തിരുവനന്തപുരം:ഭീമൻ രഘുവിന്‍റെ പാര്‍ട്ടിയിലേക്കുള്ള വരവ് ആഘോഷമാക്കി സിപിഎം നേതാക്കള്‍. ചിന്തിക്കുന്നവർക്ക് നിലപാടുകളുണ്ട് എന്ന് കുറിച്ചാണ് എകെജി സെന്‍ററിന് മുന്നില്‍ നില്‍ക്കുന്ന ഭീമൻ രഘുവിന്‍റെ ചിത്രം മന്ത്രി വി ശിവൻകുട്ടി പങ്കുവെച്ചത്.
ഭീമൻ രഘുവിന്‍റെ നരസിംഹം എന്ന സിനിമയിലെ പ്രശസ്തമായ വരണം വരണം മിസ്റ്റർ ഇന്ദുചൂടൻ എന്ന ഡയലോഗാണ് താരത്തിന്‍റെ ചിത്രം പങ്കുവെച്ച് കൊണ്ട് വി കെ പ്രശാന്ത് എംഎല്‍എ കുറിച്ചത്.
രാജസേനന് പിന്നാലെ ബിജെപി പാളയത്തില്‍ നിന്ന് മറ്റൊരു താരം കൂടെ പാര്‍ട്ടിയിൽ എത്തിയത് സാമൂഹ്യ മാധ്യമങ്ങളില്‍ സിപിഎം അനുകൂല സൈബര്‍ പ്രവര്‍ത്തകരും ആഘോഷമാക്കുന്നുണ്ട്.ബിജെപി പ്രവർത്തകനായിരുന്ന ഭീമൻ ഇന്ന് എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കാണുകയായിരുന്നു. സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിക്കൊപ്പമാണ് ഭീമൻ രഘു എകെജി സെന്ററിൽ എത്തിയത്. ചുവന്ന ഷാള്‍ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററാണ് അണിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ വി അബ്ദുറഹ്മാനും ശിവൻകുട്ടിയും ഒപ്പമുണ്ടായിരുന്നു. ചിന്തിക്കാൻ കഴിയുന്നവർക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ കഴിയില്ല. കഴിവുകൾ കാണിക്കാൻ അവസരം ബിജെപി തരുന്നില്ല. 2014 ലെ തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസം അനുഭവിച്ചു.
പല സ്ഥലത്തും ചെന്ന സമയത്ത് പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നില്ല. അതൊക്കെ മനപ്രയാസം ഉണ്ടാക്കിയില്ല. തന്റെ പ്രചാരണത്തിന് എത്താൻ സുരേഷ് ഗോപി ചേട്ടനെ വിളിച്ചെങ്കിലും പിഎ യാണ് ഫോൺ എടുത്തത്.
അവസാനത്തെ തവണ അദ്ദേഹം എടുത്തു. പത്തനാപുരത്ത് വരാൻ പറ്റില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. മാനസികമായി ഏറെ വേദനയുണ്ടാക്കിയതാണ് അദ്ദേഹത്തിന്റെ പ്രതികരണം. താഴേത്തട്ടിൽ ഇറങ്ങി പ്രവർത്തിച്ചാലേ പച്ചപിടിക്കാൻ ബിജെപിക്കാവൂ.
സിപിഎമ്മാണ് കേരളത്തിൽ ആ നിലയിൽ പ്രവർത്തിക്കുന്നത്. 13000 വോട്ട് തനിക്ക് പിടിക്കാനായി. മുൻപ് 2000 വോട്ട് മാത്രമാണ് അവിടെ കിട്ടിയിരുന്നതെന്നും ഭീമൻ രഘു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.