മൊറോക്കോ:ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയെ പിടിച്ചുകുലുക്കി വെള്ളിയാഴ്ച അര്‍ധരാത്രിയുണ്ടായ ശക്തമായ ഭൂകമ്പം. മരണം 2000 കടന്നുവെന്നാണ് അധിതകൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. 2059 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 1404 പേരുടെ നില ഗുരുതരമാണ്.
ഒറ്റപ്പെട്ട ഗ്രാമങ്ങളിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ഈ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മാരകേഷ് നഗരത്തില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു.
ഗതാഗത-വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചു. രാജ്യത്ത് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷങ്ങള്‍തന്നെ വേണ്ടിവരുമെന്നാണ് റെഡ് ക്രോസ് അടക്കമുള്ള സംഘടനകള്‍ പറയുന്നത്.
അറ്റ്ലസ് പര്‍വതമേഖലാ പ്രവിശ്യയായ അല്‍ ഹൗസിലെ 'ഇഖില്‍' ആണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ചരിത്രനഗരമായ മാരകേഷിന് തെക്കുപടിഞ്ഞാറ് 72 കിലോമീറ്റര്‍ അകലെയാണിത്. ഇവിടെ 18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
രാത്രി 11.11 -നുണ്ടായ ഭൂകമ്പം സെക്കന്‍ഡുകള്‍ നീണ്ടുനിന്നു. പിന്നാലെ 4.9 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളുണ്ടായി.കെട്ടിടങ്ങള്‍ക്കടിയില്‍ ഇനിയും ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഉയരുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വൈദ്യുതിയില്ലാതായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
350 കിലോമീറ്റര്‍ അകലെയുള്ള തലസ്ഥാനമായ റബാത്തിലും പ്രകമ്പനം അനുഭവപ്പെട്ടു. ആറുപതിറ്റാണ്ടിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ഭൂകമ്പമാണിതെന്ന് മൊറോക്കോ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജോഗ്രഫി അറിയിച്ചു.
അറ്റ്ലസ് പര്‍വതപ്രദേശത്തെ ഹൗസ്, ടറൗഡന്റ് എന്നിവയുള്‍പ്പെടെയുള്ള അഞ്ച് പ്രവിശ്യകളിലാണ് കൂടുതല്‍ ആള്‍നാശമുണ്ടായത്. തീരപ്രദേശങ്ങളായ റബാത്, കാസബ്ളാങ്ക, എസോയിറ എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി. 2004-ലാണ് മൊറോക്കോയില്‍ അവസാനമായി ഭൂകമ്പമുണ്ടായത്. അന്നത്തെ ഭൂകമ്പത്തില്‍ 628 പേര് കൊല്ലപ്പെടുകയും 926 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
1960 -ലുണ്ടായ ഭൂകമ്പത്തില്‍ (5.8 തീവ്രത) 12000 പേര് മരിച്ചു. ഭൂകമ്പം തകര്‍ത്തെറിഞ്ഞത് പൈതൃകനഗരത്തെ മാരകേഷ്: വെള്ളിയാഴ്ച രാത്രി സമയം-11.11. മാരകേഷ് നഗരം ഉറങ്ങുകയോ ഉറക്കത്തിലേക്ക് പ്രവേശിക്കുകയോ ആയിരുന്നു. അന്നേരമുണ്ടായ ശക്തമായ ഭൂകമ്പം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടവും യുനെസ്കോ പൈതൃകനഗരവുമായ മാരകേഷിനെ തകര്‍ത്തുതരിപ്പണമാക്കി.
പുരാതനകെട്ടിടങ്ങള്‍ പലതും തകര്‍ന്നു. ഉറക്കച്ചടവില്‍ ഓടിരക്ഷപ്പെടാന്‍പോലും പലര്‍ക്കുമായില്ല. ''ചുമരിലെ വസ്തുക്കള്‍ ഇളകാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ മാസങ്ങള്‍ പ്രായമുള്ള തന്റെ കുഞ്ഞിനെയെടുത്ത് ഓടുകയായിരുന്നു. മറ്റുവീട്ടുകാരെക്കുറിച്ചുപോലും ചിന്തിച്ചില്ല.''- രക്ഷപ്പെട്ട ഒരച്ഛന് പറഞ്ഞു. ഭൂകമ്പം കനത്തനാശംവിതച്ച മാരകേഷ്-സഫി മേഖലയില്‍ 45 ലക്ഷംപേരാണ് താമസിക്കുന്നത്.
ഭൂകമ്പത്തിന്റെ പ്രകമ്പനം പോര്‍ച്ചുഗലിലും അല്‍ജീരിയയിലും സ്പെയിനിലും അനുഭവപ്പെട്ടെന്ന് പോര്‍ച്ചുഗല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സീ ആന്‍ഡ് അറ്റ്മോസ്ഫിയറും അല്‍ജീരിയന്‍ സിവില്‍ ഡിഫന്‍സ് ഏജന്‍സിയും അറിയിച്ചു. മൊറോക്കോയിലെ നാലാമത്തെ വലിയനഗരമാണ് മാരകേഷ്. രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി ഭൂപ്രകൃതി അല്‍ഹൗസ് പ്രവിശ്യയിലെ ഭൂകമ്പബാധിതമേഖലകളിലേക്ക് സഹായമെത്തിക്കാന്‍ റോഡുഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് ടാലത് എന്‍ യാക്കൂബ് നഗരഭരണകൂടം അറിയിച്ചു.
പലതും പര്‍വതപ്രദേശങ്ങളിലെ വിദൂരഗ്രാമങ്ങളായതിനാല് രക്ഷാപ്രവര്ത്തകര്ക്കിങ്ങോട്ടെത്താന് ദുര്‍ഘടമായ പാതകള്‍ താണ്ടണം. രക്ഷാപ്രവര്‍ത്തനത്തിനായി മൊറോക്കന്ഭരണകൂടം സൈന്യത്തെയും അടിയന്തരസേനയെയും വിന്യസിച്ചു. സഹായത്തിന് റെഡ്ക്രോസും രംഗത്തുണ്ട്. ട്രക്കിങ്ങടക്കമുള്ള സാഹസികവിനോദസഞ്ചാരത്തിനും പ്രസിദ്ധമാണ് അല്‍ഹൗസ്. അറ്റ്ലസ് പര്‍വതനിരകളുടെ മനോഹാരിത ആസ്വദിക്കാന്‍ വിനോദസഞ്ചാരികള്‍ക്കുവേണ്ടി ചെറുഗ്രാമങ്ങളും ഇവിടെയുണ്ടാക്കിയിട്ടുണ്ട്.
തകര്‍ന്ന് മാരകേഷിന്റെ മേല്‍ക്കൂര മാരകേഷിന്റെ മേല്‍ക്കൂര എന്നറിയപ്പെടുന്ന കൂട്ടോബിയ പള്ളിയും ഭൂകമ്പത്തില്‍ തകര്‍ന്നു. 12-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളിക്ക് 69 മീറ്റര്‍ ഉയരമുണ്ട്. യുനെസ്കോയുടെ പൈതൃകപട്ടികയിലിടം നേടിയ പുരാതനനഗരത്തെ ചുറ്റിയുള്ള പ്രശസ്തമായ ചെമ്മതിലിനും കേടുപാടുകള്‍ പറ്റി. അനുശോചിച്ച് മോദി മൊറോക്കന്‍ ഭൂകമ്പത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടുക്കം രേഖപ്പെടുത്തി.
മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞ മോദി ഈ പ്രതിസന്ധിഘട്ടത്തില്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്കാന് സര്‍ക്കാര്‍ സന്നദ്ധമാണെന്ന് സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു.ഇന്ത്യയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കെത്തിയ മറ്റുലോകനേതാക്കളും മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. പിന്തുണയുമായി ലോകം മൊറോക്കോയ്ക്ക് പിന്തുണയും സഹായവുമായി ലോകരാജ്യങ്ങള്‍.
തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്ദുഗാന് സഹായം പ്രഖ്യാപിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ സിറിയന്‍ അതിര്‍ത്തിയിലുണ്ടായ ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍മാത്രം പതിനായിരങ്ങള്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു. മൊറോക്കന്‍ കുടിയേറ്റക്കാര്‍ ഏറെയുള്ള ഫ്രാന്‍സും ജര്‍മനിയും സഹായം വാഗ്ദാനംചെയ്തു. മൊറോക്കന്ജനതയ്ക്ക് പിന്തുണയുമായി റഷ്യയും യുക്രൈനും രംഗത്തെത്തി. മൊറോക്കോയ്ക്ക് എല്ലാവിധ മാനുഷിക-സാമ്പത്തിക സഹായവും ലഭ്യമാക്കുമെന്ന് യു.എന്‍. അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.