തിരുവനന്തപുരം: സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടാണെന്ന സ്പീക്കര്‍ എ.എൻ.ഷംസീറിന്റെ പരാമര്‍ശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ.
ഷംസീറിന്റെ പരാമര്‍ശത്തേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും, 'ശരി.. ശരി' എന്ന മറുപടിയോടെ അദ്ദേഹം വാഹനത്തില്‍ കയറിപ്പോവുകയായിരുന്നു. അതേസമയം, കരുവന്നൂരില്‍ ചില തെറ്റായ പ്രവണതകളുണ്ടായെന്നും അദ്ദേഹം സമ്മതിച്ചു. അതെല്ലാം പരിഹരിച്ചുവെന്നും പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, അവിടെ ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. അത് തെറ്റായ പ്രവണതയാണ്. ആ തെറ്റായ പ്രവണതകളെ മാറ്റി ശരിയായ ദിശയിലേക്ക് കാര്യങ്ങളെ നയിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അത് എവിടെയായാലും അതേ നിലപാടു തന്നെയാണ്. ഈ നിലപാടില്‍നിന്ന് ഒരു വിട്ടുവീഴ്ചയും ചെയ്യാൻ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. അത്രേയുള്ളൂ.' ഗോവിന്ദൻ പറഞ്ഞു.
അവിടെയുണ്ടായ ശരിയല്ലാത്ത നിലപാടിനെ ശരി എന്നു പറയണോയെന്നും, ഒരു ചോദ്യത്തിന് ഉത്തരമായി ഗോവിന്ദൻ പറഞ്ഞു. സഹകരണ മേഖലയുടെ മുഖത്തൊന്നും ഉണ്ടായിട്ടില്ല. സഹകരണ മേഖലയുടെ മുഖത്ത് എന്തെങ്കിലും പ്രശ്നമുണ്ടാക്കാൻ നിങ്ങളേപ്പോലുള്ള ആളുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടുവം സര്‍വീസ് സഹകരണ ബാങ്ക് കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന നൂതന പദ്ധതികളും സ്നേഹ സ്പര്‍ശം ക്ഷേമപദ്ധതിയും ഉദ്ഘാടനം ചെയ്യുമ്പോഴാണ്, കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂര്‍ എന്ന് സ്പീക്കര്‍ എ.എൻ.ഷംസീര്‍ അഭിപ്രായപ്പെട്ടത്. അടിക്കാനുള്ള വടി നമ്മള് തന്നെ ചെത്തിക്കൊടക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.