കല്പറ്റ: മുട്ടില്‍ മരംമുറിക്കേസില്‍ മുഖ്യസൂത്രധാരനായ റോജി അഗസ്റ്റിന് ഉള്‍പ്പെടെ 35 പേര്‍ക്ക് കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട്(കെ.എല്‍.സി) പ്രകാരം പിഴയടയ്ക്കാന്‍ റവന്യൂവകുപ്പ് നോട്ടീസ് നല്കി. 35 കേസുകളിലായി ഏഴുകോടിയാണ് കണക്കാക്കിയിരിക്കുന്നത്. മുറിച്ചുകടത്തിയ മരത്തിന്റെ മൂന്നിരട്ടിയാണ് പിഴയായി നിശ്ചയിച്ചിരിക്കുന്നത്. ഒരുമാസത്തിനകം തുകയടച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് നീങ്ങും.
റോജി അഗസ്റ്റിന് കബളിപ്പിച്ച ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുള്‍പ്പെടെയുള്ള കര്‍ഷകര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ആന്റോ അഗസ്റ്റിനും ജോസ്കുട്ടി അഗസ്റ്റിനുമുള്‍പ്പെട്ട 27 കേസുകളില്‍ വനംവകുപ്പ് വില അന്തിമമായി നിശ്ചയിച്ച് നല്‍കാനുണ്ട്. അത് ലഭിക്കുന്ന മുറയ്ക്ക് അവര്‍ക്കും നോട്ടീസ് നല്‍കും.
ചില കേസുകളില്‍ വനംവകുപ്പ് ഒരുമിച്ചാണ് വിലനിശ്ചയിച്ച് നല്‍കിയത്. വീഴ്ചകളുള്ള റിപ്പോര്‍ട്ടുകള്‍ വനംവകുപ്പിന് തിരിച്ചയച്ചിട്ടുണ്ട്.
തങ്ങളുടെ പേരില്‍ വ്യാജ അപേക്ഷ തയ്യാറാക്കിയാണ് റോജി അഗസ്റ്റിന് പട്ടയഭൂമിയിലെ മരംമുറിച്ചുകൊണ്ടുപോയതെന്ന് ആദിവാസികളുള്‍പ്പെടെ ഏഴുപേര്‍ പോലീസിന് മൊഴിനല്‍കിയിരുന്നു. പക്ഷേ, അവരെ കെ.എല്‍.സി.നടപടികളില്‍നിന്ന് ഒഴിവാക്കണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് ആവശ്യമാണ്.
അതുവരെ നടപടി നേരിടേണ്ടിവരും. മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരമാണ് റവന്യൂവകുപ്പ് നടപടി തുടങ്ങിയത്. ഭൂവുടമകള്‍ക്കും മരംവാങ്ങിയവര്ക്കുമെതിരേയെല്ലാം കെ.എല്‍.സി. ആക്ട് പ്രകാരം നടപടിയെടുത്തിട്ടുണ്ട്. 104 മരങ്ങളാണ് മുട്ടില്‍ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി അഗസ്റ്റിന് സഹോദരങ്ങള്‍ ചേര്‍ന്ന് മുറിച്ചുകടത്തിയത്. 574വര്‍ഷംവരെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചത്.
ഇതില്‍ വനംവകുപ്പ് പിടിച്ചെടുത്തവ കുപ്പാടിയിലെ വനംവകുപ്പിന്റെ ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസില്‍ താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ കുറ്റപത്രം അടുത്തമാസം ആദ്യം കോടതിയില്‍ സമര്‍പ്പിക്കും. അതിനൊപ്പം റവന്യൂനടപടികള്‍കൂടി ശക്തമാവുന്നതോടെ പ്രതികള്‍ക്ക് കുരുക്ക് മുറുകും.
വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനക്കുറ്റം, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളും കേസിലെ മുഖ്യപ്രതികളായ അഗസ്റ്റിന് സഹോദരങ്ങള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. മരംമുറി നടന്ന് രണ്ടുവര്‍ഷത്തിനുശേഷമാണ് റവന്യൂവകുപ്പ് നടപടികള്‍ ആരംഭിക്കുന്നത്.
കാലതാമസമുണ്ടാവുന്നുവെന്ന പരാതിയെത്തുടര്‍ന്ന് റവന്യൂമന്ത്രി കെ. രാജന് ഇടപെടുകയായിരുന്നു. തുടര്‍ന്ന് ഒരുമാസത്തിനകം നോട്ടീസ് നല്‍കാനുള്ള നപടികള്‍ പൂര്‍ത്തിയാക്കാന്‍ വയനാട് കളക്ടര്‍ ഡോ. രേണുരാജ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.