ബെംഗളൂരു: ചന്ദ്രയാൻ-3 ലെ പേ ലോഡുകൾ ചന്ദ്രോപരിതലത്തിൽ നടത്തുന്ന പര്യവേക്ഷണങ്ങളുടെ വിവരങ്ങൾ പുറത്തുവന്നു.
ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ വിവിധ തലങ്ങളിലുള്ള താപനിലയുടെ വിവരങ്ങൾ ഞായറാഴ്ച ഐ.എസ്.ആർ.ഒ. പുറത്തുവിട്ടു. ലാൻഡർ മൊഡ്യൂളിലുള്ള ചാസ്റ്റ്(chaste -ചന്ദ്രാസ് സർഫെയ്‌സ് തെർമോഫിസിക്കൽ എക്സ്പിരിമെന്റ്) പേ ലോഡിന്റെ ആദ്യ നിരീക്ഷണങ്ങളാണ് പുറത്തുവന്നത്. മണ്ണിലെ താപനിലയുടെ ഗ്രാഫും പുറത്തുവിട്ടു. ഇതാദ്യമാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ മണ്ണിന്റെ താപനിലയെപ്പറ്റിയുള്ള വിവരങ്ങൾ ലോകത്തിനുമുമ്പിലെത്തുന്നത്.
ചന്ദ്രനിലെ താപവ്യതിയാനം നിരീക്ഷിക്കാൻ വിക്രം ലാൻഡറിൽ സ്ഥാപിച്ച പേ ലോഡായ ചാസ്റ്റ് നടത്തിയ ആദ്യ നിരീക്ഷണ ഫലങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രന്റെ ഉപരിതലത്തിലും 80 മില്ലിമീറ്റർവരെ ആഴത്തിലും താപനിലയിൽ വലിയ വ്യത്യാസമുള്ളതായി ചന്ദ്രോപരിതലം കുഴിച്ചുനടത്തിയ പഠനത്തിൽ കണ്ടെത്തി.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ മേൽമണ്ണിന്റെ താപനിലയിലുള്ള പ്രത്യേകതകളാണ് പഠിക്കുന്നത്. ചന്ദ്രോപരിതലത്തിന്റെ താപനിലയുടെ സ്വഭാവം മനസ്സിലാക്കാനാണിത്. ഉപരിതലത്തിൽനിന്ന് പത്തുസെന്റിമീറ്റർ വരെ താഴെയുള്ള മണ്ണിന്റെ താപനില അളക്കാനുള്ള ഉപകരണം ഇതിലുണ്ട്. പത്ത് ടെമ്പറേച്ചർ സെൻസറുകൾവഴിയാണ് താപനില ശേഖരിച്ചതെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു.
ചന്ദ്രോപരിതലത്തിൽനിന്ന് 80 മില്ലിമീറ്റർവരെ ആഴത്തിലുള്ള മണ്ണിന്റെ താപനിലയാണ് രേഖപ്പെടുത്തിയത്. മൈനസ് 10 ഡിഗ്രി സെൽഷ്യസാണിത്. ചന്ദ്രോപരിതലത്തിലെ താപനില 50 ഡിഗ്രി സെൽഷ്യസാണെന്നും രേഖപ്പെടുത്തി. ഉപരിതലത്തിനുമുകളിൽ 60 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. വിശദമായ നിരീക്ഷണങ്ങൾ നടന്നുവരുകയാണെന്നും ഐ.എസ്.ആർ.ഒ. അറിയിച്ചു.വി.എസ്.എസ്.സി.യിലെ സ്പെയ്‌സ് ഫിസിക്സ് ലബോറട്ടറി(എസ്.പി.എൽ.) അഹമ്മദാബാദിലെ പി.ആർ.എലും ചേർന്നാണ് ചാസ്റ്റ് പേ ലോഡ് വികസിപ്പിച്ചത്.
ഭൂചലനങ്ങൾക്ക് സമാനമായി ചന്ദ്രനിലുണ്ടാകുന്ന ചലനം പഠിക്കാനുള്ള ഇൻസ്ട്രുമെന്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി, ചന്ദ്രോപരിതലത്തോടുചേർന്നുള്ള അയേൺ, ഇലക്‌ട്രോൺ തുടങ്ങിയവയെക്കുറിച്ച് പഠിക്കാനുള്ള റേഡിയോ അനാട്ടമി ഓഫ് മൂൺ ബൗണ്ട് ഹൈപ്പർ സെൻസിറ്റീവ് ഐനോസ്ഫിയർ ആൻഡ് അറ്റസ്‌ഫിയർ (ആർ.എ.എം.ബി.എച്ച്.എ.) എന്നീ പേ ലോഡുകളും ലാൻഡറിലുണ്ട്. ഇവയുടെ പര്യവേക്ഷണവിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.