കോട്ടയം:തന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ശിക്ഷാ വിധിയെകുറിച്ചു പറയാന്‍ താന്‍ ആളല്ലെന്ന് പ്രൊഫസര്‍ ടി.ജെ. ജോസഫ്. സാക്ഷി പറയുക എന്നതായിരുന്നു തന്റെ ഉത്തരവാദിത്വം.അത് താൻ നിര്‍വഹിച്ചു.
പ്രതികള്‍ക്ക് ഏതു ശിക്ഷ കിട്ടിയാലും തന്നെ ബാധിക്കുന്ന കാര്യമല്ല.വിധിയെകുറിച്ച് കൂടുതലൊന്നും പറയാനില്ലന്ന് അദ്ദേഹം പറഞ്ഞു.തന്നെ ഉപദ്രവിച്ചവർ ഉപകരണങ്ങൾ മാത്രമാണ് തീരുമാനമെടുത്തവർ ഇപ്പോഴും കാണാമറയത്താണെന്നും അദ്ദേഹം പറഞ്ഞു.പ്രതികള്‍ക്കു നല്കിയ ശിക്ഷ കൂടിയോ കുറഞ്ഞോ എന്നതെല്ലാം ചര്‍ച്ച ചെയ്യേണ്ടത് നിയമപണ്ഡിതന്മാരാണ്. വിധിയറിഞ്ഞതില്‍ പ്രത്യേകിച്ച് വികാരഭേദങ്ങളൊന്നുമില്ല. ഈ ശിക്ഷാവിധിയോടെ ഇവിടെ തീവ്രവാദം കുറയുമോ കൂടുമോ എന്നതിലൊന്നും അഭിപ്രായം പറയുന്നില്ല. അതെല്ലാം രാഷ്ട്രീയ നിരീക്ഷകര്‍ക്ക് വിടുന്നു. വിധിയില്‍ പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ല.
മുഖ്യപ്രതി ഇപ്പോഴും പിടിയിലാവാത്തത് അന്വേഷണോദ്യോഗസ്ഥരുടെ പരാജയമോ അല്ലെങ്കില്‍ പ്രതിയുടെ സാമര്‍ഥ്യമോ കൊണ്ടാകാം. അല്ലെങ്കില്‍ പ്രതിയെ സംരക്ഷിക്കുന്നവര്‍ വലിയ സാമര്‍ഥ്യമുള്ളവരുമാവാമെന്നും അദ്ദേഹം പറഞ്ഞു.
ചിലയാളുകളുടെ പ്രാകൃതമായ വിശ്വാസസംഹിതയുടെ പേരില്‍ താന്‍ ആക്രമിക്കപ്പെട്ടു. അതിന്റെ പേരില്‍ തനിക്ക് ലഭിക്കാനുള്ള വേദനകളും ദുരിതങ്ങളുമൊക്കെ ലഭിച്ചുകഴിഞ്ഞു. അതേ ചുറ്റിപ്പറ്റി ഇനി ആരെയെങ്കിലും ശിക്ഷിക്കുകയോ മറ്റു രീതിയില്‍ കഷ്ടപ്പെടുത്തുകയോ ചെയ്യുന്നതില്‍ തനിക്ക് താത്പര്യമില്ല. എല്ലാ മനുഷ്യരും നല്ലവരായിട്ടും സുഖമായിട്ടും ജീവിക്കാനുള്ള ഒരു ഭൂമിയാണിത്.
അങ്ങനെയുള്ള ഭൂമിയില്‍ പ്രാചീനമായ വിശ്വാസസംഹിതകളൊക്കെ ഏറ്റുപാടിക്കൊണ്ട് ഒരു വിഭാഗം നടന്നതിന്റെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമാണ് ഞാനടക്കം ഇപ്പോള്‍ അനുഭവിക്കുന്നത്. അത്തരം അന്ധവിശ്വാസങ്ങളൊക്കെ മാറിയുള്ള ഒരു ലോകമാണുണ്ടാവേണ്ടത്. ശാസ്ത്രാവബോധം ഉള്‍ക്കൊണ്ട് മാനവികതയില്‍ പുലരുന്ന വിശ്വപൗരന്മാരായി മനുഷ്യരെല്ലാം മാറുന്ന ഒരു ലോകം.
സമത്വ സുന്ദരവും ജാതീയ വിഭാഗീയതകളില്ലാത്തതുമായ, എല്ലാ മനുഷ്യരും ഒന്നാകുന്ന ഒരാധുനിയ യുഗം ഉണ്ടാവുക എന്നതാണ് തന്റെ സ്വപ്നം. പരസ്പരം കൊല്ലുകയും പ്രതികാര നടപടികളിലൂടെ മനസ്സിനെ രസിപ്പിക്കുകയും ചെയ്യുന്ന മനോഭാവത്തില്‍നിന്നെല്ലാം മാറിച്ചിന്തിക്കാന്‍ തുടങ്ങി. മറ്റുള്ളവരുടെ സന്തോഷവും ദുഃഖവുമെല്ലാം നമ്മുടേതുകൂടിയാവുന്ന ഒരു മനോഭാവമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ നല്ലതെന്തോ പ്രവൃത്തി ചെയ്തെന്ന് പ്രതികള്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടാവാം. ആ തരത്തിലാണ് അവരുടെ വിശ്വാസപ്രമാണങ്ങള്‍ അവരെ നയിക്കുന്നത്. അത്തരം അബദ്ധജടിലമായ വിശ്വാസപ്രമാണങ്ങളാണ് ഭൂമുഖത്തുനിന്ന് തുടച്ചുനീക്കേണ്ടത്. ലോകത്തുനിന്ന് മതങ്ങളുടേതായ പ്രാചീന വിശ്വാസപ്രമാണങ്ങളെല്ലാം നീങ്ങി ഒരാധുനിക ലോകം സൃഷ്ടിക്കണം. അതിന് നാമാദ്യം ആധുനിക പൗരന്മാരാവണം.
നമ്മുടെ വാക്കും പ്രവൃത്തിയും അതിനാവട്ടെ. രാജ്യത്ത് പൗരന് സ്വതന്ത്രമായി വിഹരിക്കാന്‍ പറ്റില്ല എന്നതിന്റെ തെളിവാണ് തനിക്ക് ഇപ്പോഴുമുള്ള പോലീസ് സുരക്ഷ. തനിക്ക് നഷ്ടപരിഹാരം തരേണ്ടതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. അത് പ്രതികളില്‍നിന്ന് സ്വരൂപിച്ചതാണെങ്കിലും സ്വീകരിക്കും. ആക്രമിച്ചവരോട് ഉള്ളതിനെക്കാളേറെ വേദനയുണ്ടാക്കിയത് അന്ന് തന്നെ പിരിച്ചുവിട്ടവരോടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.