റെക്കോർഡ് ഭൂരിപക്ഷം കരസ്തമാക്കി പുതുപ്പള്ളിയിൽ ജയിച്ചു കയറി ചാണ്ടി ഉമ്മൻ

കോട്ടയം :ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിക്ക് പകരക്കാരൻ ആര് എന്ന ചോദ്യത്തിന് കോൺഗ്രസ് നേതൃത്വത്തിന് അധിക സമയം പാഴാക്കേണ്ടി വന്നില്ല. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലേക്ക് ഉയർന്നുവന്ന കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പേര് മറ്റാരുടേയുമല്ല മകൻ ചാണ്ടി ഉമ്മന്റെതായിരുന്നു.

53 വർഷം തുടർച്ചയായി റെക്കോർഡ് നേട്ടം കൈവരിച്ച സീറ്റ് സംരക്ഷിക്കാൻ ചാണ്ടി ഉമ്മനെക്കാൾ മികച്ചൊരു പേര് ഒരുപക്ഷെ കോൺഗ്രസിന് പറയാനുണ്ടാകില്ല. പുതുപ്പള്ളിക്കാരുടെ പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ ജനപ്രീതി പുതുപ്പള്ളിയിൽ മികച്ച വിജയം നൽകുമെന്ന് പ്രതീക്ഷ കോൺഗ്രസിന് തുടക്കം മുതലേ ഉണ്ടായിരുന്നു.

അപ്പനെ നെഞ്ചോട് ചേർത്ത പുതുപ്പള്ളിക്കാർ മകനൊപ്പം നിൽക്കുമെന്ന ഉറച്ച പ്രതീക്ഷ തന്നെയാണത്. അതുതന്നെയാണ് ചാണ്ടി ഉമ്മന്റെ ധൈര്യവും. ഈ കണക്കുകൂട്ടലുകൾ സത്യമായി എന്നാണ് നിലവിലെ തെരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടുന്നത്.

പുതുപ്പള്ളിയിൽ റെക്കോർഡ് വിജയമാണ് ചാണ്ടി ഉമ്മൻ നേടിയത്. തെരഞ്ഞെടുപ്പ് വിജയത്തിൽ അപ്പയെ കടത്തി വെട്ടി മകൻ ചാണ്ടി. ഉമ്മൻ ചാണ്ടി അവസാനമായി മത്സരിച്ച 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 9044 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ജയം. 2016 ൽ 27,092 ന്റെ വോട്ടിനും. എന്നാൽ ചാണ്ടി ഉമ്മന്റെ ലീഡ് ഇതിനോടകം തന്നെ 40,000 പിന്നിട്ടു, വിജയവും ഉറപ്പിച്ചു.

രാഷ്ട്രീയം ചാണ്ടി ഉമ്മന് പുതിയതല്ല. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഉമ്മൻചാണ്ടിയുടെ പര്യായമായി മാറിയ പുതുപ്പള്ളി നിയോജക മണ്ഡലത്തിനകത്തും പുറത്തും തന്റെ പിതാവിന് തണലായി ചാണ്ടി ഉമ്മനും ഒപ്പം ഉണ്ടായിരുന്നു. 37 വയസ്സുള്ള ഉമ്മൻ കോളേജ് കാലം മുതൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിന്റെ ഭാഗമാണ്.

യൂത്ത് കോൺഗ്രസിന്റെ ദേശീയ ഔട്ട്‌റീച്ച് സെൽ ചെയർമാനും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അംഗവുമാണ്. 2013ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്രയിൽ മുഴുവൻ സമയ പങ്കാളിയായിരുന്നു ചാണ്ടി ഉമ്മൻ. പക്ഷെ, അച്ഛന്റെ അസുഖം കാരണം കാൽനടയാത്ര പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു.

ചാണ്ടി ഉമ്മൻ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലാണ് പഠിച്ചത്. പിന്നീട് ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കാൻ ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിലേക്ക് പോയി. ഡൽഹി സർവകലാശാലയിൽ നിന്ന് എൽഎൽബിയും ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽഎൽഎം ക്രിമിനോളജിയും ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽഎൽഎം ഭരണഘടനാ നിയമവും പൂർത്തിയാക്കി.

ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് സമ്മർ കോഴ്‌സും ചെയ്തു.2016 മുതൽ സുപ്രീം കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. 2017 മുതൽ 2020 വരെ വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ സ്റ്റഡീസിൽ (അമിറ്റി യൂണിവേഴ്സിറ്റി) അനുബന്ധ ഫാക്കൽറ്റിയായും പ്രവർത്തിച്ചിട്ടുണ്ട്.

പാർട്ടി ചുമതലകൾ കൂടാതെ, 2010 ലെ കോമൺവെൽത്ത് ഗെയിംസിന്റെ സംഘാടക സമിതി അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പുസ്തകങ്ങളും യാത്രകളുമാണ് ഉമ്മന്റെ വ്യക്തിപരമായ താൽപ്പര്യമുള്ള രണ്ട് മേഖലകൾ. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ, യുഎസ് എന്നിവയിലുടനീളമുള്ള 10 രാജ്യങ്ങളിൽ അദ്ദേഹം സഞ്ചരിച്ചു. അവിവാഹിതനാണ്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്ന് വിജയിച്ചത് 9044 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ്. ഉമ്മൻ ചാണ്ടി 63,372 വോട്ട് നേടിയപ്പോൾ എതിരാളി എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് നേടിയത് 54,328 വോട്ടുകളാണ്.

1970ലാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ ആദ്യമായി മത്സരിക്കുന്നത്. സി.പി.എമ്മിൻറെ സിറ്റിങ് എം.എൽ.എ ആയിരുന്ന ഇ.എം. ജോർജ്ജിനെയാണ് പരാജയപ്പെടുത്തിയത്. 7288 വോട്ടിൻറെ ഭൂരിപക്ഷത്തിൽ അന്ന് ഉമ്മൻ ചാണ്ടി വിജയിച്ചുകയറി. പിന്നീട് നടന്ന 11 തെരഞ്ഞെടുപ്പുകളിലും പുതുപ്പള്ളി ഉമ്മൻ ചാണ്ടിക്കൊപ്പമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !