കോഴിക്കോട്: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോവാദിനേതാക്കളുടെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് സംഘടിച്ച് ഗതാഗതതടസ്സമുണ്ടാക്കിയെന്ന കേസില്‍ മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസു കുറ്റക്കാരനല്ലെന്ന് കോടതി.
പ്രതിക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഗ്രോ വാസുവിനെ വെറുതേവിട്ടത്.2016 നവംബര്‍ 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാറന്റു പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലായ് 29-നാണ് വാസു അറസ്റ്റിലായത്. 94-കാരനായ അദ്ദേഹം അന്നുമുതല്‍ ജയിലില്‍ കഴിയുകയാണ്.
അറസ്റ്റിലായ ഗ്രോ വാസു ജാമ്യം സ്വീകരിക്കാനോ, പിഴയടച്ച് കേസ് തീര്‍പ്പാക്കാനോ തയ്യാറാവാതിരുന്നതിനെത്തുടര്‍ന്നാണ് കേസ് വലിയ രീതിയില്‍ ശ്രദ്ധനേടിയത്. കഴിഞ്ഞദിവസം വാസുവിനെ സാക്ഷിമൊഴികള്‍ വായിച്ചുകേള്‍പ്പിച്ചശേഷം കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു.
സാക്ഷികളോ, തെളിവുകളോ ഹാജരാക്കാനുണ്ടോ എന്ന് ചൊവ്വാഴ്ച കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്ന് കേസ് സ്വയം വാദിക്കുന്ന വാസു പറഞ്ഞു. തുടർന്നാണ് ബുധനാഴ്ച കേസിൽ വിധി പറഞ്ഞത്.
കേസിലെ മറ്റു പ്രതികള്‍ എന്തുചെയ്തു എന്നു കോടതി ചോദിച്ചപ്പോള്‍ ആകെയുള്ള 20 പ്രതികളില്‍ 17 പേരെ കോടതി വെറുതേ വിട്ടിരുന്നതായും രണ്ടുപേര്‍ 200 രൂപ വീതം പിഴയടച്ചതായും പ്രോസിക്യൂഷന് വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക സാക്ഷികള്‍ മാത്രമല്ലേ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിട്ടുള്ളത് എന്നും കോടതി ചോദിച്ചു.
പ്രകടനം നടക്കുന്നത് കണ്ടു, പ്രകടനത്തിലുള്ളവരെ കണ്ടില്ല എന്നാണ് സ്വതന്ത്രസാക്ഷി പറഞ്ഞതെന്നും കോടതി ഓര്‍മിപ്പിച്ചു. ഔദ്യോഗികസാക്ഷികള് നിങ്ങള്‍ക്ക് അനുകൂലമായല്ലേ പറയൂ എന്നും കോടതി പരാമര്‍ശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.