മുണ്ടക്കയം : കോരുത്തോട് ഗ്രാമപഞ്ചായത്തിലെ വനമേഖലയും, ആദിവാസി മേഖലയുമായ കൊമ്പുകുത്തി പ്രദേശത്തെ 400 ലധികം കുടുംബങ്ങളും, പ്രദേശത്തുള്ള കോട്ടയം ജില്ലയിലെ ഏക ട്രൈബൽ ഹൈസ്കൂൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും-
അനുഭവിച്ചു വന്നിരുന്ന കാലങ്ങളായുള്ള വൈദ്യുത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമേകികൊണ്ട് 45 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ ട്രാൻസ്ഫോമർ,11 കെവി ലൈൻ, ഭൂഗർഭ കേബിൾ എന്നിവ സ്ഥാപിച്ച് പ്രശ്നം ശാശ്വതമായി പരിഹരിക്കുകയാണെന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കൽ അറിയിച്ചു.
കൊമ്പുകുത്തി ഗ്രാമം സ്ഥിതിചെയ്യുന്നത് നാലുവശവും വനത്താൽ ചുറ്റപ്പെട്ടാണ്. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പട്ടികവർഗ്ഗ സങ്കേതവും കൊമ്പുകുത്തിയാണ്.വനത്തിലൂടെയുള്ള റോഡിലൂടെ സഞ്ചരിച്ചു മാത്രമേ ഗ്രാമവാസികൾക്ക് ബാഹ്യലോകവുമായി ബന്ധപ്പെടുന്നതിന് കഴിയുകയുള്ളൂ. വനത്തിലൂടെ ലൈൻ വലിച്ചായിരുന്നു നാളിതുവരെ കൊമ്പുകുത്തിയിൽ വൈദ്യുതി എത്തിയിരുന്നത്.
അതുകൊണ്ടുതന്നെ നിരന്തരമായി വോൾട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സവും മൂലവും പ്രദേശവാസികൾ ഏറെ ദുരിതമനുഭവിച്ചിരുന്നു. പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുകയും ഒരു കിലോമീറ്ററിധികം ദൂരം 11 കെ. വി ലൈൻ വലിക്കുകയും തുടർന്ന് വന മേഖലയിലൂടെ ഒരു കിലോമീറ്ററും 700 മീറ്ററും ദൂരം ഭൂഗർഭ കേബിളും സ്ഥാപിച്ചതോടുകൂടി പ്രദേശവാസികൾക്ക് ഇടതടവില്ലാതെ സുസ്ഥിര വൈദ്യുതി ഉറപ്പുവരുത്താൻ കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ വൈദ്യുതി മേഖലയിൽ പുതിയ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി പുതിയ ലൈനുകൾ സ്ഥാപിക്കൽ, ഭൂഗർഭ കേബിളുകൾ സ്ഥാപിക്കൽ, ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കൽ എന്നിവ വിവിധ പ്രദേശങ്ങളിൽ നടന്നുവരുന്നുണ്ട്.
തിടനാട് പഞ്ചായത്തിലെ പിണ്ണക്കനാട് പുതിയ 33 കെ.വി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുപ്പ് നടപടികൾ നടന്നുവരുന്നു. എരുമേലി ഗ്രാമപഞ്ചായത്തിലെ കണമലയിലും പുതിയ സബ്സ്റ്റേഷൻ സ്ഥാപിക്കുന്നത് പരിഗണനയിലാണ്.
തീക്കോയി ഗ്രാമപഞ്ചായത്തിലെ മാർമലയിൽ 70 മെഗാ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പുതിയ ഹൈഡ്രോ ഇലക്ട്രിക്കൽ പ്രോജക്ട് സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിച്ചു വരികയാണെന്ന് അദ്ദേഹം കൂട്ടിചേർത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.