തൊടുപുഴ:ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ പൊതു പരീക്ഷയുടെ മൂല്യനിർണ്ണയ ജോലിയുടെ പ്രതിഫലം തടഞ്ഞു വച്ച് അര വർഷക്കാലം പിന്നിടുന്നു.
പ്ലസ് വൺ പ്ലസ് ടു പൊതു പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിടുമ്പോഴും 2023 ഏപ്രിൽ മാസത്തിൽ നടന്ന ഹയർ സെക്കണ്ടറി പരീക്ഷകളുടെ മൂല്യനിർണയത്തിന്റെ പ്രതിഫലമാണ് ഇപ്പോഴും തടഞ്ഞു വച്ചിരിക്കുന്നത്.ഒന്നാം വർഷ പരീക്ഷാഫലം മെച്ചപ്പെടുത്താനുള്ള ഇംപ്രൂവ്മെൻറ് പരീക്ഷയുടെ മുഴുവൻ ഫീസും സ്വീകരിച്ച് ഒക്ടോബർ 9 ന് പരീക്ഷ ആരംഭിക്കാനിരിക്കുമ്പോഴും മാസങ്ങൾ മുമ്പേ നടന്ന മൂല്യനിർണ്ണയ ജോലിയുടെ പ്രതിഫലമാണ് ഇപ്പോഴും തടഞ്ഞുവച്ചിരിക്കുന്നത്.
സംസ്ഥാനത്തുടനീളം 80 ക്യാമ്പുകളിലായി നടന്ന ഹയർസെക്കണ്ടറി കേന്ദ്രീകൃത മൂല്യനിർണയത്തിന്റെ പ്രതിഫലം നൽകുന്നതിന് ഏതാണ്ട് ചെലവു വരുന്ന 30.4 കോടി രൂപയുടെ സ്ഥാനത്ത് കേവലം 8.9 കോടി രൂപ മാത്രമാണ് എല്ലാ ക്യാമ്പുകളിലേക്കുമായി അനുവദിച്ചത്. ആകെ വേണ്ട തുകയുടെ നാലിലൊന്ന് തുക മാത്രം അനുവദിച്ചതിനാൽ കേവലം 25 ശതമാനം അധ്യാപകർക്ക് മാത്രമാണ് പ്രതിഫലം ലഭ്യമായത്. അതേ സമയം ഹയർസെക്കണ്ടറി മൂല്യനിർണ്ണയത്തോടൊപ്പം നടന്ന എസ് എസ് എൽ സി പരീക്ഷാ മൂല്യനിർണ്ണയത്തിന്റെ മുഴുവൻ പ്രതിഫലവും അധ്യാപകർക്ക് അതാതു സമയം വിതരണം ചെയ്തിട്ടുണ്ട്.പരീക്ഷകൾക്കുള്ള നോട്ടിഫിക്കേഷൻ പുറത്തിറങ്ങി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ യുദ്ധ കാലടിസ്ഥാനത്തിലാണ് ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ നിന്നും ഉയർന്ന തോതിലുള്ള പരീക്ഷാഫീസ് പിരിച്ചെടുക്കുന്നത് . ഒന്നും രണ്ടും വർഷ പരീക്ഷകൾക്ക് യഥാക്രമം 240, 270 രൂപ വീതവും സേ പരീക്ഷയ്ക്ക് ഒരു പേപ്പറിന് 150 രൂപ വീതവും പുനർ മൂല്യനിർണ്ണയത്തിന് പേപ്പറൊന്നിന് 500 രൂപയുമാണ് പിരിച്ചെടുക്കുന്നത് .
ഈ തുക ലഭ്യമാണെന്നിരിക്കെ ഹയർസെക്കണ്ടറി പരീക്ഷയുമായി ബന്ധപ്പെട്ട ജോലികളുടെ പ്രതിഫല കാര്യത്തിൽ മാത്രം മാസങ്ങളായി തുടരുന്ന അന്യായമായ കാലതാമസം ഹയർ സെക്കണ്ടറി മേഖലയോടുള്ള അവഗണനയാണെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.പ്രത്യേക പരീക്ഷാഫീസ് ഇല്ലാത്ത എസ് എസ് എൽ സി പരീക്ഷാ ജോലിക്കും മൂല്യനിർണ്ണയത്തിനും സമയബന്ധിതമായി പ്രതിഫലം ലഭ്യമാക്കുന്ന സാഹചര്യമുള്ളപ്പോൾ ഹയർ സെക്കണ്ടറി മേഖലയിൽ മാസങ്ങളായി പ്രതിഫലം തടഞ്ഞു വക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് അധ്യാപകർ പറയുന്നു.
പരീക്ഷാ ജോലിയുമായി ബന്ധപ്പെട്ട് പിരിച്ചെടുക്കുന്ന ഫീസ് വകമാറ്റുന്നതിന്റെ ഭാഗമായാണ് പ്രതിഫലം നൽകാനാവാത്ത സാഹചര്യം സംജാതമാകുന്നത് . ഒക്ടോബർ 9 ന് ഹയർ സെക്കണ്ടറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ കൂടി ആരംഭിക്കാനിരിക്കുകയാണ്. ഈ പരീക്ഷയുടെ മുമ്പായി കുടിശ്ശികയുള്ള പ്രതിഫലത്തുക അടിയന്തിരമായി അനുവദിക്കണമെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻസ് (എഫ് എച്ച് എസ് ടി എ ) ഇടുക്കി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു . ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭ സംഗമം തൊടുപുഴയിൽ മുനിസിപ്പൽ സിവിൽ സ്‌റ്റേഷന് മുന്നിൽ സംഘടിപ്പിച്ചു.
പരീക്ഷാ - മൂല്യനിർണ്ണയ ജോലികളുമായി ബന്ധപ്പെട്ട് ഹയർ സെക്കണ്ടറി മേഖലയോടു തുടരുന്ന നിരന്തര അവഗണനക്കെതിരെ ഒക്ടോബർ 5 ന് തിരുവനന്തപുരം ഹയർ സെക്കണ്ടറി ഡയറക്ടറേറ്റിനു മുന്നിൽ ഏകദിന പ്രക്ഷോഭ സമരവും നടക്കുമെന്ന് നേതാക്കൾ അറിയിച്ചു.
തൊടുപ്പുഴ മുനിസിപ്പിൽ സിവിൽ സ്റ്റേഷൻ മുന്നിൽ നടന്ന സായാഹ്ന ധർണ്ണ കെ.പി. സി.സി. മുൻ ജനറൽ സെക്രട്ടറി ശ്രീ. റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു.. കെ.പി.സി. സി അംഗം നിഷ സോമൻ മുഖ്യ പ്രഭാഷണം നടത്തി.. എഫ്.എച്ച് എസ് ടി എ ജില്ലാ ചെയർമാൻ ഫ്രാൻസിസ് തോട്ടത്തിൽ, കൺവീനർ ജ്യോതിസ് എസ്, ബിസോയി ജോർജ്, സണ്ണി കൂട്ടുക്കൽ, അജേഷ് കെ.റ്റി, സിബി ജോസ്, സുനിൽ റ്റി.സി., ഡോ. ശേഖർ എസ് ,ഷിജു കെ. ജോർജ് , ജെയ്സൺ ജോസഫ് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.