ചെന്നൈ:നടന് ജി മാരിമുത്തു (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ടെലിവിഷന്‍ സീരിയലായ 'എതിര്‍നീച്ചലി'ന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്ന മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. രജനികാന്തിന്റെ 'ജയിലറാ'ണ് മാരിമുത്തുവിന്റേതായി അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം.
തമിഴ്സിനിമയിലും ടെലിവിഷന്‍ രംഗത്തും രണ്ടു പതിറ്റാണ്ടിലേറെയായി സഹസംവിധായകനായും അഭിനേതാവായും സംവിധായകനായും നിറഞ്ഞു നിന്ന വ്യക്തിയാണ് മാരിമുത്തു. 1967 തമിഴ്നാട്ടിലെ തേനിയിലാണ് ജനനം. സിനിമാ സ്വപ്നവുമായി 1990 ല്‍ തേനിയില്‍ നിന്ന് ചെന്നൈയിലെത്തി. ഹോട്ടലില്‍ വെയിറ്ററായി വര്‍ഷങ്ങളോളം ജോലി ചെയ്തു. അതിനിടെ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പരിചയപ്പെട്ടത് സിനിമയിലേക്കുള്ള വാതില്‍ തുറന്നു.
രാജ്കിരണ് സംവിധാനം ചെയ്ത അരമനൈ കിള്ളി (1993), എല്ലാമേ എന്‍ രാസത്തന്‍ (1995) തുടങ്ങിയ ചിത്രങ്ങളില്‍ സഹായിയായി പ്രവര്‍ത്തിച്ചു. കൂടാതെ മണിരത്നം, വസന്ത്, സീമന്‍, എസ്.ജെ സൂര്യ എന്നിവരുടെ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.1999 ല്‍ പുറത്തിറങ്ങിയ വാലി ആണ് ആദ്യമായി അഭിനയിച്ച ചിത്രം. 2004 ല്‍ ഉദയ എന്ന ചിത്രത്തില്‍ വേഷമിട്ടു. മാരിമുത്തു സംവിധായകനായി അരങ്ങേറ്റം കുറിച്ച കണ്ണും കണ്ണും (2008) ലാണ് പിന്നീട് അഭിനയിക്കുന്നത്.
2014-ല്‍ പുലിവാല് എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. മിഷ്കിന് സംവിധാനം ചെയ്ത 'യുദ്ധം സെയ്' എന്ന ചിത്രത്തിലെ അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് അഭിനയ ജീവിതത്തില്‍ മാരിമുത്തുവിന് വഴിത്തിരിവാകുന്നത്. പിന്നീട് ആരോഹണം, നിമിന്‍ന്തുനില്‍, കൊമ്പന് തുടങ്ങി നിരവധി സിനിമകളില്‍ പൊലീസ് ഉദ്യോഗസ്ഥനായി വേഷമിട്ടു. 2020 ല്‍ ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും മാരിമുത്തു അരങ്ങേറ്റം കുറിച്ചു. 2021 ല്‍ ധനുഷിനും അക്ഷയ് കുമാറിനുമൊപ്പം ഹിന്ദി ചിത്രമായ അത്രന്‍ഗി രേയിലും അഭിനയിച്ചു.
കൊടി, ഭൈരവ, മഗളിര്‍ മട്ടും, സണ്ടക്കോഴി 2, പരിയേറും പെരുമാള്‍, ഗോഡ് ഫാദര്‍, ഭൂമി, സുല്‍ത്താന്‍, ലാഭം, രുദ്ര താണ്ഡവം, കാര്‍ബണ്‍, ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും എന്നിവയാണ് പ്രധാന ചിത്രങ്ങള്‍, വിക്രം, മായോന്‍, അരുവ സണ്ട, കണ്ണൈ നമ്പാതെ, തീര കാതല്‍ എന്നിവയാണ് ഈ അടുത്ത് മാരിമുത്തുവിന്റേതായി റിലീസ് ചെയ്ത സിനിമകള്‍. രജനികാന്ത് നായകനായ ജയിലറായിരുന്നു അവസാന ചിത്രം. ശങ്കറിന്റൈ കമല്‍ ഹാസന് ചിത്രം ഇന്ത്യന്‍ 2 വിലും ഒരു പ്രധാന വേഷത്തില്‍ മാരിമുത്തു അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുടര്‍ച്ചയായി സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് അപ്രതീക്ഷതമായ വിടവാങ്ങല്‍. ഭാഗ്യ ലക്ഷ്മിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.