തിരുവനന്തപുരം:ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ പൊലീസ് സേനയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. നികുതിപ്പണത്തിൽ നിന്ന് ശമ്പളം നൽകി സേനയെ സൃഷ്ടിച്ചത് ഫേസ്ബുക്കിൽ മാപ്പെഴുതാനല്ലെന്ന് വി.മുരളീധരൻ പറഞ്ഞു.
പട്ടാപ്പകൽ നഗരമധ്യത്തിൽ ബലാൽസംഗക്കൊല സംഭവിക്കുന്നത് ആരുടെ വീഴ്ചയെന്നതിൽ അന്വേഷണം വേണം. ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കുറ്റകൃത്യം നടന്ന ശേഷം പ്രതിയെ പിടിച്ചെന്ന് വീമ്പ് പറയുന്നതല്ല വേണ്ടതെന്നും ജനത്തിന് സുരക്ഷ ഒരുക്കാനാകണമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.പ്രതിയെപ്പറ്റി പ്രദേശവാസികൾക്ക് പരാതിയുണ്ടായിരുന്നു. മാർക്കറ്റിന് സമീപം സാമൂഹൃവിരുദ്ധരുടെ ഓപ്പൺബാർ പ്രവർത്തിക്കുന്നതായി പരാതിയുണ്ടായിരുന്നു. എല്ലാം അവഗണിച്ച പൊലീസ്, പെൺകുട്ടി കാണാതായി എന്നറിഞ്ഞിട്ടും നിഷ്ക്രിയമായി തുടർന്നു. പ്രതി ഒരു ദിവസമാകെ പൊലീസിനെ കബളിപ്പിക്കുന്നതും നമ്മൾ കണ്ടെന്നും വി.മുരളീധരൻ പറഞ്ഞു.
അതിക്രമങ്ങൾ ആവർത്തിക്കുമ്പോഴും പൊലീസിന് എന്താണ് ചെയ്യേണ്ടതെന്ന് അറിയുന്നില്ലെങ്കിൽ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നവർക്ക് വേണ്ട നിർദേശം നൽകാനാകണം. ഭരണനേതൃത്വം ഇക്കാര്യങ്ങളെ ഇനിയെങ്കിലും ഗൌരവമായി കാണണമെന്നും മന്ത്രി പ്രതികരിച്ചു.
അതിഥികളെന്ന് വിളിക്കുന്നതെല്ലാം നല്ലതാണ്. എന്നാൽ ആരെല്ലാമാണ് അതിഥികളെന്ന് മുഖ്യമന്ത്രിക്കും കൂട്ടർക്കും ധാരണവേണം. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം വർധിക്കുകയാണ്.
തൊഴിലാളികളുടെ ഡാറ്റ ബാങ്ക് അധികൃതരുടെ കയ്യിലുണ്ടോയെന്നും ക്യാമ്പുകളിൽ പരിശോധന നടക്കാറുണ്ടോ എന്നും വി.മുരളീധരൻ ചോദിച്ചു. സർക്കാരിന്‍റെ കഴിവില്ലായ്മയ്ക്ക് ജനം ജീവൻ കൊടുക്കേണ്ട അവസ്ഥയെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.