ദശകലങ്ങളും മാത്രമായിരുന്നു പോലീസിന് കിട്ടിയ തെളിവ്. എന്നാല്‍, വര്‍ഷങ്ങള്‍ പിന്നിട്ടതോടെ മത്തേവോയുടെ പല അനുയായികളെയും പോലീസ് വലയിലാക്കി. ഇതിനുപിന്നാലെയാണ് പലേര്‍മോയില്‍ ഒരു സാധാരണക്കാരനെപ്പോലെ കഴിഞ്ഞിരുന്ന മത്തേവോയെയും പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !