തിരുവനന്തപുരം: സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരേ തുരുതുരാ ഉയരുന്ന ആരോപണങ്ങള്‍ പ്രതിരോധിക്കാനാവാതെ കുഴങ്ങുന്നതിനിടെ സി.പി.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന്.
ഇ.ഡിയുടെ റെയ്ഡിലും കേസിലെ തുടര്‍നടപടികളിലും പാര്‍ട്ടിക്ക് കടുത്ത ആശങ്കയാണുള്ളത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചരണം മൂര്‍ദ്ധന്യത്തില്‍ നില്‍ക്കെയാണ് ഇ.ഡി നീക്കമെന്നതും സി.പി.എമ്മിന് തലവേദന സൃഷ്ടിക്കുന്നു.
കരുവന്നൂര്‍ കേസില്‍ ബിനാമി, കള്ളപ്പണ ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. മൊയ്തീന്റെ രണ്ട് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും തട്ടിപ്പുകേസുമായി ബന്ധമുള്ള ഏതാനും പേരുടെ വീടുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തു. വമ്പൻ സാമ്പത്തിക തട്ടിപ്പില്‍ മുന്‍ മന്ത്രിയായ ഉന്നത നേതാവ് അന്വേഷണം നേരിടുന്നത് എങ്ങനെ വിശദീകരിക്കുമെന്ന് അറിയാതെ കുഴങ്ങുകയാണ് പാര്‍ട്ടി.
എം.വി. ഗോവിന്ദന് പാര്‍ട്ടി സെക്രട്ടറിയായെത്തിയ ശേഷം തെറ്റുതിരുത്തല്‍ പ്രക്രിയയുമായി മുന്നോട്ടുപോകവേയാണ് മുതിര്‍ന്ന സംസ്ഥാന കമ്മിറ്റിയംഗം തന്നെ ഇ.ഡിയുടെ അന്വേഷണം നേരിടുന്നത്. മൊയ്തീനെ കമ്മിറ്റിയില്‍ നിന്നൊഴിവാക്കുകയെന്ന കടുത്ത നടപടിയിലേക്ക് സി.പി.എം കടക്കാനിടയില്ലെങ്കിലും പ്രതിപക്ഷത്തെ നേതാക്കളെ ഇ.ഡിയടക്കം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന പ്രതിരോധമുയര്‍ത്താനാണ് പാര്‍ട്ടിയുടെ നീക്കം.
മുന്‍ മന്ത്രിയും പാര്‍ട്ടി സംസ്ഥാനസമിതിയംഗവുമായ മുതിര്‍ന്ന നേതാവിനെതിരെ അറസ്റ്റ് പോലുള്ള ഇ.ഡി നടപടിയിലേക്ക് നീങ്ങിയാല്‍ ദേശീയാടിസ്ഥാനത്തില്‍ തന്നെ സി.പി.എമ്മിന് പ്രതിച്ഛായാ നഷ്ടമുണ്ടാക്കും. മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതടക്കം ഇ.ഡിയുടെ നീക്കങ്ങള്‍ ആ നിലയ്ക്കാണെന്ന സൂചനകള്‍ നല്‍കുകയുമാണ്.
എന്നാല്‍, കേരളത്തില്‍ ശക്തമായ അടിത്തറയുള്ള സഹകരണമേഖലയെ കൈയടക്കാനുള്ള കേന്ദ്രനീക്കത്തിന്റെ ഭാഗമായാണ് ഇ.ഡിയെ ഉപയോഗിച്ചുള്ള കരുനീക്കമെന്നാണ് സി.പി.എം സംശയിക്കുന്നത്. ഇ.ഡി നീക്കം രാഷ്ട്രീയ വേട്ടയാടലാണെന്ന് പറഞ്ഞ് സി.പി.എം കഴിഞ്ഞ ദിവസം മൊയ്തീനെ പിന്തുണച്ചെങ്കിലും തുടര്‍നടപടികളില്‍ ആശങ്ക ശക്തമാണ്.
തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് സി.പി.എമ്മിന് ഏറെ ക്ഷീണമുണ്ടാക്കിയതാണ്. അന്നുതന്നെ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കെതിരെ ആരോപണമുയര്ന്നതാണെങ്കിലും സി.പി.എം നേതൃത്വം അത് തള്ളിക്കളഞ്ഞിരുന്നു. ബാങ്ക് ഭരണസമിതിയുടെ തെറ്റ് എന്ന നിലയില്‍ ചിത്രീകരിച്ച് പിടിച്ചുനില്‍ക്കാനാണ് സി.പി.എം ശ്രമിച്ചത്.
2016ന് മുൻപ് തന്നെ കരുവന്നൂരുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പാര്‍ട്ടിയുടെ ശ്രദ്ധയിലുണ്ടായിട്ടും ലഘൂകരിച്ചു കണ്ടു എന്ന ആരോപണമാണിപ്പോള്‍ ഉയരുന്നത്. മൊയ്തീന് ജില്ലാ സെക്രട്ടറിയായിരിക്കെ ആരോപണങ്ങളില്‍ കാര്യമായി ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ടായിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് മുന്‍പ് ഇ.ഡി മൊയ്തീനെതിരേ കടുത്ത നടപടിയിലേക്ക് കടന്നാല്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായേക്കും.
പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന മറ്റ് ഏതാനും വിഷയങ്ങള്‍ കൂടി യോഗത്തിന്റെ പരിഗണനയ്ക്ക് വരും. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം പ്രതിപക്ഷം കടുപ്പിക്കുന്നതും സാമ്പത്തിക ഇടപാടിനെതിരേ വിജിലന്‍സ് കോടതിയിലെ നടപടികളുമെല്ലാം യോഗം ചര്‍ച്ച ചെയ്തേക്കും. മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിയുടെ സാമ്പത്തിക ഇടപാടുകളില്‍ ഉയരുന്ന ചോദ്യങ്ങളെ മറുപടി നല്‍കാതെ അവഗണിക്കുക എന്ന തന്ത്രമാണ് പാര്‍ട്ടിയും സര്‍ക്കാരും പറയുന്നത്.
പക്ഷേ പാര്‍ട്ടി കമ്മിറ്റിയില്‍ ഈ വിഷയം ചര്‍ച്ചയാവുമെന്ന് ഉറപ്പാണ്. ചോദ്യങ്ങളെ ഏത് രീതിയില്‍ പ്രതിരോധിക്കണം എന്നറിയാതെ പാര്‍ട്ടി നില്ക്കുന്ന സാഹചര്യത്തില്‍, ആരോപണത്തിന് പിന്നിലെ നിജസ്ഥിതകള് മുഖ്യമന്ത്രി വെളിപ്പെടുത്തുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ ഈ വിഷയം കമ്മിറ്റിയില്‍ അവസാനിപ്പിക്കാനാണ് എല്ലാ സാദ്ധ്യതയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.