ബാഗ്ദാദ് ; പതിനായിരക്കണക്കിന് ആളുകള്‍ താമസിക്കുന്ന വടക്കുകിഴക്കൻ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പ് അടച്ചു പൂട്ടാനുള്ള നീക്കവുമായി ഇറാഖ്. തങ്ങളുടെ പൗരന്മാരെ തിരിച്ചയക്കുന്നതിനൊപ്പം മറ്റ് രാജ്യങ്ങളിലെ ഭീകരരെ ഏറ്റെടുക്കാനും അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന .
ഇന്ന്, ഇറാഖ്-സിറിയ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ സൗകര്യത്തെ ഇറാഖ് ഉദ്യോഗസ്ഥര്‍ കാണുന്നത് തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് വലിയ ഭീഷണിയായാണ്.
"ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു ടൈം ബോംബാണിത്" എന്ന് ഇറാഖിലെ മൈഗ്രേഷൻ ആൻഡ് ഡിസ്‌പ്ലേസ്ഡ് മന്ത്രാലയത്തിന്റെ വക്താവ് അലി ജഹാംഗീര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട് . ജനുവരി മുതല്‍, അല്‍-ഹോളില്‍ നിന്ന് 5,000-ലധികം ഇറാഖികളെ തിരിച്ചയച്ചിട്ടുണ്ട്, വരും ആഴ്ചകളില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രധാനമായും സ്ത്രീകളും കുട്ടികളുമാണ് ഇവിടെ നിന്ന് അയക്കപ്പെടുന്നത്. ഐഎസ് അംഗങ്ങളെന്ന നിലയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത ഇറാഖി പുരുഷന്മാര്‍ വിചാരണ നേരിടേണ്ടിവരുമെന്ന് ഭയന്ന് മടങ്ങിപ്പോകാൻ വിമുഖത കാട്ടുന്നുണ്ട് .
ഇറാഖില്‍ എത്തിക്കഴിഞ്ഞാല്‍, തടവുകാരെ സാധാരണയായി വടക്കൻ നഗരമായ മൊസൂളിനടുത്തുള്ള ജഡാ ക്യാമ്പിലേക്ക് കൊണ്ടുപോകും, അവിടെ അവര്‍ യു.എൻ ഏജൻസികളുടെ സഹായത്തോടെ പുനരധിവാസ പരിപാടികള്‍ക്ക് വിധേയരാകുകയും അവരുടെ ജന്മനാടുകളിലേക്കോ ഗ്രാമങ്ങളിലേക്കോ തിരികെ പോകാൻ അനുവദിക്കുകയും ചെയ്യും.
പ്രോഗ്രാമുകളില്‍ സൈക്കോളജിസ്റ്റുകളുമൊത്തുള്ള തെറാപ്പി സെഷനുകളും വിദ്യാഭ്യാസ ക്ലാസുകളും ഉള്‍പ്പെടുന്നു, ഇത് ഐഎസിന് കീഴില്‍ സ്വീകരിച്ച പ്രത്യേക മാനസികാവസ്ഥയെ അതിജീവിക്കാൻ അവരെ സഹായിക്കുന്നു.
ക്യാമ്പിനെ "ഭീകരവാദത്തിന്റെ ഉറവിടം" എന്ന് വിശേഷിപ്പിച്ചുകൊണ്ട് അല്‍ ഹോളില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ കൊണ്ടുപോകണമെന്നും ഇറാഖ് മറ്റ് രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് . അല്‍-ഹോളിലെ പൗരന്മാരുള്ള എല്ലാ രാജ്യങ്ങള്‍ക്കും ക്യാമ്പ് അടയ്‌ക്കുന്നതിന് അവരെ എത്രയും വേഗം സ്വദേശത്തേക്ക് കൊണ്ടുപോകണമെന്നാണ് ഇറാഖ് ആവശ്യപ്പെടുന്നത്.
ഇപ്പോഴും ക്യാമ്പിലുള്ളവരില്‍ ഐഎസില്‍ ചേര്‍ന്ന 60 ഓളം രാജ്യങ്ങളിലെ പൗരന്മാരും ഉള്‍പ്പെടുന്നു . ക്യമ്പില്‍ നിലവില്‍ 23,353 ഇറാഖികളും 17,456 സിറിയക്കാരും 7,438 മറ്റ് രാജ്യക്കാരുമുണ്ടെന്ന് വടക്കുകിഴക്കൻ സിറിയയിലെ കുടിയൊഴിപ്പിക്കപ്പെട്ട ക്യാമ്പുകളുടെ മേല്‍നോട്ടം വഹിക്കുന്ന കുര്‍ദിഷ് ഉദ്യോഗസ്ഥനായ ഷെയ്ഖ്മൂസ് അഹ്മദ് പറഞ്ഞു. വിദേശികള്‍ ന്യൂനപക്ഷമാണെങ്കിലും, അവര്‍ അല്‍-ഹോളിലെ ഏറ്റവും പ്രശ്‌നക്കാരായാണ് പലരും കാണുന്നത് - അദ്ദേഹം പറഞ്ഞു .
അതേസമയം ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാൻ രാജ്യം വിട്ടു പോയ മലയാളികള്‍ അല്‍ ഹോള്‍ ക്യാമ്പില്‍ ഇപ്പോള്‍ ഉണ്ടോയെന്നതിനെ പറ്റി റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല . മലയാളികള്‍ ഉണ്ടെങ്കില്‍ അവരെയും തിരിച്ചയക്കുന്നതിനെ പറ്റി ഇറാഖ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടേക്കാം .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.