മല്ലപ്പള്ളി:മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സീനിയര്‍ മെത്രാപ്പൊലീത്തായും മുന്‍ കൊല്ലം ഭദ്രാസനാധിപനുമായിരുന്ന സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു.
മല്ലപ്പള്ളി അന്തോണിയോസ് ദയറായില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. കബറടക്കം പിന്നീട്.
1946 ജൂലൈ 19ന് പുനലൂരിലെ ആറ്റുമാലില്‍ വരമ്പത്തു കുടുംബത്തില്‍ ഡബ്ല്യു സി എബ്രഹാമിന്റെയും മറിയാമ്മയുടെയും മകനായാണ് സഖറിയാസ് മാര്‍ അന്തോണിയോസ് ജനിച്ചത്.
കൊല്ലം ബിഷപ്സ് ഹൗസില്‍ വളരെക്കാലം മാനേജരായി പ്രവര്‍ത്തിച്ചു. നെടുമ്പായിക്കുളം, കുളത്തൂപ്പുഴ, കൊല്ലം കാദീശ തുടങ്ങി അനേകം ഇടവകകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1989 ഡിസംബര്‍ 28ന് മെത്രാപ്പൊലീത്തയായി അവരോധിക്കപ്പെട്ടു. 1991 ഏപ്രില്‍ 30ന് വാഴിക്കപ്പെട്ടു. 2009 ഏപ്രില്‍ ഒന്നിനു കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്തയായി.
സഖറിയാസ് മാര്‍ അന്തോണിയോസ് 1991 മുതല്‍ 2009 മാര്‍ച്ച് 31 വരെ വരെ കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത ആയിരുന്നു. ഒരിക്കല്‍ എലംകുളം സെന്റ് ഗ്രിഗോറിയോസ് പള്ളിയിലെ അംഗങ്ങള്‍ മെത്രാപ്പൊലീത്തയ്ക്കു പിറന്നാള്‍ സമ്മാനമായി കാര്‍ നല്കുന്നതിനെക്കുറിച്ചു സംസാരിച്ചു.
കാര്‍ തന്നാല്‍ ഉപയോഗിക്കില്ലെന്നും പകരം കളമശേരി മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒരു നേരത്തെ ആഹാരം നല്കാന് ശ്രമിക്കണമെന്നുമായിരുന്നു മെത്രാപ്പൊലീത്തയുടെ ഉപദേശം. കൊച്ചി ഭദ്രാസനത്തിലെ പള്ളികള്‍ ചേര്‍ന്നു സഖറിയാസ് മാര്‍ അന്തോണിയോസ് സൊസൈറ്റി രൂപീകരിച്ചു.
കളമശ്ശേരിയില്‍ സഖറിയാസ് മാര്‍ അന്തോണിയോസ് കാരുണ്യ നിലയവും സ്ഥാപിച്ചു. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് കഞ്ഞി, കുറഞ്ഞ നിരക്കില്‍ ലാബ്, ആശുപത്രിയില്‍ മുറി കിട്ടാത്ത രോഗികള്‍ക്ക് താത്ക്കാലിക മുറി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നു.
പാസ്പോര്‍ട്ട് എടുക്കാത്തതിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് കൊച്ചിയിലും കൊല്ലത്തുമാണ് സഭ ഭദ്രാസന ചുമതല നല്‍കിയതെന്നും ഈ പള്ളികളില്‍ പോവാന്‍ പാസ്പോര്‍ട്ട് ആവശ്യമായി വന്നില്ലെന്നുമാണു ചിരിച്ചു കൊണ്ടു മെത്രാപ്പൊലീത്ത മുന്‍പ് പറഞ്ഞത്.
കോട്ടയം പഴയ സെമിനാരിയില്‍ കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സഹപാഠിയായിരുന്നു സഖറിയാസ് മാര്‍ അന്തോണിയോസ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.