ഗാൾവേ: പത്തനംതിട്ട കുളനട മാന്തുക പുതുപ്പറമ്പിൽ വലിയവിളയിൽ റോജി വില്ലയിൽ പരേതനായ ജോൺ ഇടിക്കുളയുടെ മകൻ നഴ്‌സായ റോജി പി. ഇടിക്കുള (37) അയർലൻഡിൽ നിര്യാതനായി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡബ്ലിൻ ബൂമൗണ്ട് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 6.35 ന് മരണം.
മരണത്തെ തുടർന്ന് റോജിയുടെ ആഗ്രഹ പ്രകാരം അവയവങ്ങൾ ദാനം ചെയ്തു. അവയവ ദാനമെന്ന മഹത് കർമ്മത്തിലൂടെ മരണശേഷവും റോജി നിരവധി പേർക്ക് സ്വാന്തനമേകും
ഓഗസ്റ്റ് 25 ന് ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ റോജിക്ക് കടുത്ത തലവേദന ഉണ്ടായിരുന്നു. തുടർന്നു ഗാൾവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടുകയായിരുന്നു. തലച്ചോറിൽ ഉണ്ടായ രക്തസ്രാവമാണ് ശാരീരിക അസ്വസ്ഥതകൾക്ക് കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായാണ് ഡബ്ലിനിലെ ബൂമൗണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർച്ചയായി ഉണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായത്.
നാട്ടിലും ഖത്തറിലും വിവിധ ആശുപത്രികളിൽ നഴ്സായി ജോലി ചെയ്തിരുന്ന റോജി ഏകദേശം രണ്ട് വർഷം മുൻപാണ് അയർലൻഡിൽ എത്തിയത്. ഒന്നര വർഷം മുൻപ് ഗാൾവേയിലെ ട്യൂമിൽ കുടുംബമായി താമസം തുടങ്ങിയ റോജി ആദ്യം കോർക്കിലാണ് താമസിച്ചിരുന്നത്. കേരളത്തിലും ഖത്തറിലും വിവിധ നഴ്സിങ് സംഘടനകളിൽ പ്രവർത്തിച്ചിരുന്ന റോജി കേരളത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു.
അയർലൻഡിൽ വിവിധ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഗാൾവേ സെന്റ് ഏലിയ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമാണ് റോജി. മൂന്ന് മാസം മുൻപ് മാതാവ് റോസമ്മ ഇടിക്കുള ഏക മകനായ റോജിയേയും കുടുംബത്തെയും സന്ദർശിക്കുവാൻ അയർലൻഡിൽ എത്തിയിരുന്നു. സന്തോഷത്തിൽ കഴിയവെ ആക്‌സ്മികമായി ഉണ്ടായ റോജിയുടെ മരണം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.
പത്തനംത്തിട്ട മാന്തളിർ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമായ റോജിയുടെ സംസ്കാരം നാട്ടിൽ വച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും നടപടിക്രമങ്ങൾക്കുമായി വിവിധ സംഘടനകൾ ചേർന്നു പ്രവർത്തിക്കുന്നുണ്ട്. അയർലൻഡിലെ ഗാൾവേയിൽ പൊതുദർശനം നടത്തും.
റോജിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകാനായി നടത്തുന്ന ധനസമാഹരണത്തിൽ നിങ്ങളും പങ്കാളിയാക്കുക. https://gofund.me/d6d28f51
റോജി പി ഇടിക്കുളയുടെ ഭൗതിക ശരീരം പൊതുദർശനം സെപ്റ്റംബർ 6, ബുധനാഴ്ച നടക്കും. വൈകുന്നേരം 5 മുതൽ 7 മണിവരെ,കൗൺട്ടി ഗാൽവേയിൽ ട്യൂമിലുള്ള ഗ്രോഗന്റ്സ് ഫ്യൂണറൽ ഹോമിലാണ് പൊതുദർശനം.
Location:
Barrack Street,
Tuam
H54 Y677
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.