തിരുവനന്തപുരം: സ്കൂള്‍ ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു.
കുടുംബം പരാതിപ്പെട്ടതോടെ പ്രിൻസിപ്പലിന് തെറ്റുപറ്റിപ്പോയി എന്നാണ് മാനേജ്മെന്റ് വിശദീകരിച്ചത്. പരസ്യമായി അപമാനിച്ചതിനാല്‍ ഇനി കുട്ടിയെ ഈ സ്കൂളില്‍ പഠിപ്പിക്കുന്നില്ലെന്ന് അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം വെള്ളയമ്പലം ആല്‍ത്തറ ജംഗഷനിലെ വിദ്യാദിരാജ സ്കൂളിലെ ഏഴാം ക്ലാസുകാരനാണ് ഉള്ളുലയ്ക്കുന്ന ദുരനുഭവം ഉണ്ടായത്. പരീക്ഷ നടക്കുന്നതിനിടെ ഹാളിലേക്ക് കടന്നുവന്ന പ്രിൻസിപ്പല്‍ ജയരാജ് ആര്‍. സ്കൂള്‍ ഫീസ് അടയ്ക്കാത്ത കുട്ടികളോട് എഴുന്നേറ്റ് നില്‍ക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഫീസ് അച്ഛനോടല്ലേ ചോദിക്കേണ്ടത് എന്ന കുട്ടിയുടെ നിഷ്കളങ്ക ചോദ്യമൊന്നും പ്രിൻസിപ്പലിന്റെ മനസില്‍ തട്ടിയില്ല. ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ ജനറല്‍ സയൻസ് പരീക്ഷ തറയിലിരുത്തി എഴുതിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛൻ കാര്യം അന്വേഷിക്കാൻ ഫോണ്‍ വിളിച്ചപ്പോള്‍ നല്ല ഭംഗിയുള്ള തറയിലാണ് ഇരുത്തിയത് എന്നായിരുന്നു പ്രിൻസിപ്പലിന്റെ പരിഹാസം നിറഞ്ഞ മറുപടി.
കുട്ടിയുടെ കുടുംബം വിഷയം പുറത്ത് പറഞ്ഞതോടെ പ്രിൻസിപ്പലിനെ തള്ളി മാനേജ്മെന്റ് രംഗത്തെത്തി. കുട്ടിയുടെ അച്ഛനെ വിളിച്ച് വിദ്യാദിരാജ ഹയര്‍സെക്കന്ററി സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍, പ്രിൻസിപ്പലാണ് തെറ്റുചെയ്തെന്നും പ്രശ്നം ഒത്തുതീര്‍ക്കണമെന്നും ആവശ്യപ്പെട്ടു.
കുട്ടിയെ പരസ്യമായി അപമാനിച്ചതിനാല്‍ ഇനി ഈ സ്കൂളില്‍ കുട്ടിയെ പഠിപ്പിക്കുന്നില്ലെന്ന് അച്ഛൻ പറഞ്ഞു. കുട്ടിയുടെ കുടുംബം ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.