ന്യൂഡല്‍ഹി: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സാമ്പത്തിക പരിധിയില്ലാതെ ഏത് പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അനുമതി നല്കുന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിര്‍മാണം ഊരാളുങ്കലിന് നല്‍കിയതിനെതിരായ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടെ ബഹുഭൂരിപക്ഷം ഓഹരികളും സംസ്ഥാന സര്‍ക്കാരിന്റെതാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കുറഞ്ഞ തുക പറഞ്ഞ സ്വകാര്യ കോണ്‍ട്രാക്ടറുടെ ക്വട്ടേഷനെക്കാള്‍ പത്ത് ശതമാനം വരെ തുകയ്ക്ക് സഹകരണ സൊസൈറ്റി നിര്‍മാണ കരാര്‍ ഏറ്റെടുക്കുമെങ്കില്‍ നല്‍കാമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിര്‍മാണ കരാറുകളില്‍ സഹകരണ സൊസൈറ്റികള്‍ക്ക് ഇളവ് അനുവദിക്കുന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനം ആണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണത്തിന് ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ നല്‍കിയത് എ.എം. മുഹമ്മദ് അലിയുടെ നിര്മാണ് കണ്‍സ്ട്രക്ഷന്‍സ് ആയിരുന്നു. എന്നാല്‍, നിര്മാണ് കണ്‍സ്ട്രക്ഷന്‍സ് നല്കിയ ക്വട്ടേഷനെക്കാളും 7.10 ശതമാനം അധികം തുക ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ കരാര്‍ നല്‍കാനായിരുന്നു കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്.
ഇതിനെതിരെ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഉയര്‍ന്ന തുകയുടെ ക്വട്ടേഷന്‍ നല്കിയ സൊസൈറ്റിക്ക് നിര്‍മ്മാണ കരാര്‍ എങ്ങനെ നല്കാന് കഴിയുമെന്ന് സ്റ്റേ ഉത്തരവ് പുറപ്പടുവിച്ച് കൊണ്ട് കോടതി ആരാഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.