മാവേലിക്കര;28 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ പിടികൂടി. ചെട്ടികുളങ്ങര കണ്ണമംഗലം പേളചേന്നത്ത് വീട്ടിൽ ജയപ്രകാശിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി ശ്രീകുമാർ (51) ആണ് പിടിയിലായത്.
കോഴിക്കോട് ചെറുവണ്ണൂർ കൊല്ലേരിതാഴം ഭാഗത്ത് വീരാറ്റി തറയിൽ (ശ്രീശൈലം) എന്ന വിലാസത്തിൽ ഏറെ നാളായി താമസിച്ചുവരികയായിരുന്നു ഇയാൾ.1995 ജനുവരി 12നാണ് കേസിനാസ്‌പദമായ സംഭവം. സൈനിക ഉദ്യോഗസ്ഥനായിരുന്ന ജയപ്രകാശും പ്രമോദ്, ശ്രീകുമാർ, ജയചന്ദ്രൻ എന്നിവരുമായി കാട്ടുവള്ളി ക്ഷേത്ര മൈതാനത്ത് സംഘട്ടനമുണ്ടായി.
ഗുരുതര പരിക്കേറ്റ ജയപ്രകാശിനെ എറണാകുളം മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയവേ ഇദ്ദേഹം മരിച്ചതറിഞ്ഞ ശ്രീകുമാർ ഒളിവിൽ പോയി. കൂട്ടുപ്രതികളായ പ്രദീപിനെയും ജയചന്ദ്രനെയും വിചാരണ ചെയ്‌തു. തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു.മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് (ഒന്ന്) കോടതി ശ്രീകുമാറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ശ്രീകുമാറിനെ പിടിക്കാൻ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഇയാൾ കോഴിക്കോട് ജില്ലയിലുണ്ടെന്ന് പൊലീസ് കണ്ടെത്തി. തുടർന്നാണ് പിടിയിലായത്. വിവാഹിതനായി കുടുംബത്തോടൊപ്പം ചെറുവണ്ണൂരിൽ കഴിയുകയായിരുന്നു.
ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനുകുമാർ, മാവേലിക്കര എസ്‌എച്ച്‌ഒ സി ശ്രീജിത്ത്, എഎസ്ഐ പി കെ റിയാസ്, സീനിയർ സിപിഒമാരായ ഉണ്ണികൃഷ്‌ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുൺ ഭാസ്‌കർ, സിപിഒ എസ് സിയാദ് എന്നിവരടങ്ങിയ അന്വേഷകസംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മാജിസ്‌ട്രേട്ട് കോടതിയിൽ ഇന്ന് ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.