ഡൽഹി : മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ അംഗങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സഭയ്ക്കകത്തെത്തിയ പ്രധാനമന്ത്രി സോണിയ ഗാന്ധിയുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ അടുത്തെത്തി സംസാരിച്ചു.
വിഷയത്തിൽ ശാശ്വത പരിഹാരത്തിനായാണ് മോദിയുടെ നീക്കം. മണിപ്പൂരിൽ കലാപം രൂക്ഷമാവുന്നതിനിടെ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നത് വലിയ പ്രതിഷേധത്തിലേക്കാണ് പോവുന്നത്.സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ലോക്സഭയും, രാജ്യസഭയും നിർത്തിവച്ചു. ലോക്സഭ 2 മണി വരെയും, രാജ്യസഭ 12 മണിവരെയുമാണ് നിർത്തിവച്ചത്. മണിപ്പൂര്‍ കലാപം തുടങ്ങി രണ്ട് മാസങ്ങൾക്കു ശേഷമാണ് മൗനം വെടിഞ്ഞ് നരേന്ദ്ര മോദി രംഗത്തെത്തിയത്.
സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിലും കലാപത്തിലും മോദി പ്രതിഷേധം അറിയിച്ചു. പുറത്തുവരുന്ന ദൃശ്യങ്ങൾ അത്യന്തം വേദനാജനകമാണ്. കുറ്റവാളികളിൽ ഒരാളെ പോലും വെറുതെ വിടില്ല. മണിപ്പൂരിലെ സംഭവങ്ങൾ വേദനിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു.
വിഷയം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് എല്ലാ പാർട്ടികളോടും അഭ്യർത്ഥിക്കുന്നു. ഹൃദയത്തിൽ വേദനയും ദേഷ്യവും ഉണ്ടാകുന്നു. നിയമം സർവശക്തിയിൽ പ്രയോഗിക്കും. മണിപ്പൂരിലെ പെൺമക്കൾക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കാനാവില്ല.
പരിഷ്കൃത സമൂഹത്തെ നാണം കെടുത്തുന്ന സംഭവമാണ് മണിപ്പൂരിലുണ്ടായത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി കർശന നടപടികൾ സ്വീകരിക്കണമെന്ന് എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഏത് സംസ്ഥാനത്ത് നടന്നാലും ശക്തമായി അപലപിക്കപ്പെടേണ്ടതാണ്. രാഷ്ട്രീയത്തിലുപരിയായി എല്ലാവരുടെയും ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.അതിനിടെ സർക്കാരിന് കർശന നിർദ്ദേശവുമായി സുപ്രീം കോടതി രംഗത്തെത്തി. സർക്കാരിന് ഇടപെടാൻ കുറച്ച് സമയം കൂടി നൽകുന്നു.
ഇല്ലെങ്കിൽ സുപ്രീം കോടതി ഇടപെടൽ നടത്തും. സമുദായിക കലഹങ്ങൾക്ക് സ്ത്രീകളെ ഉപകരണമാക്കുന്നത് അംഗീകരിക്കാനാകില്ല. പുറത്ത് വന്ന ദൃശ്യങ്ങൾ വല്ലാതെ അസ്വസ്ഥമാക്കുന്നു. മണിപ്പൂർ കലാപം അടിയന്തരമായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നടന്നത് വലിയ ഭരണഘടന ദുരുപയോഗമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.