തൊടുപുഴ;കുഴൽനാടനെതിരെ ആരോപണം ഉന്നയിച്ച സിപിഎം വീണത് സ്വയം കുഴിച്ച കുഴിയിൽ
കോടതിയിൽ നിന്നു കടുത്ത വിമർശനവും ഇടുക്കി ജില്ലാ സ്രെകട്ടറിക്കെതിരെയുള്ള കേസുമടക്കം തിരിച്ചടികൾ കൊണ്ട് പൊറുതിമുട്ടി സിപിഎം . 2016 മുതൽ ഇറങ്ങിയ സർക്കാർ ഉത്തരവുകളും കോടതി വിധികളുമാണു ശാന്തൻപാറയിലേത് ഉൾപ്പെടെയുള്ള പാർട്ടി ഓഫിസുകളുടെ നിർമാണത്തിനും തിരിച്ചടിയായത്.
കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎയുടെ ഉടമസ്ഥതയിൽ ചിന്നക്കനാലിലുള്ള റിസോർട്ട് ഭൂപതിവു ചട്ടം ലംഘിച്ചാണു നിർമിച്ചതെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ആരോപണം ഉന്നയിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ തുടക്കം.
ചിന്നക്കനാലിൽ മാത്രമല്ല ജില്ലയിലെമ്പാടും ഒട്ടേറെ റിസോർട്ടുകളും പാർട്ടി ഓഫിസുകളും വ്യവസായ സ്ഥാപനങ്ങളും കടകളും പ്രവർത്തിക്കുന്നതു ഭൂപതിവു ചട്ടം ലംഘിച്ചു നിർമിച്ച കെട്ടിടങ്ങളിലാണ്. ഇതിനിടെയാണു സി.എൻ.മോഹനൻ മാത്യുവിനെതിരെ രംഗത്തുവന്നത്.
ഇതോടെ, ശാന്തൻപാറ, ബൈസൺവാലി, ഇരുപതേക്കർ എന്നിവിടങ്ങളിലെ സിപിഎം ഓഫിസുകൾ നിർമിച്ചിരിക്കുന്നതു ചട്ടം ലംഘിച്ചും റവന്യു വകുപ്പിന്റെ സ്റ്റോപ് മെമ്മോ അവഗണിച്ചുമാണെന്നും ഇരുപതേക്കറിൽ സർക്കാർ ഭൂമി കയ്യേറിയാണു കെട്ടിടം നിർമിച്ചതെന്നും ആരോപിച്ച് കോൺഗ്രസ് രംഗത്തുവന്നു. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു സമര രംഗത്തുള്ള അതിജീവന പോരാട്ടവേദിയുടെ അഭിഭാഷകൻ ഇക്കാര്യം ഹൈക്കോടതിയിലും ഉന്നയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച ശാന്തൻപാറയിലെ സിപിഎം ഓഫിസ് നിർമാണം വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ വിലക്കു ലംഘിച്ച് അന്നു രാത്രി സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ഓഫിസ് നിർമാണം പുനരാരംഭിച്ചു.
മാധ്യമ വാർത്തകളുടെയും അമിക്കസ് ക്യൂറി, അതിജീവന പോരാട്ടവേദി അഭിഭാഷകൻ എന്നിവരുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണു ഹൈക്കോടതി കോടതിയലക്ഷ്യത്തിനു സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിച്ചത്.
ഇനിയാെരു ഉത്തരവുണ്ടാകും വരെ ശാന്തൻപാറയിലെ സിപിഎം ഓഫിസ് തുറന്നു പ്രവർത്തിക്കരുതെന്നും കോടതി നിർദേശിച്ചു. ചട്ട ലംഘനവുമായി ബന്ധപ്പെട്ടു മാത്യു കുഴൽനാടനെതിരെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ആരോപണം ഉന്നയിക്കുമ്പോൾ ജില്ലയിലെ സിപിഎം നേതൃത്വത്തോട് ആലോചിക്കണമായിരുന്നു എന്നാണ് ഇപ്പോൾ പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്.
സർക്കാർ ഉത്തരവുകളും തിരിച്ചടി
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള 3 ഉത്തരവുകളാണ് ജില്ലയിലെ നിർമാണനിയന്ത്രണത്തിനു വഴിവച്ചത്. ശാന്തൻപാറ ഉൾപ്പെടെയുള്ള 7 വില്ലേജുകളിൽ കെട്ടിട നിർമാണത്തിനു റവന്യു വകുപ്പിന്റെ നിരാക്ഷേപ പത്രം വേണമെന്ന 2016 ജൂൺ 9ലെ ഉത്തരവ്, ഭൂപതിവു ചട്ടം ലംഘിച്ചുള്ള നിർമാണം പാടില്ലെന്ന 2019 ഓഗസ്റ്റ് 22ലെ ഉത്തരവ്,
സിഎച്ച്ആറിൽ (ഏലം കുത്തകപ്പാട്ട ഭൂമി) ഒരു നിർമാണങ്ങളും പാടില്ലെന്ന 2019 നവംബർ 19ലെ ഉത്തരവ് എന്നിവയാണ് ജില്ലയിൽ നിർമാണ പ്രവർത്തനങ്ങൾക്കു തിരിച്ചടിയായ പ്രധാന സർക്കാർ ഉത്തരവുകൾ. ഭൂപ്രശ്നങ്ങൾ തീർപ്പാക്കാം എന്ന വർഷങ്ങളായുള്ള വാഗ്ദാനങ്ങൾ കൃത്യസമയത്തു നടപ്പാക്കിയിരുന്നങ്കിൽ ഈ പ്രശ്നങ്ങൾ ഒഴിവായേനേ.
ബൈസൺവാലി, പൊട്ടൻകാട് സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസുകൾ ഭൂമി കയ്യേറി നിർമിച്ചതാണെന്ന് ആരോപണമുണ്ട്. അതേസമയം ശാന്തൻപാറ ഓഫിസിനെതിരെ നിർമാണനിരോധനം മുൻനിർത്തിയാണു സ്റ്റേ. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഭൂപതിവു ചട്ട ഭേദഗതി ബിൽ നിയമമാകുന്നതോടെ ഈ നിർമാണം ക്രമവൽക്കരിച്ചു ലഭിക്കുമെന്നാണു സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് കഴിഞ്ഞദിവസം പറഞ്ഞത്.
ഈ ധൈര്യത്തിലാണു കെട്ടിടത്തിന്റെ പണി പാർട്ടി പൂർത്തിയാക്കിയത്. എന്നാൽ, കോടതി ഇടഞ്ഞതോടെ ആ കണക്കുകൂട്ടൽ തെറ്റി. കോടതി ഇടപെടലുകളാണ് ഇടുക്കിയിൽ ഭൂപ്രശ്നം രൂക്ഷമാക്കാൻ കാരണമെന്നാണ് എൽഡിഎഫ് നേതൃത്വത്തിന്റെ വാദവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.