മുംബൈ;കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഐആർഎഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽ നിന്ന് നടി നവ്യ നായർ ആഭരണങ്ങൾ കൈപ്പറ്റിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തൽ.
തങ്ങൾ സുഹൃത്തുക്കളായിരുന്നെന്നും സൗഹൃദത്തിന്റെ പേരിൽ നൽകിയ സമ്മാനങ്ങൾ സ്വീകരിച്ചതല്ലാതെ മറ്റൊന്നിലും പങ്കാളിയല്ലെന്നുമാണ് നവ്യ നായർ ഇഡിക്ക് നൽകിയ മൊഴി. നവ്യയെ കൊച്ചിയിൽ സച്ചിൻ സന്ദർശിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഇഡി സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്.ലക്നൗവിൽ കസ്റ്റംസ് അഡിഷനൽ കമ്മിഷണർ ആയിരിക്കെ കളളപ്പണക്കേസിൽ ജൂണിലാണ് സച്ചിൻ സാവന്തിനെ ഇഡി അറസ്റ്റ് ചെയ്തത്. അതിനു മുൻപ് മുംബൈയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ഡപ്യുട്ടി ഡയറക്ടർ ആയിരിക്കെ സച്ചിൻ സാവന്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെത്തുടർന്നാണിത്.
ബെനാമി സ്വത്തും ഇദ്ദേഹത്തിനു പങ്കാളിത്തമുള്ള സ്ഥാപനങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൃത്യമായ സ്രോതസ്സ് കാണിക്കാതെ 1.25 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഉണ്ടെന്നാണ് ഇഡിയുടെ ആരോപണം. വാട്സാപ് ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് നവ്യ നായരുമായുള്ള സൗഹൃദം അന്വേഷണ ഏജൻസി കണ്ടെത്തിയത്.
ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിനെ ഒരേ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാർ എന്ന നിലയിൽ പരിചയമുണ്ടെന്നു നടി നവ്യ നായരുടെ കുടുംബം പറഞ്ഞു. ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കുന്നതിനായി അദ്ദേഹത്തിനു പലവട്ടം സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ട്.
നവ്യയുടെ മകന്റെ ജന്മദിനത്തിനു സച്ചിൻ സമ്മാനം നൽകിയിട്ടുണ്ട്. എന്നാൽ, നവ്യയ്ക്ക് ഉപഹാരങ്ങളൊന്നും നൽകിയിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ഇഡിയെ അറിയിച്ചിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.