മറ്റത്തൂർ : വെള്ളിക്കുളങ്ങര റേഞ്ചിലെ ആറേശ്വരം കാട്ടിൽനിന്ന് ചന്ദനമരം മുറിക്കുകയായിരുന്ന നാലംഗ തമിഴ് മോഷണസംഘത്തിലെ രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ സാഹസികമായി കീഴടക്കി.
മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. തമിഴ്നാട് സേലം കൂത്തുമുത്തൽ വില്ലേജിൽ മാതേശ്വർ (36), മാരാമംഗലം വില്ലേജിൽ ദേവേന്ദ്രൻ (34) എന്നിവരാണ് പിടിയിലായത്. പ്രതികളുടെ ആക്രമണത്തിൽ അഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.ഓടിപ്പോയവരിൽ ഒരാൾ കാട്ടിലുണ്ടെന്നും മറ്റേയാൾ പുറത്തേക്ക് രക്ഷപ്പെട്ടെന്നും സംശയിക്കുന്നു. രണ്ടാഴ്‌ചമുമ്പ് ആറേശ്വരം കാട്ടിൽനിന്ന് 10 ചന്ദനമരങ്ങൾ മുറിച്ചുകടത്തിയതും ഇവരാണെന്ന് റേഞ്ച് ഓഫീസർ ജോബിൻ ജോസഫ് പറഞ്ഞു. വീണ്ടും ചന്ദനം മോഷ്ടിക്കാൻ സാധ്യതയുണ്ടെന്ന സംശയത്തിൽ കൂടുതൽ ജീവനക്കാരെവെച്ച് നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു.
ദേശീയപാതയിൽനിന്ന് കിലോമീറ്ററുകൾ നടന്നെത്തിയ സംഘം ചാറ്റിലാംപാടത്തെ ഭാഗത്തുകൂടിയാണ് കാട്ടിൽ കയറിയത്. വൈകീട്ട് ഏഴുമണിയോടെ സംഘം കാട്ടിലേക്ക് കയറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. രണ്ടാഴ്‌ചമുമ്പ് മുറിച്ചുകൊണ്ടുപോയ ഭാഗത്തുനിന്ന് വീണ്ടും മരം മുറിക്കാൻ തുടങ്ങി.
മറ്റു ഭാഗങ്ങളിൽനിന്ന് കൂടുതൽ ഉദ്യോഗസ്ഥരെ കൂട്ടി കാട് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. മറഞ്ഞുനിന്നിരുന്ന ഉദ്യോഗസ്ഥരും താത്കാലിക വാച്ചർമാരും ചേർന്ന് പ്രതികളെ വളഞ്ഞുപിടിക്കാൻ ശ്രമിച്ചപ്പോൾ ആയുധങ്ങളുമായി സംഘം നേരിട്ടു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.ആർ. സതീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി.എൻ. വിനോദ്, ഡ്രൈവർ ടി.കെ. അഭിലാഷ്, വാച്ചർമാരായ എ.കെ. റിജോയ്, ടി.ആർ. അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്.
ശനിയാഴ്‌ച പുലർച്ചെ നാലുമണിയോടെയാണ് പ്രതികളെ പിടികൂടിയത്. രണ്ട് മരങ്ങൾ മുറിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് വെട്ടുകത്തി, അറക്കവാൾ എന്നിവ പിടികൂടിയിട്ടുണ്ട്. പ്രതികൾ തൃശ്ശൂരിന് സമീപപ്രദേശത്തുനിന്ന് മുമ്പും ചന്ദനങ്ങൾ മുറിച്ചുകടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർക്ക് സൂചന കിട്ടിയിട്ടുണ്ട്.
ഓടിരക്ഷപ്പെട്ട തമിഴ്നാട് സ്വദേശി സുരേഷ് മറ്റത്തൂർ, കൊടകര ഭാഗങ്ങളിൽ പലവിധ തൊഴിലുകൾക്കായി വന്നിട്ടുണ്ടെന്നും ഇയാൾ നൽകിയ വിവരമനുസരിച്ചാണ് മറ്റു മൂന്നുപേരും മോഷണത്തിന് എത്തിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നാട്ടിലുള്ള ചിലരുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും അത് അന്വേഷിച്ചുവരുകയാണെന്നും റെയ്ഞ്ച് ഓഫീസർ ജോബിൻ ജോസഫ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.