ഡൽഹി :ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജരേഖ ചമച്ചെന്ന കേസിൽ മനുഷ്യാവകാശ പ്രവർത്തക ടീസ്‌ത സെതൽവാദിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി.
സ്ഥിരജാമ്യം തേടിയുള്ള ടീസ്‌തയുടെ അപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായ്, എ എസ് ബൊപ്പണ്ണ, ദീപാങ്കർ ദത്ത എന്നിവർ അംഗങ്ങളായ ബെഞ്ച് റദ്ദാക്കി. ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് തലതിരിഞ്ഞതും വൈരുധ്യങ്ങൾ നിറഞ്ഞതുമാണെന്ന് സുപ്രീംകോടതി വിമർശിച്ചു.
ടീസ്‌തയുടെ ജാമ്യാപേക്ഷയിൽ എഫ്‌ഐആറും കുറ്റപത്രവും ചോദ്യംചെയ്‌തില്ലെന്നും അതിനാൽ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്ന അവരുടെ വാദം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ഈ ന്യായം അംഗീകരിച്ചാൽ, വിചാരണയ്‌ക്ക് മുമ്പ് കുറ്റപത്രത്തെ ചോദ്യംചെയ്യാത്ത ഒരു ജാമ്യാപേക്ഷയിലും തീരുമാനമെടുക്കാൻ കോടതികൾക്ക് കഴിയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ചില സാക്ഷിമൊഴികളെക്കുറിച്ച് വാചാലനായശേഷം ഹൈക്കോടതി ജഡ്‌ജി പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന കണ്ടെത്തൽ നടത്തുന്നു.
ഈ രീതിയിൽ നിരവധി വൈരുധ്യങ്ങൾ ഹൈക്കോടതി ഉത്തരവിലുണ്ട്. ഏതൊക്കെ സാഹചര്യങ്ങളിലാണ് ഒരാൾക്ക് ജാമ്യം നിഷേധിക്കേണ്ടതെന്ന് നിയമത്തിൽ കൃത്യമായ വ്യവസ്ഥകളുണ്ട്–- സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസിൽ കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞ സാഹചര്യത്തിൽ ടീസ്‌തയെ ഇനിയും കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട കാര്യമില്ല.
ഈ സാഹചര്യത്തിൽ ടീസ്‌തയ്ക്ക് ജാമ്യം അനുവദിക്കുകയാണെന്നും സുപ്രീംകോടതി പറഞ്ഞു. ജൂലൈ ഒന്നിന് ടീസ്‌തയുടെ ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി അവരോട് ഉടൻ കീഴടങ്ങാൻ നിർദേശിച്ചിരുന്നു.
അന്ന് രാത്രി സുപ്രീംകോടതി പ്രത്യേക സിറ്റിങ് നടത്തി ടീസ്‌തയുടെ അപ്പീലിൽ ജാമ്യം അനുവദിച്ചു. പിന്നീട് ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടി നൽകി. ഗുജറാത്ത് സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ശക്തമായി എതിർത്തെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല.
2002ലെ ഗുജറാത്ത് വംശഹത്യക്കിടെ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എംപി എഹ്‌സാൻ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി നൽകിയ ഹർജി സുപ്രീംകോടതി മൂന്നംഗബെഞ്ച് 2022 ജൂണിൽ തള്ളിയതിനു പിന്നാലെയാണ് ടീസ്‌തയ്‌ക്കെതിരെ നീക്കമുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.