കോട്ടയം:സോളാര്‍ ബലാത്സംഗക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നല്‍കാനുള്ള മൊഴി പരാതിക്കാരി എഴുതിനല്‍കിയെന്ന വെളിപ്പെടുത്തലുമായി പി.സി. ജോര്‍ജ്. പരാതിക്കാരി തന്നെ തെറ്റിദ്ധരിപ്പിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരെ അന്ന് നടത്തിയ പ്രസ്താവനകള്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്നും പി.സി. ജോര്‍ജ് പ്രമുഖ മാധ്യമ സ്ഥാപനത്തോട് വെളിപ്പെടുത്തി.
കാലഹരണപ്പെട്ടുപോയ വിവാദം വീണ്ടും തുറക്കണമെന്ന് തനിക്ക് അഭിപ്രായമില്ല. ഉമ്മന്‍ചാണ്ടി മോശമായി പെരുമാറിയെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍ ആദ്യം താന്‍ സംശയിച്ചു. എന്നാല്‍, അവര്‍ പറഞ്ഞ സാഹചര്യം വെച്ച് തെറ്റിദ്ധരിച്ചുപോയി.
ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തോട് പക്ഷേ സംഭവം തെറ്റാണെന്ന് പറഞ്ഞു. ഉമ്മന്‍ചാണ്ടി അങ്ങനെ പെരുമാറുന്നത് കണ്ടിട്ടില്ലെന്ന് മൊഴി നല്കി. പിണറായി വിജയന് അധികാരത്തില്‍ വന്നപ്പോള്‍ പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങി അന്വേഷണം സി.ബി.ഐക്ക് വിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
'സി.ബി.ഐ. അന്വേഷണം ആയപ്പോള്‍ ഈ സ്ത്രീ ഇവിടെ വന്നു, പര്‍ദ്ദയൊക്കെ ധരിച്ച് ആരും കാണാതെയാണ് വന്നത്. മുഖ്യമന്ത്രിയുമായി സംസാരിച്ചു, ഉമ്മന്‍ചാണ്ടിയെ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞിരിക്കുകയാണ്, സാറൊന്ന് സഹായിക്കണമെന്ന് പറഞ്ഞു. എങ്ങനെയെന്ന് ചോദിച്ചപ്പോള്‍, ഇതുപോലെ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് എഴുതിത്തന്നു. ഞാനൊന്നും മിണ്ടിയില്ല, കാരണം അവരോട് പിണങ്ങാന്‍ കഴിയില്ല.
അവര്‍ ക്രൂശിക്കപ്പെട്ടൊരു സ്ത്രീയാണ്, അതാണ് എനിക്ക് അവരോട് സഹതാപം. ഞാനൊന്നും മിണ്ടിയില്ല, അവരങ്ങ് പോയി. സി.ബി.ഐ. ഉദ്യോഗസ്ഥര്‍ വന്നു, പരാതി വസ്തുതാവിരുദ്ധമാണെന്ന് ഞാന്‍ പറഞ്ഞു. പ്രസ്താവന നടത്തിയത് ശരിയാണ്, അന്നത്തെ സാഹചര്യംവെച്ച് വൈരാഗ്യം തീര്‍ത്തതാണ് എന്ന് പറഞ്ഞ്, അവര്‍ എഴുതിത്തന്ന കടലാസ് എടുത്ത് സി.ബി.ഐ. ഉദ്യോഗസ്ഥര്‍ക്ക് കൊടുത്തു. അതുവായിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് സത്യമാണെന്ന് അവര്‍ക്ക് മനസിലായി', പി.സി. ജോര്‍ജ് വെളിപ്പെടുത്തി.
മാധ്യമങ്ങളില്‍ പറഞ്ഞത് മൊഴിയായി നല്കിയാല് ഉമ്മന്‍ചാണ്ടിയെ അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം എന്നവര്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞു. എന്നാല്‍ തന്നെ അതിന് കിട്ടില്ലെന്ന് പറഞ്ഞുവെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.
'ദല്ലാള്‍ നന്ദകുമാറാണ് ഇതിന്റെയെല്ലാം ആളെന്ന് എനിക്കറിയാം. അവനെ കണികണ്ടാല്‍ കഞ്ഞികിട്ടുകേല. അവന് എന്ത് വൃത്തികേടും ചെയ്യുന്നവനാണ്. ഇവിടുത്തെ പൊതുപ്രവര്‍ത്തകരോട് പറയുകയാ, അവനെ സൂക്ഷിക്കണം. ആരേയും കെണിയില്‍പ്പെടുത്താന്‍ മിടുക്കനാണവന്‍. എന്റെടുത്ത് ഗണേഷ്കുമാറിന്റെ പേരോ ശരണ്യാമനോജിന്റെ പേരോ ആരും പറഞ്ഞിട്ടില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.